ഇവിടെ ഏവരും തുല്യര്‍, നിയമത്തിന് അതീതരല്ലയാരും–ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം
text_fieldsദുബൈ: അഭിമാനം പകരുന്നത് കെട്ടിടങ്ങളുടെ ഉയരമോ നഗരവീഥികളുടെ വീതിയോ വാണിജ്യശാലകളുടെ വലിപ്പമോ അല്ളെന്നും മറിച്ച് നമ്മുടെ രാഷ്ട്രത്തിന്‍െറ സഹിഷ്ണുതയും തുറന്ന മനസുമാണെന്നും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. ലോക സഹിഷ്ണുതാ ദിനത്തിനു മുന്നോടിയായി ജനങ്ങളെ, വിശിഷ്യാ യുവജനങ്ങളെ സംബോധന ചെയ്ത് പുറത്തിറക്കിയ സന്ദേശത്തിലാണ് സഹിഷ്ണുതയിലും സഹവര്‍ത്തിത്തിലുമൂന്നി വിവേചന രഹിതമായ രാഷ്ട്രത്തെ മുന്നോട്ടു നയിക്കാനായി പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തത്.
വ്യത്യസ്തതകളേതുമില്ലാതെ യഥാര്‍ഥ സ്നേഹവും സ്വീകാര്യതയും നല്‍കി ഏവരെയും തുല്യരായി കാണുന്നുവെന്ന യാഥാര്‍ഥ്യത്തില്‍ നിന്നാണ് യു.എ.ഇയുടെ അഭിമാനം നാമ്പെടുക്കുന്നത്. ജനങ്ങള്‍ സൗഹാര്‍ദപൂര്‍വം ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന ഇടം. ഭീകരതയും, അസഹിഷ്ണുതയും വിവേചനവും ഭയക്കേണ്ടാത്ത ഒരു നാളെയിലേക്ക് കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്ന നാട്.
പങ്കുവെക്കപ്പെടുന്ന എല്ലാ ചര്‍ച്ചകളെയും അഭിപ്രായങ്ങളെയും മാനിക്കുമ്പോഴും അവയെ അസഹിഷ്ണുതയായി വഴിമാറാന്‍ അനുവദിക്കില്ല. യു.എ.ഇയില്‍ ആരെയും ഭിന്നരായി നാം കാണുന്നില്ല. വംശീയമോ ദേശീയമോ ആയ വിവേചനം ഇവിടെയില്ല, എല്ലാ മനുഷ്യരെയൂം തുല്യരായി കാണുന്നു, ദൈവ സൃഷ്ടികളാണ് ഏവരും. സൂക്ഷ്മത പാലിച്ച് ജീവിക്കുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും മുന്‍ഗണനയോ മേന്‍മയോ കല്‍പ്പിക്കപ്പെടുന്നില്ല. നമ്മുടെ നിയമങ്ങളെയും ഭരണഘടനയെയും മാനിച്ച് രാഷ്ട്രത്തിനായി സംഭാവനയര്‍പ്പിക്കുക. ഒരാളും നിയമത്തിന് അതീതരല്ല. നീതിയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നു എന്നതാണ് യു.എ.ഇയുടെ മഹത്തായ നേട്ടം. ലോകം നമ്മെ ബഹുമാനിക്കുന്നതും അതിന്‍െറ പേരിലാണ്. രാജ്യത്തിന്‍െറ മാന്യത സംരക്ഷിക്കാനും സഹിഷ്ണുതയിലും സഹകരണത്തിലും അധിഷ്ഠിതമായ ഹൃദയബന്ധമുള്ള സമൂഹം കെട്ടിപ്പടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
യു.എ.ഇ സഹിഷ്ണുതയേറിയ രാജ്യം
ദുബൈ: ഗള്‍ഫ് മേഖലയിലെ ഏറ്റവും സഹിഷ്ണുതയേറിയ രാജ്യം യു.എ.ഇ. അന്തര്‍ദേശീയ സഹിഷ്ണുതാ ദിന(നവംബര്‍ 16) ത്തിന് മുന്നോടിയായി സ്വിറ്റ്സര്‍ലന്‍റിലെ ഇന്‍റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്‍റ് ഡവലപ്മെന്‍റ് പുറത്തിറക്കിയ സഹിഷ്ണുതാ സൂചികയിലാണ് രാജ്യത്തിന്‍െറ സഹവര്‍ത്തിത്വവും സമഭാവനയും അംഗീകരിക്കപ്പെട്ടത്.
ആഗോളതലത്തില്‍ മൂന്നാം സ്ഥാനമാണ് യു.എ.ഇക്ക്. തുറന്ന മനസോടെയുള്ള സാംസ്കാരിക വിനിമയത്തിനും വിവേചനമില്ലാത്ത മതസംവാദങ്ങള്‍ക്കും യു.എ.ഇ വഹിച്ച നേതൃപരമായ പങ്കാണ് ഈ നേട്ടം കൈവരിക്കാന്‍ വഴിയൊരുക്കിയതെന്ന് അന്തര്‍ദേശീയ സഹകരണ മന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശിമി അഭിപ്രായപ്പെട്ടു. മേഖലയിലും അന്താരാഷ്ട്രത തലത്തിലും അതിക്രമം, തീവ്രവാദം, വിദ്വേഷം എന്നിവ തടയുന്നതിനും യു.എ.ഇ ഏറെ ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. 200 രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങളാണ് പരസ്പര ബഹുമാനത്തോടെ ഇവിടെ കഴിയുന്നത്.
സമൂഹത്തിലെ ജനങ്ങള്‍ക്ക് സമത്വം പ്രധാനം ചെയ്യുന്നതിനൊപ്പം മതം, വംശം, നിറം തുടങ്ങിയ വിഷയങ്ങളുടെ പേരില്‍ വ്യക്തികളും സംഘടനകളും വിവേചനത്തിനിരയാവാത്ത സാഹചര്യവും രാഷ്ട്രം ഒരുക്കുന്നുണ്ട്.
ഈ നേട്ടത്തിലേക്ക് നയിച്ച രാഷ്ട്രനേതാക്കളെ അവര്‍ അഭിനന്ദനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
