24,800 കോടി ദിര്‍ഹത്തിന്‍െറ പഞ്ചവല്‍സര ബജറ്റ് അംഗീകരിച്ചു
text_fieldsഅബൂദബി: അടുത്ത അഞ്ച് വര്‍ഷത്തേക്ക് 24,800 കോടി ദിര്‍ഹത്തിന്‍െറ ബജറ്റിന് യു.എ.ഇ മന്ത്രിസഭ ഞായറാഴ്ച അംഗീകാരം നല്‍കി. 2017 മുതല്‍ 2021 വരെയുള്ള കാലയളവിലേക്കാണ് ബജറ്റ്. ഇതില്‍ 4,870 കോടി ദിര്‍ഹം 2017ലേക്ക് മാത്രമായി നീക്കിവെച്ചു.
അഞ്ച് വര്‍ഷത്തേക്കുള്ള ബജറ്റ് തയാറാക്കുന്ന ആദ്യ അറബ് രാജ്യമാണ് യു.എ.ഇ. സാമൂഹിക സേവനം പരിഷ്കരിക്കല്‍, സര്‍ക്കാറിന്‍െറ സ്മാര്‍ട് സേവനങ്ങളുടെ നവീകരണം തുടങ്ങിയ കാര്യങ്ങള്‍ക്കായി ഓരോ അഞ്ച് വര്‍ഷത്തിലും ബജറ്റ് തയാറാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ്. ജനങ്ങളുടെ ക്ഷേമം, സമൃദ്ധി, സന്തോഷം, സുരക്ഷ എന്നിവ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവും പഞ്ചവല്‍സര ബജറ്റ് അവതരണത്തിനുണ്ട്.
2017ലെ ബജറ്റില്‍ സാമൂഹിക സേവനത്തിനാണ് ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയത്. 2017ലെ മൊത്തം ബജറ്റ് തുകയായ 4,870 കോടി ദിര്‍ഹത്തിന്‍െറ പകുതിയിലധികം ഈയിനത്തിലേക്കാണ് മാറ്റിവെച്ചത്. മൊത്തം 2520 കോടി ദിര്‍ഹമാണ് സാമൂഹിക സേവനത്തിന് വകയിരുത്തിയത്. പെതു-ഉന്നത വിദ്യാഭ്യാസം (1020 കോടി ദിര്‍ഹം), ആരോഗ്യ സംരക്ഷണവും സാമൂഹിക സംരക്ഷണവും (420 കോടി), പെന്‍ഷന്‍ (400 കോടി), സാമൂഹിക വികസനം (320 കോടി), ഭവനനിര്‍മാണം (160 കോടി) എന്നിങ്ങനെയാണ് സാമൂഹിക സേവനത്തിനുള്ള തുകയുടെ ഇനം തിരിച്ചുള്ള കണക്ക്.
സാമ്പത്തികകാര്യങ്ങളുടെ നടത്തിപ്പ്, ജനങ്ങള്‍ക്ക് മികവുറ്റ സേവനം ലഭ്യമാക്കല്‍, അവരുടെ സുരക്ഷ ഉറപ്പുവരുത്തി യു.എ.ഇ നേതൃത്വത്തിന്‍െറ കാഴ്ചപ്പാടുകള്‍ സഫലീകരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍കാര്യ മേഖലയിലേക്ക് മൊത്തം ബജറ്റിന്‍െറ 42 ശതമാനം (2,070 കോടി ദിര്‍ഹം) വകയിരുത്തി. 330 കോടി ദിര്‍ഹം ഫെഡറല്‍ പദ്ധതികള്‍ക്കും 89.1 കോടി ദിര്‍ഹം ഫെഡറല്‍ മന്ത്രാലയങ്ങളുടെ പദ്ധതികള്‍ക്കും 77.1 കോടി ജല-വൈദ്യുതി പദ്ധതികള്‍ക്കും നീക്കിവെച്ചു.
ശൈഖ് സായിദ് ഭവനപദ്ധതിക്ക്140 കോടിയും വിദ്യാഭ്യാസ മന്ത്രാലയ പദ്ധതികള്‍ക്ക് 13.5 കോടിയും വകയിരുത്തി. പൊലീസ്-സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍, പൗരത്വ-താമസ വകുപ്പിന്‍െറ ആസ്ഥാനം, ശാസ്ത്ര ലബോറട്ടറികള്‍ എന്നിവയുടെ നിര്‍മാണത്തിന് 21.5 കോടി നല്‍കും. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സാമ്പത്തിക നവീകരണ ഫണ്ടിലൂടെ സര്‍ക്കാര്‍ നവീകരണത്തിന് പിന്തുണയേകാന്‍ 200 കോടി ദിര്‍ഹവും നീക്കിവെച്ചു.
നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങള്‍ നടത്താനും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ പരിശീലനത്തില്‍ യു.എ.ഇ ബഹിരാകാശ ഏജന്‍സിയെയും ദേശീയ വ്യോമയാന-ബഹിരാകാശ സമിതിയെയും പങ്കെടുപ്പിക്കാനും മന്ത്രിസഭയില്‍ തീരുമാനമായി.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തുടങ്ങിയവരും പങ്കെടുത്തു.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫയുടെ നേതൃത്വത്തിലുള്ള ഫെഡറല്‍ സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ സന്തോഷിപ്പിക്കുന്ന നേട്ടങ്ങള്‍ തുടരുകയാണെന്നും സുരക്ഷയും മികച്ച ജീവിതവും അവര്‍ക്ക് ഉറപ്പാക്കുന്നുവെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രസ്താവിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം തുടങ്ങി യു.എ.ഇ പൗരന്മാരുടെയും രാജ്യത്തെ താമസക്കാരുടെയും ഉന്നതമായ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടിയായിരിക്കും സാമ്പത്തിക സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുക. സാമ്പത്തിക സ്രോതസ്സുകള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ വിപുലപ്പെടുത്തിക്കൊണ്ട് ഭാവി സര്‍ക്കാറിന്‍െറ കാഴ്ചപ്പാടുകള്‍ എല്ലാ അര്‍ഥത്തിലും സഫലീകരിക്കുകയും വിവിധ മേഖലകളില്‍ ലോകത്തെ മികച്ച സര്‍ക്കാറുകളിലൊന്നായി യു.എ.ഇ സര്‍ക്കാറിനെ വാര്‍ത്തെടുക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
