‘ആലാപനത്തിലെ തേനും വയമ്പി’നും ലോക റെക്കോഡ്
text_fieldsഅബൂദബി: ഇന്ത്യ ബുക്് ഓഫ് റെക്കോഡ്സിന് പിന്നാലെ ‘എസ്. ജാനകി: ആലാപനത്തിലെ തേനും വയമ്പും’ പുസ്തകത്തിന് ലോക റെക്കോഡ്. ഇന്ത്യന്‍ ഗായികയെ കുറിച്ചുള്ള ഏറ്റവും വലിയ പുസ്തകത്തിനുള്ള റെക്കോഡ് ഹോള്‍ഡേഴ്സ് റിപബ്ളിക്കിന്‍െറ ലോക റെക്കോര്‍ഡാണ് ഇതിന് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ ഇതേ പുസ്തകം ഇന്ത്യ ബുക്് ഓഫ് റെക്കോഡ്സ് കരസ്ഥമാക്കിയിരുന്നു.
അബൂദബിയില്‍ ജോലി ചെയ്യുന്ന അഭിലാഷ് പുതുക്കാടാണ് ‘എസ്. ജാനകി: ആലാപനത്തിലെ തേനും വയമ്പും’ പുസ്തകത്തിന്‍െറ രചയിതാവ്. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകിയെ കുറിച്ചും അവര്‍ ആലപിച്ച മലയാള ഗാനങ്ങളെ കുറിച്ചുമുള്ള ഗവേഷണ ഗ്രന്ഥമാണിത്. ലോഗോ ബുക്സ് രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ 900 പേജുണ്ട്. 92 അധ്യായങ്ങളിലായി 2140 പാട്ടുകളെ കുറിച്ച് വിവരിക്കുന്നു.
2015 സെപ്റ്റംബറിലാണ് പുസ്തകത്തിന്‍െറ ആദ്യ വാല്യം പുറത്തിറങ്ങിയത്. നാല് മാസം മുമ്പ് രണ്ടാം വാല്യവും പുറത്തിറങ്ങി. ആദ്യ വാല്യത്തില്‍ എസ്. ജാനകി പാടിയ മലയാള ചലച്ചിത്ര ഗാനങ്ങളുടെ സംഗീത സംവിധായകരെയാണ് പരിചയപ്പെടുത്തുന്നത്. രണ്ടാം വാല്യത്തില്‍ ഗാനരചയിതാക്കള്‍, ഗാനരംഗത്തിലെ അഭിനേതാക്കള്‍ തുടങ്ങിയവരെ കുറിച്ച് പ്രതിപാദിക്കുന്നു. അബൂദബി മുറൂര്‍ റോഡ് സെക്യുര്‍ ടെകില്‍ പ്ളാനിങ് ആന്‍ഡ് എസ്റ്റിമേഷന്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് അഭിലാഷ്.
ഷാര്‍ജ പുസ്തകമേളയില്‍ ‘എസ്. ജാനകി: ആലാപനത്തിലെ തേനും വയമ്പും’ പുസ്തകത്തെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ട്. തേനും വയമ്പിലേക്ക് ഒരു ക്ഷണക്കത്ത് എന്ന പേരില്‍ വെള്ളിയാഴ്ച രാത്രി 9.30ന് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. ഇതോടനുബന്ധിച്ച് നന്ദകുമാര്‍ പള്ളിയിലിന്‍െറ സിത്താറും ലക്ഷ്മി മേനോന്‍െറ നൃത്യനൃത്യങ്ങളുമുണ്ടായിരിക്കും. ജി. വേണുഗോപാല്‍ ആലപിച്ച ‘ആവണി’ എന്ന ഗാനത്തിന്‍െറ പ്രകാശനവും നടക്കും.