മറ്റൊരു മാമ്പഴക്കാലം
text_fieldsഷാര്‍ജ: യു.എ.ഇയിലെ തോട്ടങ്ങളിലും വീടുകളിലും വഴിയോരങ്ങളിലും ഇപ്പോള്‍ നിറയെ മാങ്ങകളുമായി, ചാഞ്ഞ ചില്ലകളുമായി നില്‍ക്കുന്ന മാവുകളുടെ മനോഹര കാഴ്ച്ചയാണ്. തോട്ടങ്ങളില്‍ നിന്ന് വിവിധ ഇനങ്ങളില്‍പ്പെട്ട മാങ്ങകള്‍ മൂത്ത് പഴുത്ത സുഗന്ധം.
ഫുജൈറയിലെ ദിബ്ബയില്‍ മാത്രം നിരവധി മാന്തോട്ടങ്ങളുണ്ട്. ദിബ്ബ ഖോര്‍ഫക്കാന്‍ റോഡിലൂടെ പോയാല്‍ നിറയെ കായ്ച്ച് നില്‍ക്കുന്ന മാവുകള്‍ കാണാം. നിരവധി മാവിനങ്ങള്‍ യു.എ.ഇയിലുണ്ട്. ദിബ്ബയിലൂടെയും ദദ്നയിലൂടെയും യാത്ര ചെയ്യുന്നവരെ കാത്ത് വഴിയോര മാങ്ങ കച്ചവടക്കാര്‍ സജീവമാണ്. പ്രാദേശിക തോട്ടങ്ങളില്‍ നിന്ന് വിളവെടുത്ത പഴങ്ങളും പച്ചക്കറികളുമാണ് ഇവര്‍ വില്‍ക്കുന്നത്. കണ്ണി മാങ്ങ മുതല്‍ മുത്ത് പഴുത്ത മാങ്ങകള്‍ വരെ ഇവിടെ കിട്ടും. ഇവിടെ നിന്നുള്ള മാമ്പഴങ്ങള്‍ ഫുജൈറയിലെ മസാഫി, ഫ്രൈഡേ ചന്തകളിലേക്കും പോകുന്നുണ്ട്.
ദദ്നയിലെ തോട്ടങ്ങളില്‍ നാരങ്ങയും ഇലന്ത പഴങ്ങളും വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഇവയും വഴിയോര വിപണികളില്‍ വില്‍പ്പനക്കുണ്ട്. സ്വദേശികളുടെ വീട്ടുവളപ്പുകളിലും മറ്റും നില്‍ക്കുന്ന മാവുകളും കായ്ച്ചിട്ടുണ്ട്. ഖോര്‍ഫക്കാന്‍ തീരത്തെ പാതയോരങ്ങളിലും കണ്ണിമങ്ങകളുമായി നില്‍ക്കുന്ന മാവുകള്‍ ഇഷ്ടം പോലെയുണ്ട്. അബുദബിയിലെ കറാമയില്‍ നിരവധി മാന്തോട്ടങ്ങളുണ്ട്. അബുദബിയുടെ പടിഞ്ഞാറന്‍ മേഖലകളും അല്‍ഐനും മാവുകളാല്‍ സമ്പന്നമാണ്. ഷാര്‍ജയുടെ മദാമും മലീഹയും ദൈദും ദുബൈയിലെ ഹത്തയും അജ്മാന്‍െറ മസ്ഫൂത്തും ഉമ്മുല്‍ഖുവൈനിലെ ഫലാജ് അല്‍ മുഅല്ലയും റാസല്‍ഖൈമയിലെ ഹംറാനിയയിലും വാണിജ്യാടിസ്ഥാനത്തില്‍ മാവുകള്‍ കൃഷി ചെയ്യുന്നു.
കേരളത്തിന്‍െറ അഭിമാനമായ കുറ്റ്യാട്ടൂര്‍ മാവുകളെ പോലെയാണ് ഇവിടെത്തെ മിക്ക മാവിനങ്ങളും. എപ്രിലിലാണ് കുറ്റ്യാട്ടൂര്‍ മാങ്ങകള്‍ മൂത്ത് തുടുക്കുക. കുറ്റ്യാട്ടൂര്‍ മാവുകളെ പോലെ ഇവിടെത്തെ മാവുകളും അധികം ഉയരം വെക്കാറില്ല. എന്നാല്‍ മറ്റ് മാമ്പഴങ്ങളെക്കാള്‍ ഇവക്ക് വലുപ്പവും രുചിയും കൂടുതലാണ്. വ്യവസായിക അടിസഥാനത്തില്‍ കൃഷി ചെയ്യുന്ന മാന്തോട്ടങ്ങളില്‍ കണ്ണിമാങ്ങള്‍ വിരിയുമ്പോള്‍ തന്നെ കച്ചവടക്കാരത്തെി ഉറപ്പിക്കും. വടക്കുള്ള തോട്ടങ്ങളിലെ മാങ്ങകള്‍ മൊത്തത്തില്‍ എടുക്കുന്നത് മസാഫിയില്‍ നിന്നുള്ള കച്ചവടക്കാരാണ്. ബംഗ്ളാദേശുകാരാണ് ഇതില്‍ മുന്‍പന്തിയില്‍. തോട്ടങ്ങളിലെ ജോലികളിലും ഇവര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. മലയാളികളും പാകിസ്താനികളും ഈ മേഖലയിലുണ്ട്. തോട്ടങ്ങളില്‍ നിന്ന് മൂത്ത മാങ്ങയുടെ മാദക ഗന്ധം പരക്കുന്നതോടെ പക്ഷികള്‍ വിരുന്നിനത്തെും.
കേരളത്തില്‍ കാണുന്ന മിക്ക മാവിനങ്ങളും യു.എ.ഇയിലുണ്ട്. പഴങ്ങളുടെ കൂട്ടത്തിലെ രാജാവാണ് മാങ്ങ എന്നാണ് ചൊല്ല്. ഇവയുടെ കൂട്ടത്തിലെ മഹാരാജാവായ അല്‍ഫോണ്‍സ ദിബ്ബയിലെ തോട്ടങ്ങളില്‍ കാണാം. മല്‍ഗോവ, നീലം എന്നിവയും ഇവിടെ കൃഷിചെയ്യുന്നു. ഏപ്രില്‍ മുതല്‍ മസാഫിയിലെ നാട്ട് ചന്തകള്‍ക്ക് പ്രാദേശിക മാങ്ങയുടെ സുഗഗന്ധവും നിറവുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
