മത്ര കോട്ട ഈ വര്‍ഷം അവസാനത്തോടെ തുറക്കും
text_fieldsമസ്കത്ത്: ഒമാന്‍െറ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന മത്ര കോട്ട ഈ വര്‍ഷം അവസാനത്തോടെ വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. ഈ വര്‍ഷം നവംബറില്‍ ദേശീയദിനാഘോഷത്തിന്‍െറ ഭാഗമായി ഉദ്ഘാടനം നടക്കാന്‍ സാധ്യതയുണ്ട്. സൈനിക ആവശ്യങ്ങള്‍ക്കായി 16ാം നൂറ്റാണ്ടിലാണ് കോട്ട നിര്‍മിച്ചത്.
ആദ്യകാലത്ത് പൊതുജനങ്ങളെ കോട്ടയിലേക്ക് പ്രവേശിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോട്ട അടച്ചിട്ടിരിക്കുകയായിരുന്നു. കോട്ടയിലേക്ക് പോകുന്ന വഴിയിലെ അപകട സാധ്യതകളും പാര്‍ക്കിങ് പ്രശ്നങ്ങളും മൂലമുള്ള സുരക്ഷാ കാരണങ്ങളാലാണ് കോട്ട അടച്ചിട്ടത്. മത്രയില്‍ കടലിനഭിമുഖമായി തലയുയര്‍ത്തി നില്‍ക്കുന്ന മത്ര കോട്ട സന്ദര്‍ശകര്‍ക്ക് ഹരമായിരുന്നു. ഏറെ പ്രയാസപ്പെട്ട് കോട്ടയില്‍ കയറിച്ചെന്നാല്‍ സന്ദര്‍ശകര്‍ക്ക് കടല്‍ കാഴ്ചകള്‍ വീക്ഷിക്കാന്‍ കഴിയും. ഉദ്ഘാടനത്തോടെ കടല്‍ കാഴ്ചകള്‍ നിരീക്ഷിക്കാന്‍ ബൈനോകുലറുകളും സജ്ജമാക്കും. പുരാതന കാലത്തെ എട്ട് പീരങ്കികളും ഇവിടെ ഉണ്ടാവും. കോട്ടക്കുള്ളില്‍ സൈനികര്‍ക്കായി മുന്‍കാലങ്ങളില്‍ ഒരുക്കിയിരുന്ന വിശ്രമമുറിയും ഭക്ഷണ സംഭരണിയും പ്രത്യേക ജയിലുമുണ്ട്.
മര്‍മപ്രധാനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മത്ര അറേബ്യയിലേക്കുള്ള ഗേറ്റ് വേ ആയാണ് അറിയപ്പെടുന്നത്. ആഫ്രിക്കയില്‍നിന്നും ഇന്ത്യയില്‍നിന്നും പോവുന്ന ചരക്കു കപ്പല്‍ മത്ര വഴിയായിരുന്നു പുരാതന കാലത്ത് കടന്നുപോയിരുന്നത്. പോര്‍ചുഗീസ് വ്യാപാരക്കപ്പലുകളുടെ സംരക്ഷണ കേന്ദ്രമായും മത്ര വര്‍ത്തിച്ചു. പോര്‍ചുഗീസ് കപ്പലുകള്‍ മത്ര പോര്‍ട്ടില്‍ നങ്കൂരമിടുകയും ചരക്കുകളുടെ കൈമാറ്റം നടത്തുകയും ചെയ്തിരുന്നു. മത്ര കോട്ടയിലേക്ക് സന്ദര്‍ശനം നിരോധിച്ചിട്ട് പത്തിലധികം വര്‍ഷമായി. കേടുപാടുകള്‍ സംഭവിച്ചതോടെയാണ് പുനര്‍നിര്‍മാണ ജോലികള്‍ക്കായി കോട്ടയിലേക്കുള്ള പ്രവേശം നിര്‍ത്തലാക്കിയത്.
ഹെറിറ്റേജ് ആന്‍ഡ് കള്‍ചര്‍ മന്ത്രാലയത്തിന്‍െറ പുനര്‍നിര്‍മാണ വിഭാഗത്തിനായിരുന്നു നിര്‍മാണച്ചുമതല. കോട്ടയുടെ എല്ലാ പഴമയും പ്രൗഢിയും നിലനിര്‍ത്തിക്കൊണ്ടായിരുന്നു പുനര്‍നിര്‍മാണം നടന്നത്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാന്‍ 18 മാസം വേണ്ടിവന്നു. 2007ല്‍ കോട്ടയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തില്ല.
വിനോദസഞ്ചാരികള്‍ക്ക് മത്ര ഫോര്‍ട്ടിലത്തൊനും സുരക്ഷ ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്തം വിനോദസഞ്ചാര മന്ത്രാലയം ഏറ്റടുത്തതോടെയാണ് കോട്ട തുറക്കല്‍ യാഥാര്‍ഥ്യമാവുന്നത്. കോട്ടയിലേക്ക് പോവുന്ന പടവുകളുടെ സുരക്ഷ ഉറപ്പാക്കല്‍, പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കല്‍, സമീപത്തുള്ള വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കല്‍ എന്നിവ ടൂറിസം മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനത്തില്‍ പെട്ടതാണ്. നാലുവര്‍ഷം മുമ്പ് മത്ര കോട്ട പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ഉത്തരവിട്ടിരുന്നു. അതിന്‍െറ അടിസ്ഥാനത്തിലണ് വിനോദകാര്യ മന്ത്രാലയം കോട്ട തുറക്കാന്‍ രംഗത്തത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
