അബൂദബി സര്‍ക്കാര്‍ വെല്ലുവിളികളെ അതിജീവിക്കും -ശൈഖ് മുഹമ്മദ് ബിന്‍ സായിദ്
text_fieldsഅബൂദബി: ആഗോള എണ്ണവിലയിലെ അസ്ഥിരത കാരണമായുള്ള സാമ്പത്തിക വ്യതിയാനത്തെ അതിജീവിച്ച് അബൂദബി സര്‍ക്കാര്‍ പുരോഗതിയിലേക്കും വികസനത്തിലേക്കും പ്രയാണം നടത്തുമെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍. അബൂദബി സര്‍ക്കാറിന്‍െറ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് അല്‍ ബഹ്ര്‍ കൊട്ടാരത്തില്‍ മുന്‍കാല നേതാക്കളുടെയും നിലവിലെ നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഗ്ദാനം ചെയ്യപ്പെട്ട വികസനം, ദ്രുതഗതിയിലുള്ള സാമൂഹിക മാറ്റങ്ങള്‍, എണ്ണവിലയിലെ ചാഞ്ചാട്ടം കാരണമായുള്ള സാമ്പത്തിക വ്യതിയാനം തുടങ്ങിയവയെല്ലാം ചേര്‍ന്ന് വലിയ ഉത്തരവാദിത്തമാണ് അബൂദബി സര്‍ക്കാറിന്‍െറ മേല്‍ ഇപ്പോഴുള്ളത്. എന്നിരുന്നാലും ലക്ഷ്യങ്ങള്‍ നിറവേറുമെന്ന് സര്‍ക്കാറിന് ആത്മവിശ്വാസമുണ്ട്. യു.എ.ഇ അതിന്‍െറ സംഘടന-ഭരണനിര്‍വഹണ സ്ഥാപനങ്ങളെയൊക്കെ യു.എ.ഇ പൗരന്മാരെ സേവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയോഗിച്ചിട്ടുള്ളത്.
രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ നേട്ടങ്ങള്‍ നാം ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോവുകയാണ്. മികച്ച ഭരണനിര്‍വഹണത്തിന്‍െറ നിലവിലുള്ള തത്വങ്ങ ളും ദീര്‍ഘവീക്ഷ്ണമുള്ള നടപടികളും അവതരിപ്പിച്ചത് അദ്ദേഹമാണ്. ആ കാഴ്ചപ്പാടുകളുടെയും നേട്ടങ്ങളുടെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു.
ഗുണനിലവാരമുള്ള സേവനം ലഭ്യമാക്കുന്നതിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നതിലും അബൂദബി സര്‍ക്കാര്‍ ഇിടതടവില്ലാതെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്ന് പടിഞ്ഞാറന്‍ മേഖലാ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രസ്താവനയില്‍ പറഞ്ഞു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തുടങ്ങിയവരെ അദ്ദേഹം അഭിനന്ദിച്ചു.
അല്‍ ബഹ്ര്‍ കൊട്ടാരത്തില്‍ നടന്ന യോഗത്തില്‍ കിഴക്കന്‍ മേഖലാ പ്രതിനിധി ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് ആല്‍ നഹ്യാന്‍, അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ശൈഖ് ഈസ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ ചാരിറ്റബ്ള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഡന്‍ ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് നഹ്യാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യു.എ.ഇ പ്രസിഡന്‍റിന്‍െറ ഉപദേഷ്ടാവ് ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ ആല്‍ നഹ്യാന്‍, സാംസ്കാരിക-വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ തുടങ്ങിയവരും പങ്കെടുത്തു.