വ്യാപാര സ്ഥാപനങ്ങളിലെ ഇന്‍വോയിസുകളില്‍ അറബി ഭാഷക്ക് പ്രാമുഖ്യം നല്‍കണം
text_fieldsദുബൈ: ദുബൈയിലെ വ്യാപാര സ്ഥാപനങ്ങളിലെ ഇന്‍വോയിസുകളിലും രശീതികളിലും അറബി ഭാഷക്ക് പ്രാമുഖ്യം നല്‍കണമെന്ന് നിര്‍ദേശം.
ദുബൈ സാമ്പത്തിക വികസന വകുപ്പിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗമാണ് അറബിവത്കരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്ഥാപനങ്ങളുടെ കോള്‍ സെന്‍ററുകളിലും റിസപ്ഷന്‍ ഡെസ്കുകളിലും അറബിക്ക് മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അറബി ഭാഷയെ പ്രോത്സാഹിപ്പിക്കാനും അറബ് വംശജരായ ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്താനുമാണ് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നിര്‍ദേശാനുസരണമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മെനുകാര്‍ഡുകള്‍, ഇന്‍വോയിസുകള്‍, വില രേഖപ്പെടുത്തിയ ടാഗുകള്‍ എന്നിവയിലെ പ്രധാന ഭാഷ അറബിയായിരിക്കണം. മറ്റ് ഭാഷകള്‍ സ്ഥാപന ഉടമയുടെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാം.
ഇംഗ്ളീഷ് അറിയാത്ത ഉപഭോക്താക്കള്‍ക്കും വിവരങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു പദ്ധതി ഉരുത്തിരിഞ്ഞതെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് അലി റാശിദ് ലൂത്ത പറഞ്ഞു. ദുബൈയിലത്തെുന്ന വിനോദസഞ്ചാരികളില്‍ അധികവും അറബ് രാജ്യങ്ങളില്‍ നിന്നാണ്. അറബി മാത്രം അറിയുന്ന ഇവര്‍ക്ക് പുതിയ പദ്ധതി ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തവര്‍ഷം മുതല്‍ ഇന്‍വോയിസുകളില്‍ അറബി നിര്‍ബന്ധമാക്കും. നിര്‍ദേശം നടപ്പാക്കുന്നുണ്ടോയെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം നിരീക്ഷിക്കും. പദ്ധതിയോട് സഹകരിക്കണമെന്ന് ദുബൈ എല്ലാ വ്യാപാര സ്ഥാപനങ്ങളോടും വകുപ്പ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.