വോട്ടിന് പിന്നാലെയോടി പ്രവാസലോകവും
text_fieldsദുബൈ: "ഓഫീസിലെ പഞ്ചിങ് യന്ത്രത്തില്‍ വിരല്‍ അമര്‍ത്തി ‘വോട്ടു രേഖപ്പെടുത്തി’ എന്ന് സ്വയം ആശ്വസിച്ച് പ്രവാസി യുവാവ് മാതൃകയായി". കേരളത്തില്‍ വോട്ടുദിനമായ തിങ്കളാഴ്ച രാവിലെ തന്നെ വാട്ട്സാപ്പില്‍ കയറി സഞ്ചാരം തുടങ്ങിയ ഒരു പോസ്റ്റാണിത്. നാട്ടില്‍ നടക്കുന്ന തീപാറുന്ന പേരാട്ടത്തിലും തെരഞ്ഞെടുപ്പ് ഉത്സവത്തിലും പങ്കെടുക്കാന്‍ സാധിക്കാത്ത ലക്ഷക്കണക്കിന് പ്രവാസികളുടെ നിരാശ പ്രതിഫലിക്കുന്ന വാചകമായിരുന്നു അത്. ചിരിയും ചിന്തയുമടങ്ങിയ ഇത്തരത്തിലുള്ള നിരവധി വാട്ട്സാപ്പ് ട്രോളുകളാണ് വോട്ടുദിനത്തില്‍ പറന്നുനടന്നത്. വോട്ട് ചെയ്ത മഷിയടയാളത്തിന്‍െറ സ്ഥാനത്ത് പ്രവാസിയുടെ ചൂണ്ടുവിരലില്‍ മൂട്ടയെ നിര്‍ത്തിയുള്ള ചിത്രമായിരുന്നു മറ്റൊന്ന്.
ഓരോ വോട്ടും അതിനിര്‍ണായകമായ, പ്രവചനങ്ങള്‍ക്ക് പോലും വഴങ്ങാത്ത ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഗള്‍ഫിലെങ്ങും ഏറെ ആവേശമുയര്‍ത്തിയിരുന്നു. ഇന്നലെ പോളിങ് മുന്നേറുന്നത് ഏറെ താല്‍പര്യത്തോടെയാണ് പ്രവാസികള്‍ നിരീക്ഷിച്ചത്. ജോലിത്തിരക്കിനിടയിലും ടെലിവിഷനും റേഡിയോയും സാമൂഹിക മാധ്യമങ്ങളും വഴി വിവരങ്ങളെല്ലാം അപ്പപ്പോള്‍ അവര്‍ അറിഞ്ഞുകൊണ്ടിരുന്നു. രാഷ്ട്രീയം വല്ലാതെ തലക്ക് പിടിച്ചവര്‍ വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം വോട്ട് ചെയ്തെന്ന് ഉറപ്പുവരുത്തി.
വോട്ടുചെയ്യാനാകാത്തതിന്‍െറ നിരാശ ഫേസ്ബുക്കിന്‍െറ ചുമരില്‍ കുറിപ്പെഴുതി കരഞ്ഞുതീര്‍ത്തവര്‍ ഏറെ. വോട്ട് വിലപ്പെട്ടതാണെന്നും അത് ബുദ്ധിപൂര്‍വം ഉപയോഗിക്കണമെന്നും എന്നും മറ്റുമുള്ള ഉപദേശങ്ങളായിരുന്നു ചിലരുടെ വക. ‘ഇലക്ഷന്‍ വരും പോകും, ചിലര്‍ ജയിക്കും ചിലര്‍ തോല്‍ക്കും പക്ഷെ സൗഹൃദങ്ങളും ബന്ധങ്ങളും കൈവിടാതെ കാത്തുസൂക്ഷിക്കുക’ എന്നായിരുന്നു ഇത്തരത്തിലുള്ള പോസ്റ്റുകളിലൊന്ന്.
മലയാളികള്‍ ഒത്തുകൂടിയയിടത്തെല്ലാം വോട്ടെടുപ്പും പോളിങ് ശതമാനവും തന്നെയായിരുന്നു വൈകിട്ട് വരെ ചര്‍ച്ചാവിഷയം. കഫ്ത്തീരിയകളിലും ബാച്ച്ലര്‍ മുറികളിലും സംസാരം തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വാഗ്വാദങ്ങളും വാക്കുതര്‍ക്കങ്ങളും നടത്തിയവര്‍ക്ക് ഇന്നലെ ശാന്തമായ പകലായിരുന്നു.
എന്നാല്‍ പോളിങ് കഴിഞ്ഞയുടന്‍ വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ ആകാംക്ഷയും ഉദ്വേഗവും മുറുകി. കേരളം ആരു ഭരിക്കും, ബി.ജെ.പിക്ക് സീറ്റ് കിട്ടുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടി ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുമ്പില്‍ പ്രവാസികള്‍ തടിച്ചുകൂടി. യാത്രയിലായിരുന്നവര്‍ റേഡിയോക്ക് കാതോര്‍ത്തു. എക്സിറ്റ് പോള്‍ ഫലം ഇടതിന് അനുകൂലമാണെന്ന് കണ്ടതോടെ യു.ഡി.എഫുകാര്‍ എക്സിറ്റ് പോളിന്‍െറ വിശ്വാസ്യതയെക്കുറിച്ചും എല്‍.ഡി.എഫുകാര്‍ അതിന്‍െറ മഹത്വത്തെക്കുറിച്ചും സംസാരിച്ചു. കേട്ടതെല്ലാം ശരിയാകുമോ എന്ന അന്വേഷണവുമായി നാട്ടിലെ പ്രവര്‍ത്തകരെ ആശയോടെയും ആശങ്കയോടെയും വിളിക്കലായിരുന്നു അടുത്ത ഘട്ടം.
ഓരോ മണ്ഡലത്തിലെയും എക്സിറ്റ് പോള്‍ ഫലം വെബ്സൈറ്റുകളില്‍ പരതി കൂട്ടലും കിഴിക്കലും നടത്തുന്നതും തുടരുകയാണ്-വ്യാഴാഴ്ച വോട്ടിങ് യന്ത്രങ്ങളുടെ സീല്‍പൊട്ടിക്കുംവരെ ഇനി തീരാത്ത ചര്‍ച്ചയായിരിക്കും. നാടുമായി പ്രവാസികള്‍ ഏറെ ബന്ധം പുലര്‍ത്തുന്ന സമയം കൂടിയാണ് തെരഞ്ഞെടുപ്പ് കാലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
