ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ ഓണ്‍ലൈനാകുന്നു
text_fieldsദുബൈ: ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്ന നടപടി ഓണ്‍ലൈന്‍ വഴിയാക്കുന്നു. നവംബര്‍ 27 ന് ശേഷം ആര്‍.ടി.എയുടെ ഉപഭോക്തൃ സേവന കൗണ്ടറുകളില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കി നല്‍കില്ല. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് ഈ ജോലികള്‍ മാറുമെന്ന് അതോറിറ്റി അറിയിച്ചു. ഘട്ടംഘട്ടമായാണ് ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ ഓണ്‍ലൈനിലേക്ക് മാറുന്നത്.
21 വയസിന് താഴെയുള്ളവരുടെ ലൈസന്‍സ് പുതുക്കുന്ന ജോലികള്‍ ഈമാസം 16 മുതല്‍ ഓണ്‍ലൈനാകും. നഷ്ടപ്പെട്ട ലൈസന്‍സ് വീണ്ടെടുക്കലും, കേടുപറ്റിയ ലൈസന്‍സ് മാറ്റിയെടുക്കലും ഈമാസം 30 മുതല്‍ പൂര്‍ണമായി ഓണ്‍ലൈനാകും. ഡ്രൈവിങ് മേഖലയില്‍ പ്രവര്‍ത്തന പരിചയം തെളിയിക്കുന്ന എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷ സ്വീകരിക്കുന്നത് നവംബര്‍ 13 മുതലാണ് മുഴുവനായും ഓണ്‍ലൈനിലേക്ക് മാറ്റുക.
നവംബര്‍ 27 മുതല്‍ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ നടപടികളും ഇതിലേക്ക് മാറും. ആര്‍ ടി എയുടെ സ്മാര്‍ട്ട് ആപ്പ്, സ്മാര്‍ട്ട് കിയോസ്ക്, കോള്‍ സെന്‍റര്‍ എന്നിവ മുഖേന ഈ നടപടികള്‍ പൂര്‍ത്തിയാക്കാനാകും.
ഇതിന് പുറമെ അംഗീകൃത കണ്ണ് പരിശോധനാ കേന്ദ്രങ്ങളിലും ലൈസന്‍സ് പുതുക്കാന്‍ സൗകര്യമുണ്ടാകും. ആര്‍.ടി.എയുടെ ഇലക്ട്രോണിക് സേവനങ്ങളില്‍ നേരത്തേ ഇവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലെ തിരക്ക് കുറക്കുന്ന നടപടികളുടെ ഭാഗമായി ഇവ പൂര്‍ണമായും ഇലക്രേ്ടാണിക് ചാനലുകള്‍ വഴിയാക്കാനാണ് തീരുമാനമെന്ന് ആര്‍.ടി. എ ലൈസന്‍സിങ് ഏജന്‍സി സി ഇ ഒ അഹമ്മദ് ഹാഷിം ബഹ്റൂസിയാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.