ദുബൈയിലെ ഗ്രോസറികള്‍ക്ക് പുതിയ മുഖം
text_fieldsദുബൈ: ദുബൈയിലെ ഗ്രോസറികള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ മുഖം മിനുക്കാനൊരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ 20 ശതമാനം ഗ്രോസറികള്‍ നവീകരിക്കാന്‍ ദുബൈ സാമ്പത്തിക വികസന വകുപ്പ് (ഡി.ഇ.ഡി) ഉത്തരവിട്ടു. വകുപ്പ് നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് നവീകരിക്കേണ്ടത്. 2018 പകുതിയോടെ മുഴുവന്‍ ഗ്രോസറികളും പുതിയ രൂപത്തിലേക്ക് മാറണം. നിശ്ചിത സമയപരിധിക്കകം പുതിയ രൂപം സ്വീകരിച്ചില്ളെങ്കില്‍ ലൈസന്‍സ് പുതുക്കി നല്‍കില്ല. ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും ഗ്രോസറികള്‍ക്ക് ഐകരൂപ്യം കൈവരുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സാമ്പത്തിക വികസന വകുപ്പ് ബിസിനസ് രജിസ്ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിങ് വിഭാഗം സി.ഇ.ഒ ഉമര്‍ ബൂശഹാബ് പറഞ്ഞു.
അബൂദബിക്ക് പുറകെയാണ് ദുബൈയും ഗ്രോസറി നവീകരണം നടപ്പാക്കുന്നത്. ഗ്രോസറികളുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം വകുപ്പ് നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നവീകരിക്കേണ്ടിവരും. ഗ്രോസറികളുടെ ലോഗോക്ക് ഏകരൂപം കൈവരും. ബോര്‍ഡുകളുടെ നിറം, രൂപം, വിളക്കുകള്‍ തുടങ്ങിയവയെല്ലാം ഒരേ രൂപത്തിലുള്ളതായി മാറും. പുറംഭാഗം, സാധനങ്ങള്‍ അടുക്കിവെക്കുന്ന ഡിസ്പ്ളേ യൂനിറ്റുകള്‍, ചരക്കുകള്‍ ശേഖരിച്ചുവെക്കുന്ന സ്ഥലം എന്നിവക്കും പുതിയ മാനദണ്ഡങ്ങള്‍ വരും. ദുബൈ നഗരസഭയുടെ പൊതുജനാരോഗ്യ വിഭാഗത്തിന്‍െറ പരിശോധനക്ക് ശേഷം മാത്രമേ ഗ്രോസറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കൂ. 2015 മുതലുള്ള കണക്ക് പ്രകാരം 2800ലധികം ഗ്രോസറികളാണ് ദുബൈയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വര്‍ധിച്ചുവരികയുമാണ്.
ജനസംഖ്യയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിക്കുന്നതിനനുസരിച്ച് ഗ്രോസറികളുടെ എണ്ണവും ഗുണനിലവാരവും കൂട്ടാനാണ് ഡി.ഇ.ഡി ശ്രമിച്ചുവരുന്നതെന്ന് ഉമര്‍ ബൂശഹാബ് കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ടമെന്ന നിലയിലാണ് ഗ്രോസറി നവീകരണം നടത്തുന്നത്. വകുപ്പ് നടത്തുന്ന പഠനങ്ങളുടെയും അഭിപ്രായ സര്‍വേകളുടെയും അടിസ്ഥാനത്തില്‍ അടുത്തഘട്ടത്തില്‍ പദ്ധതി മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കും. ദുബൈയിലെ 140 ഗ്രോസറി ഉടമകളുടെ യോഗം വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചതായി ഡി.ഇ.ഡി ബിസിനസ് ലൈസന്‍സിങ് വിഭാഗം മേധാവി വാലിദ് അബ്ദുല്‍ മലിക് പറഞ്ഞു. ഉടന്‍ നവീകരണം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഗ്രോസറി ഉടമകള്‍ക്ക് വകുപ്പ് അതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കും. പൂര്‍ണമായും മാനദണ്ഡങ്ങള്‍ക്കനുസൃതമാക്കാന്‍ രണ്ടുവര്‍ഷം സമയമുണ്ട്. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ 20 ശതമാനം ഗ്രോസറികള്‍ നവീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.