സ്നേഹം വിളഞ്ഞ മരുമണ്ണിനോട് യാത്ര പറഞ്ഞ് പി.പി.മാത്യു
text_fieldsദുബൈ: അറബ് രാഷ്ട്രീയത്തിന്‍െറയും അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറയും ഉള്ളറകളിലേക്ക് വായനക്കാരെ കൂട്ടികൊണ്ടുപോകാന്‍ പി.പി.മാത്യു ഇനി യു.എ.ഇയിലുണ്ടാകില്ല. പി.വി.വിവേകാനന്ദന് ശേഷം ഗള്‍ഫില്‍ ഇംഗ്ളീഷ് പത്രപ്രവര്‍ത്തനമേഖലയില്‍ സ്വന്തമായി വിലാസമുണ്ടാക്കിയ മാത്യു രണ്ടു പതിറ്റാണ്ടോളം നീണ്ട പ്രവാസത്തോട് വിടപറഞ്ഞ് കേരളത്തിലേക്ക് മടങ്ങുകയാണ്്.
1978 മുതല്‍ നാട്ടില്‍ മലയാള മനോരമയില്‍ ജോലി ചെയ്തിരുന്ന മാത്യു ‘97 ജനുവരിയില്‍ രാജിവെച്ച് ബഹ്റൈനിലാണ് ആദ്യമത്തെുന്നത്. ‘ബഹ്റൈന്‍ ട്രിബ്യൂണി’ലായിരുന്നു ജോലി. അക്കാലത്താണ് ജോര്‍ദാനില്‍ നിന്ന് പി.വി.വിവേകാനന്ദന്‍ ബഹ്റൈന്‍ ട്രിബ്യൂണിലത്തെുന്നത്. അദ്ദേഹമാണ് 1998ല്‍ ഷാര്‍ജ ആസ്ഥാനമായുള്ള ‘ഗള്‍ഫ് ടുഡേ’യില്‍ ഒരു ഓഫറുണ്ടെന്നും വരുന്നുണ്ടോ എന്ന് ചോദിച്ചത്. അങ്ങനെ വിവേകാനന്ദനൊപ്പം ദുബൈയിലത്തെി. ആദ്യം പ്രാദേശിക വാര്‍ത്തകളുടെ ചുമതലയായിരുന്നു മാത്യുവിനെങ്കിലും തന്‍െറ ഇഷ്ടമേഖല അന്താരാഷ്ട്രീയ വിഷയങ്ങളാണെന്ന് പറഞ്ഞപ്പോള്‍ വിദേശ ഡെസ്കിന്‍െറ ചുമതല നല്‍കിയത് വിവേകാനന്ദന്‍ തന്നെ.
മലയാള മനോരമയിലായിരിക്കുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കൊപ്പം അമേരിക്ക, സിറിയ, ജര്‍മനി, ഹങ്കറി തുടങ്ങിയ രാജ്യങ്ങളില്‍ പോയ മാധ്യമസംഘത്തില്‍ മാത്യുവുമുണ്ടായിരുന്നു. ചൈനയില്‍ ടിയാനന്‍മെന്‍ സ്ക്വയറില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന വെടിവെപ്പും ബില്‍ ക്ളിന്‍റണ്‍ ജയിച്ച അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പും റിപ്പോര്‍ട്ട് ചെയ്തു.
ഗള്‍ഫിലത്തെിയ ശേഷം അധികം വിദേശ യാത്രകള്‍ ചെയ്തിട്ടില്ല. എങ്കിലും അമേരിക്കന്‍ രാഷ്ട്രീയത്തിലെ താല്പര്യം കാരണം പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച ഗള്‍ഫ് ടുഡേയില്‍ വാര്‍ത്തകളെഴുതിയത് മാത്യുവായിരുന്നു. 18 വര്‍ഷത്തെ സേവനത്തിന് ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ 31ന് ‘ഗള്‍ഫ് ടുഡേ’യുടെ പടിയിറങ്ങുന്നതുവരെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വാര്‍ത്തകളുടെ പിന്നില്‍ മാത്യുവുണ്ടായിരുന്നു.
ഇവിടെ വന്നശേഷം ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായതായി മാത്യു ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഗുരു പി.വി.വിവേകാനന്ദന്‍ തന്നെയായിരുന്നു. പാശ്ചാത്യ വാര്‍ത്താ ഏജന്‍സികള്‍ ഫലസ്തീന്‍ പോരാളികളെ തീവ്രവാദികള്‍ എന്നു വിശേഷിപ്പിക്കുമ്പോള്‍ അവരുടേത് സ്വാതന്ത്യപോരാട്ടമാണെന്ന വലിയ പാഠം അതിലൊന്നാണ്. മിഡിലീസ്റ്റ് രാഷ്ട്രീയത്തെക്കുറിച്ചും കൂടുതല്‍ അടുത്തറിയാനായി.
‘ഗള്‍ഫ് ടുഡേ’യില്‍ തനിക്ക് ഏറെ ബഹുമാനവും സ്വീകാര്യതയും ലഭിച്ചു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവരുമായ സൗഹൃദം സ്ഥാപിക്കാനായി. അതിരുകളില്ലാതെ സ്നേഹിക്കാന്‍ ദേശവും നിറവും മതവുമൊന്നും തടസ്സമല്ളെന്ന് മനസ്സിലാക്കിയതും ഈ മണ്ണില്‍ നിന്നു തന്നെ. കൂടെ ജോലി ചെയ്തിരുന്ന പല നാട്ടുകാരില്‍ ഏറ്റവും അടുപ്പം കാട്ടിയത് പാകിസ്താനികളായിരുന്നു. 30 ഓളം പേരുണ്ടായിരുന്നു അവര്‍. യാത്രയയപ്പ് ചടങ്ങില്‍ അവരില്‍ ചിലര്‍ പൊട്ടിക്കരഞ്ഞത് മറക്കാനാവില്ല. എല്ലാറ്റിലും വലുത് മാനുഷിക മൂല്യങ്ങള്‍ തന്നെയാണ്. മറ്റുള്ളവരെല്ലാം മോശക്കാരനാണെന്ന ധാരണ മാറ്റണം. ദുരനുഭവങ്ങള്‍ ഉണ്ടായത് മുഴുവന്‍ സ്വന്തം നാട്ടുകാരില്‍ നിന്നായിരുന്നെന്ന് പറയാതെ വയ്യ. അവരോടൊപ്പം ജോലി ചെയ്യാനാണ് പ്രയാസപ്പെട്ടത്.
ഇവിടത്തെ ഭരണാധികാരികളോടും നാട്ടുകാരോടും ഏറെ ബഹുമാനമുണ്ട്. ഈ രാജ്യം നല്‍കുന്ന സമാധാനവും സുരക്ഷിതത്വവും എടുത്തുപറയണം. വിദേശികളെ രണ്ടാം തരം പൗരന്മാരായി കാണുന്നില്ല എന്നതാണ് പ്രധാനം. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെയും സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയെയും നേരില്‍ പരിചയപ്പെട്ടിട്ടുണ്ട്. മരുഭൂമിയില്‍ ലോക നിലവാരത്തിലുള്ള നാഗരികത പടുത്തുയര്‍ത്തിയ ശൈഖ് മുഹമ്മദിന്‍െറ ധൈര്യവും ദീര്‍ഘവീക്ഷണവും ശൈഖ് സുല്‍ത്താന്‍െറ സംസ്കാരിക ഒൗന്നത്യവും ഹൃദയ വിശാലതയും മതിപ്പുളവാക്കുന്നതാണ്.
ഫുട്ബാള്‍ കമ്പക്കാരനായ മാത്യുവിന് മൂന്നു വര്‍ഷം വര്‍ഷം മുമ്പത്തെ ഒരു അനുഭവം മനസ്സില്‍നിന്ന് മായുന്നില്ല. യു.എ.ഇ ഗള്‍ഫ് കപ്പ് നേടിയപ്പോഴുള്ള വിജയഘോഷയാത്രയിലേക്ക് മാത്യു യാദൃശ്ചികമായാണ് എത്തിയത്. സന്തോഷത്തോടെ സ്വീകരിച്ച അറബികള്‍ അദ്ദേഹത്തെ ദേശീയ പതാക പുതപ്പിച്ച് ജീപ്പില്‍ കയറ്റിയിരുത്തി. പിന്നെ പാട്ടും നൃത്തവുമായിരുന്നു.
ഇവിടെ നിന്ന് പോകുന്നതില്‍ ദു:ഖമുണ്ട്. 65ാം വയസ്സില്‍ വിരമിക്കണമെന്ന് സ്വയം തീരുമാനിച്ചതാണ്. തുടരാനാണ് കമ്പനി പറഞ്ഞത്. തന്‍െറയും ഭാര്യ ആനിയുടെയും ആരോഗ്യ പ്രശ്നങ്ങള്‍ മടക്കയാത്രക്ക് ഒരു കാരണമാണ്. എങ്കിലും വിശ്രമിക്കാനല്ല എറണാകുളം കടവന്ത്രയിലെ വീട്ടിലേക്ക് പോകുന്നത്. മാധ്യമ രംഗത്ത് തന്നെ സജീവമായി തുടരണമെന്നാണ് ആഗ്രഹം. ചില ഓഫറുകള്‍ മുന്നിലുണ്ടെന്ന് മാത്യു പറഞ്ഞു.
മൂന്നു മക്കളില്‍ മകന്‍ മേരി നാട്ടില്‍ അധ്യാപികയാണ്. മകന്‍ ജോര്‍ജ് പോള്‍ മാത്യു ഗള്‍ഫ് ടുഡേയില്‍ തന്നെ ഡെപ്യൂട്ടി എഡിറ്ററായി ജോലിചെയ്യുന്നു. മറ്റൊരു മകന്‍ വര്‍ഗീസ് മാത്യു കൊളംബോയില്‍ ഡോക്ടറാണ്. കവിയും മാധ്യമപ്രവര്‍ത്തകനുമായ വില്‍സണ്‍ കുളൂര്‍ മകളുടെ ഭര്‍ത്താവാണ്.