ദുബൈയില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍റര്‍ വരുന്നു
text_fieldsദുബൈ: എക്സ്പോ 2020 മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുബൈയില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മിക്കുന്നു. 180 കോടി ദിര്‍ഹം ചെലവില്‍ ദുബൈ ഫെസ്റ്റിവല്‍ സിറ്റിക്ക് അഭിമുഖമായി അല്‍ ജദ്ദാഫിലാണ് അത്യാധുനിക സൗകര്യങ്ങളോടെ 55,000 ചതുരശ്രമീറ്ററില്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മിക്കുന്നതെന്ന് ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പദ്ധതിക്ക് അംഗീകാരം നല്‍കി. രണ്ട് ഹോട്ടലുകള്‍, ഓഫിസ് കെട്ടിടങ്ങള്‍, വലിയ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയടങ്ങുന്നതാണ് പദ്ധതി. ശൈഖ് റാശിദ് കോണ്‍ഫറന്‍സ് ഹാളിന് 1,90,000 ചതുരശ്ര അടി വിസ്തൃതിയുണ്ടാകും. ദുബൈ ക്രീക്കിന്‍െറ ഓരത്ത് 17 മീറ്ററില്‍ പരന്നുകിടക്കുന്ന ഹാളിന് 30 മീറ്റര്‍ ഉയരമുണ്ടാകും. 10,000 പേര്‍ക്ക് ഒരേസമയം ഇരുന്ന് പരിപാടികള്‍ വീക്ഷിക്കാന്‍ സൗകര്യമുണ്ടാകും. തിയറ്ററുകളുടെ മാതൃകയില്‍ സീറ്റുകള്‍ ഒരുക്കും. അന്താരാഷ്ട്ര സമ്മേളനങ്ങള്‍, സെമിനാറുകള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍ തുടങ്ങിയവക്ക് സെന്‍റര്‍ വേദിയാകും. അത്യാധുനിക ഓഡിയോ, വിഡിയോ ഉപകരണങ്ങള്‍ ഇവിടെ സ്ഥാപിക്കും. 1000 പേര്‍ക്ക് വീതം ഇരിക്കാവുന്ന അഞ്ച് ഉപ ഹാളുകളും ഇതോടനുബന്ധിച്ച് നിര്‍മിക്കും. പ്രധാന ഹാളുകളും ഉപഹാളുകളും ഹോട്ടല്‍ കെട്ടിടവുമായി എയര്‍കണ്ടീഷന്‍ ചെയ്ത ഗ്ളാസ് ഇടനാഴി വഴി ബന്ധിപ്പിക്കും. ഇടനാഴിയില്‍ ഷോപ്പുകളും റസ്റ്റോറന്‍റുകളുമുണ്ടാകും.
2.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 33 നിലകളുള്ള ത്രീസ്റ്റാര്‍ ഹോട്ടലും 4.1 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 48 നിലകളുള്ള ഫോര്‍ സ്റ്റാര്‍ ഹോട്ടലും പദ്ധതിയുടെ ഭാഗമായിരിക്കും. ഹോട്ടലുകളുടെ താഴത്തെ നില വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. 3.1 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫിസ് കെട്ടിടവുമുണ്ടാകും. ഏഴുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പാര്‍ക്കിങ് സ്ഥലത്ത് 1800 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും.
എമിറേറ്റിന്‍െറ ടൂറിസം, അടിസ്ഥാന സൗകര്യ വികസന രംഗത്ത് നാഴികക്കല്ലായിരിക്കും പദ്ധതിയെന്ന് ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. ധാരാളം ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് വേദിയാകാനും ദുബൈയെ ഇത് സഹായിക്കും. ദുബൈ ക്രീക്കിന്‍െറ തീരത്താണെന്നത് പദ്ധതിക്ക് മനോഹാരിത പകരും. എക്സ്പോ 2020 മുന്നില്‍കണ്ട് നഗരസഭ ഏറ്റെടുക്കുന്ന ഏറ്റവും വലിയ പദ്ധതി കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭ ജനറല്‍ പ്രൊജക്റ്റ്സ് ഡിപാര്‍ട്മെന്‍റ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മുശ്റമും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
