അറേബ്യന്‍ സംസ്കാരത്തിന്‍െറ പ്രൗഢി പ്രദര്‍ശിപ്പിച്ച് അഡിഹെക്സിന് തുടക്കം
text_fieldsഅബൂദബി: അറേബ്യന്‍ സംസ്കാരത്തിന്‍െറ മഹാ രഥമുരുണ്ട ഇടങ്ങളിലെല്ലാം കുതിരക്കുളമ്പടികളും പ്രാപ്പിടിയന്‍ പക്ഷികളുടെ ചിറകടിയുമുയര്‍ന്നിട്ടുണ്ട്. വാണിജ്യസംഘങ്ങളുടെ, യാത്രക്കൂട്ടങ്ങളുടെ, പടയണികളുടെ മുന്‍പന്തിയില്‍ കുതിരകള്‍ അണിനിരന്നപ്പോള്‍ വേട്ടസംഘങ്ങളുടെ കണ്ണായി പ്രാപ്പിടിയന്‍ പക്ഷികള്‍ ആകാശത്ത് വട്ടമിട്ട് പറന്നു. യന്ത്രവത്കരണത്തിന്‍െറ പ്രയാണത്തില്‍ കുതിരകളുടെയും പ്രാപ്പിടിയന്‍ പക്ഷികളുടെയും ചുമതലകള്‍ ചുരുങ്ങിവന്നെങ്കിലും മുന്‍കാല പ്രതാപത്തിന്‍െറ ജീനി അഴിയാതെ കുതിരകളും തൂവല്‍ പൊഴിയാതെ പ്രാപ്പിടിയന്‍ പക്ഷികളും അറേബ്യന്‍ സംസ്കാരത്തില്‍ സജീവമായി ഇന്നും നിലനില്‍ക്കുന്നതിന്‍െറ പ്രഖ്യാപനമാണ് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വിസ്ട്രിയന്‍ പ്രദര്‍ശനം.
കുതിരക്കമ്പക്കാര്‍ക്കും പ്രാപ്പിടിയന്‍ പക്ഷിപ്രേമികള്‍ക്കും പുറമെ സഞ്ചാരപ്രിയരെയും സ്വാഗതം ചെയ്തുകൊണ്ടാണ് പതിനാലാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വിസ്ട്രിയന്‍ പ്രദര്‍ശനം (അഡിഹെക്സ്) നടക്കുന്നത്. അബൂദബി ദേശീയ പ്രദര്‍ശന കേന്ദ്രത്തില്‍ (അഡ്നെക്) 40,000 ചതുരശ്ര മീറ്ററിലൊരുക്കിയ പ്രദര്‍ശനം കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേരെയാണ് ആകര്‍ഷിക്കുന്നത്. പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേനയാണ്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കൂടെ രക്ഷിതാക്കള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പ്രദര്‍ശനം ശനിയാഴ്ച വരെ നീണ്ടുനില്‍ക്കും.

അബൂദബി വിനോദസഞ്ചാര-സാംസ്കാരിക അതോറിറ്റി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ കുതിരയോട്ട മത്സരങ്ങള്‍ക്കുള്ള സാമഗ്രികളും വിവിധ വേട്ടയുപകരണങ്ങളും ലക്ഷങ്ങള്‍ വിലമതിക്കുന്ന പ്രാപ്പിടിയന്‍ പക്ഷികളും വില്‍പനക്കും പ്രദര്‍ശനത്തിനുമായി ഒരുക്കിയിരിക്കുന്നു. ക്യാമ്പിങ് ടെന്‍റുകള്‍ ഉള്‍പ്പെടെ കാടുകളിലേക്കും മരുഭൂമികളിലേക്കും യാത്ര ചെയ്യുന്നവര്‍ക്കുള്ള വ്യത്യസ്ത ഉല്‍പന്നങ്ങളും പ്രദര്‍ശനത്തിലുണ്ട്.
ആനക്കൊമ്പുകളും മാന്‍തോലുകളും ഇവ ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങളും പല രാജ്യങ്ങളില്‍നിന്നായി എത്തിയിട്ടുണ്ട്. ചെറുതും വലുതുമായി അനവധി തോക്കുകള്‍, ബൈനോക്കുലറുകള്‍ തുടങ്ങിയവ വേട്ട ഇഷ്ടപ്പെടുന്നവരെ ആകര്‍ഷിക്കും.
ആകര്‍ഷണീയമായ പെയിന്‍റിങ്ങുകളുമായി ചിത്രകാരന്മാരും സ്റ്റാളുകളൊരുക്കിയിട്ടുണ്ട്. കരകൗശല വസ്തുക്കളും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. യു.എ.ഇ സംസ്കാരവും പാരമ്പര്യവും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കുന്ന ശില്‍പശാലകളും പ്രദര്‍ശനത്തിന്‍െറ പ്രത്യേകതയാണ്. അബൂദബി പരിസ്ഥിതി ഏജന്‍സി, അബൂദബി അശ്വ പൊലീസ് എന്നിവയുടെ സ്റ്റാളുകളും പ്രദര്‍ശനത്തില്‍ സജീവമാണ്്.
‘മഹത്തായ അശ്വാരൂഡരുള്ളിടത്ത് കുതിരകളുടെ മന്ത്രണം കേള്‍ക്കാം’ എന്ന മുദ്രാവാക്യം മുഴക്കുന്ന ദാബിയന്‍ ഇക്വിസ്ട്രിയന്‍ ക്ളബിന്‍െറ കുതിരസവാരിയും കുതിരച്ചമയങ്ങളുമായിരുന്നു പ്രദര്‍ശനത്തിലെ മറ്റൊരു ആകര്‍ഷണം. സ്വാഭാവിക അശ്വവിദ്യകളും കുതിരച്ചാട്ട പ്രദര്‍ശനങ്ങളും ക്ളബ് അവതരിപ്പിച്ചു. എമിറേറ്റ്സ് അറേബ്യന്‍ അശ്വ സൊസൈറ്റിയുടെ കുതിരനിര്‍ണയ വിദ്യാഭ്യാസ സെഷന്‍ കുതിരകളെ കുറിച്ചുള്ള വിവരങ്ങള്‍ പകര്‍ന്നുനല്‍കി.
40 രാജ്യങ്ങളില്‍നിന്നുള്ള 650 കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ഓരോ വര്‍ഷവും വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് സന്ദര്‍ശകരാണ് പ്രദര്‍ശനത്തിന് എത്തുന്നത്. പ്രദര്‍ശനം ആരംഭിച്ച 2003 മുതല്‍ 12,200,000ലധികം പേര്‍ മേള സന്ദര്‍ശിച്ചിട്ടുണ്ട്. ഇത്തവണത്തെ പ്രദര്‍ശനത്തിന് ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് സംഘാടകര്‍ പതീക്ഷിക്കുന്നത്. അബൂദബി സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാനും സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ ചാരിറ്റബ്ള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് നഹ്യാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
