സോഷ്യൽ മീഡിയയിൽ പ്രതീക്ഷയില്ല- മുകുന്ദന്‍
text_fieldsഷാര്‍ജ: മലയാളത്തിലെ പുതിയ എഴുത്തുകാരുടെ കൃതികള്‍ ജനകീയമാകുന്നില്ളെന്ന് എം. മുകുന്ദന്‍. പുതിയ നല്ല എഴുത്തുകാരുണ്ടെങ്കിലും എഴുത്ത് സാധാരണ ജനങ്ങളുടെ തലത്തിലേക്ക് പോകുന്നില്ല. തകഴിയുടെയും ബഷീറിന്‍െറയുമെല്ലാം കൃതികള്‍ സമൂഹത്തിലെ എല്ലാവരും വായിച്ചിരുന്നു. പുസ്തകം വാങ്ങാന്‍ സാധിക്കാത്ത താഴെ തട്ടിലുള്ള തൊഴിലാളികള്‍ വരെ വായനശാലകളിലുടെയും പുസ്തകങ്ങള്‍ കൈമാറിയും വായിച്ചിരുന്നു. ഇന്ന് ഓരോ എഴുത്തുകാര്‍ക്കും ഓരോ വിഭാഗം വായനക്കാരാണുള്ളത്. ആഗോള പ്രവണതയാണത്. പണ്ട് രണ്ടോ മൂന്നോ വലിയ എഴുത്തുകാരും കുറേ വായനക്കാരും എന്നത് മാറി കുറേ ചെറിയ എഴുത്തുകാരും കുറച്ച് വായനക്കാരും എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ മാറുന്നത്.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ‘മയ്യഴിയുടെ കഥാകാരന്‍’ എന്ന ശീര്‍ഷകത്തില്‍ സദസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമകാലിക വിഷയങ്ങളില്‍ എഴുത്തുകാര്‍ പ്രതികരിക്കണം. അതിന് നിലപാട് വേണം. ഏതെങ്കിലും പാര്‍ട്ടിയുടെ മുദ്ര വീഴുമോ എന്ന ഭയമാണ് പലരെയും പ്രതികരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. എഴുത്തുകാര്‍ നിലപാടെടുക്കുക തന്നെ വേണം. എഴുത്തു തന്നെ രാഷ്ട്രീയമാണ്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ട കാലമാണിത്. ഇടതുപക്ഷം എന്നതുകൊണ്ട് ഏതെങ്കിലും പ്രത്യേക പാര്‍ട്ടിയെയല്ല അര്‍ഥമാക്കുന്നത്. അത് മാനവികമായ ആശയമാണ്. പ്രകൃതി സംരക്ഷണവും ജല സംരക്ഷണവും സ്ത്രീ വിമോചനവുമെല്ലാം അതില്‍ ഉള്‍പ്പെടും. കോണ്‍ഗ്രസുകാരനും ഇടതുപക്ഷക്കാരനാകാം. നെഹ്റു അതിന് ഉദാഹരണമായിരുന്നു. ഇടതുപക്ഷത്തെ വിമര്‍ശിക്കാനും തള്ളാനും എളുപ്പമാണ്. പക്ഷെ അത് വിമോചനത്തിന്‍െറ പ്രത്യയശാസ്ത്രമാണെന്ന് ഓര്‍ക്കണം.
തന്‍െറ നിലപാടുകള്‍ ശരിയാണെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അതില്‍ പശ്ചാത്താപമൊന്നുമില്ല. ചില പതര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടാകും. പക്ഷെ തെറ്റിയിട്ടില്ല.
ഫാഷിസത്തിന് ഏറ്റവും വലിയ പ്രതിരോധം തീര്‍ക്കുന്നത് കേരളമാണ്. കല്‍ബുര്‍ഗിയും ബന്‍സാരയും കൊലചെയ്യപ്പെട്ടപ്പോള്‍ കേരളത്തിലെ കൊച്ചുഗ്രാമങ്ങളില്‍പോലും പ്രതിഷേധമുയര്‍ന്നു. കേരളം ഇന്ത്യയില്‍ ഇല്ലായിരുന്നെങ്കില്‍ രാജ്യം എത്രയോ നേരത്തെ ഫാഷിസത്തിന് കീഴിലാകുമായിരുന്നു.
കേരളത്തില്‍ എഴുത്തുകാര്‍ ആദരിക്കപ്പെടുന്നില്ല എന്ന സുഭാഷ്ചന്ദ്രന്‍െറ അഭിപ്രായത്തോട് യോജിപ്പില്ല. സിനിമാ താരങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ആ തോന്നല്‍ വരുന്നത്. സിനിമക്ക് ഒരു മാസ്മരികതയുണ്ട്. അത് എഴുത്തില്‍ പ്രതീക്ഷിക്കരുത്. എഴുത്തുകാര്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന സ്ഥലമാണ് കേരളം.
സോഷ്യല്‍ മീഡിയ അച്ചടി സാഹിത്യത്തിന് ഭീഷണിയല്ല. അച്ചടിച്ചുവന്ന കഥകളും നോവലുകളുമാണ് സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ മീഡിയയുടെ പ്രശ്നം അതിന് എഡിറ്റിങ് ഇല്ല എന്നതാണ്. ആര്‍ക്കും തോന്നിയത് എഴുതാം. തിരുത്താന്‍ ആളില്ല. ആള്‍ക്കൂട്ടത്തിന്‍െറ വേദിയാണത്. അതുകൊണ്ട് തന്നെ തനിക്ക് അതില്‍ പ്രതീക്ഷയില്ല.
മനസ്സില്‍ ഇപ്പോഴും കഥയും നോവലുമൊക്കെയുണ്ട്. മനസ്സില്‍ വളര്‍ച്ചയുടെ പലഘട്ടങ്ങളിലാണവ. കുട നന്നാക്കുന്ന ചോയി എന്ന നോവലിന്‍െറ രണ്ടാം ഭാഗം എഴുതണമെന്നുണ്ട്. എന്നാല്‍ എഴുത്തിലെ ഏറ്റവും വലിയ പ്രശ്നം ആദ്യത്തെ വാചകം എഴുതുക എന്നതാണ്-മുകുന്ദന്‍ പറഞ്ഞു.
എം.സി.എ നാസര്‍ മോഡറേറ്ററും തന്‍സി ഹാഷിര്‍ അവതാരകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
