ദുബൈ കനാല്‍ ശൈഖ് മുഹമ്മദ് നാടിന് സമര്‍പ്പിച്ചു
text_fieldsദുബൈ: സുന്ദരനഗരമായ ദുബൈയിലെ യാത്രയൂം ജീവിതവും കൂടുതല്‍ മനോഹരവും പരിസ്ഥിതി സൗഹൃദവുമാക്കാന്‍ വഴിയൊരുക്കുന്ന ദുബൈ കനാല്‍ തുറന്നു. സ്മാര്‍ട് ദുബൈ എന്ന ആശയത്തിന്‍െറ ഉപജ്ഞാതാവും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് കനാല്‍ നാടിനു സമര്‍പ്പിച്ചത്. സമാരംഭം അറിയിച്ച് സ്വിച്ചില്‍ വിരലമര്‍ത്തിയതോടെ കൂറ്റന്‍ വീഡിയോ പാനലുകളില്‍ ബുര്‍ജ് ഖലീഫയുടെ വര്‍ണ ചിത്രവും സംഗീതവും തെളിഞ്ഞു. കനാലിനു മുകളില്‍ വര്‍ണവിളക്കുകള്‍ തിളങ്ങി നിന്നു.
27 കോടി ദിര്‍ഹം ചെലവിട്ട് നിര്‍മിച്ച 3.2 കിലോമീറ്റര്‍ ജലപാതയുടെ സമര്‍പ്പണ ചടങ്ങിന് ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, സുപ്രിം കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവരും സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ ജുമൈറ ബേയില്‍ നിന്ന് ബോട്ട്സവാരിയും നടത്തി. ദുബൈ ക്രീക്കിന്‍െറ ചരിത്രം വിവരിക്കുന്ന ലഘുചിത്രവും സംഗീത വിരുന്നും അത്യാകര്‍ഷകമായി.
2013 ഒക്ടോബറില്‍ നിര്‍മാണം ആരംഭിച്ച കനാലിന്‍െറയും പാലങ്ങളുടെയും നിര്‍മാണം ഒരു ദിവസം പോലും പൊതു ഗതാഗതത്തിന് തടസം സൃഷ്ടിക്കാതെയാണ് പുര്‍ത്തിയാക്കിയത്.
കനാലിന് ഇരുവശത്തുമായി 6.4 കിലോമീറ്റര്‍ നീളത്തില്‍ പുതിയ വാട്ടര്‍ ഫ്രണ്ട് നഗര പ്രദേശവും വികസിപ്പിക്കും. പുതിയ കനാല്‍ വന്നതോടെ ബര്‍ദുബൈ, സബീല്‍, കറാമ, ഊദ് മത്തേ, സത്വ തുടങ്ങി ഓള്‍ഡ് ദുബൈ എന്നറിയിപ്പെടുന്ന പ്രദേശം ഒരു ദ്വീപായി മാറി.
ഷിന്ദഗയില്‍ നിന്ന് തുടങ്ങി റാസല്‍ഖൂറില്‍ അവസാനിക്കുന്ന പ്രകൃതിദത്ത ജലാശയത്തെ നഗരഹൃദയത്തിലൂടെ നീട്ടി അറേബ്യന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
