യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ശമ്പളത്തോടെ മൂന്നുമാസത്തെ പ്രസവാവധി
text_fieldsദുബൈ: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ശമ്പളത്തോടെ മൂന്നുമാസത്തെ പ്രസവാവധി നല്‍കാന്‍ തീരുമാനം. നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് സ്ത്രീമുന്നേറ്റത്തിന് കൂടുതല്‍ കരുത്തു പകരുന്ന നടപടി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചത്. പുതിയ നിയമപ്രകാരം പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരികള്‍ക്ക് മൂന്നു മാസ പ്രസവാവധിക്കു പുറമെ കുഞ്ഞുങ്ങള്‍ക്ക് നാലു മാസം പ്രായമാവും വരെ മുലയൂട്ടുന്നതിനായി ദിവസവം രണ്ടു മണിക്കൂര്‍ ഇടവേളയും ലഭിക്കും. 2008ല്‍ തയ്യാറാക്കിയ 11ാം നിയമമനുസരിച്ച് നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ രണ്ടുമാസത്തെ പ്രസവാവധിയാണ് നല്‍കിവരുന്നത്.
ഈ നിയമത്തിന്‍െറ 51ാം ചട്ടം ഭേദഗതി ചെയ്താണ് 2016ലെ 17ാം ഫെഡറല്‍ നിയമം പുറപ്പെടുവിച്ചത്. ഒൗദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നാലുമാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരും. തൊഴിലെടുക്കുന്ന അമ്മമാര്‍ക്ക് അവരുടെ ഒൗദ്യോഗിക ജീവിതത്തിനും വ്യക്തിജീവിതത്തിനും ഗുണകരമാവുന്ന ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ദുബൈ വിമന്‍ എസ്റ്റാബ്ളിഷ്മെന്‍റ് അധ്യക്ഷ ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം പ്രതികരിച്ചു.
തൊഴില്‍ അന്തരീക്ഷം കൂടുതല്‍ സുഗമമാക്കുന്നതിന് നിയമങ്ങള്‍ പുനപരിശോധിക്കുമെന്ന് സര്‍ക്കാര്‍ ആഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് നിയോഗിച്ച യു.എ.ഇ ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ ശ്രദ്ധേയമായ സ്ത്രീപക്ഷ നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. വാര്‍പ്പുമാതൃകകളെ മാറ്റിമറിച്ച് സ്ത്രീകളെ മുന്‍നിരയിലേക്ക് നയിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് ശൈഖാ മനാല്‍ വ്യക്തമാക്കിയിരുന്നു.
ജീവനക്കാരുടെ മെഡിക്കല്‍ ലീവു ചട്ടത്തിലും മാറ്റമുണ്ട്. അംഗീകൃത ഡോക്ടറുടെ ശിപാര്‍ശ പ്രകാരം ഒരു അവധി അപേക്ഷയിന്‍മേല്‍ തുടര്‍ച്ചയായി അഞ്ചുദിവസത്തെ അവധിയാണ് ലഭിക്കുക. വര്‍ഷത്തില്‍ പരമാവധി ലഭിക്കുക 15 മെഡിക്കല്‍ ലീവുകളാണ്.
15 ദിവസത്തിലധികം അവധി ആവശ്യമായി വരികയാണെങ്കില്‍ അപേക്ഷക്ക് ആരോഗ്യവിഭാഗം ചുമതലപ്പെടുത്തുന്ന മെഡിക്കല്‍ കമ്മിറ്റിയുടെ അംഗീകാരം വേണം. കുടുംബാങ്ങളുടെ മരണം സംഭവിച്ചാല്‍ ശമ്പളത്തോടെ അഞ്ചു ദിവസത്തേയും ഉറ്റബന്ധുക്കളുടെ മരണത്തിന് മൂന്നു ദിവസത്തേയും അവധി നല്‍കും.