വീട്ടു ജോലിക്കാരെ ആദരിച്ചു
text_fieldsദുബൈ: ദുബൈയിലെ ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ ദുബൈ താമസ കുടിയേറ്റ വകുപ്പ് ( ദുബൈ ഏമിഗ്രേഷന്‍ )ആദരിച്ചു. 30 വര്‍ഷത്തിലധികമായി ദുബൈ വിസയില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍, പാചകക്കാര്‍ തുടങ്ങിയ വീട്ടുജോലിക്കാരെയാണ് വകുപ്പ് ആദരിച്ചത്. താമസ കുടിയേറ്റ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, ഡൊമസ്റ്റിക് ഹെല്‍പ്പേഴ്സ് ഹാപ്പിനെസ് ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്.
ദുബൈ ജദ്ദാഫിലെ ജെ.ഡബ്ള്യൂ മാരിറ്റയില്‍ നടന്ന പരിപാടിയില്‍ മലയാളികള്‍ അടക്കമുള്ള 50 വീട്ടുജോലിക്കാരാണ് ആദരവ് ഏറ്റുവാങ്ങിയത്. ഇതില്‍ 34 പേരും ഇന്ത്യക്കാരായിരുന്നു. ഇവരിലാകട്ടെ അധികം മലയാളികളാണ്. പാകിസ്താന്‍,ശ്രിലങ്ക,ബംഗ്ളാദേശ്,ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യത്തെ വീട്ടുജോലിക്കാരും ആദരിക്കപ്പെട്ടു. തൊഴിലാളികള്‍ക്ക് കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും വിവിധ സമ്മാനങ്ങളും ചടങ്ങില്‍ സമ്മാനിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരനാണ് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സമ്മാനം വിതരണം ചെയ്തത്.
അതത് രാജ്യത്തെ നയതന്ത്ര കാര്യാലയ പ്രതിനിധികളുടെയും സ്പോണ്‍സറിന്‍െറയും സാന്നിധ്യത്തിലാണ് തൊഴിലാളികളെ വകുപ്പ് ആദരിച്ചത്. രാജ്യത്ത് ആദ്യമായാണ് താമസകുടിയേറ്റ വകുപ്പ് ഇത്തരത്തിലുള്ള ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്.ഗാര്‍ഹിക മേഖലകളില്‍ തൊഴിലെടുക്കുന്നവരുടെ ഉന്നമനത്തിനും പരിരക്ഷക്കും വിപുലമായ നടപടിക്രമങ്ങളാണ് ദുബൈ എമിഗ്രഷന്‍ ആവിഷ്ക്കരിച്ചുടുള്ളത്. ഇവര്‍ക്ക് മാത്രമായി ഒരു ഓഫീസ് വകുപ്പിന്‍െറ കീഴില്‍ അവീറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവരുടെ ജോലിയിലെ വൈദഗ്ധ്യത്തെയും മികച്ച സേവനത്തെയും മാനിക്കുന്നതിന് വേണ്ടിയാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത താമസ കുടിയേറ്റ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി പറഞ്ഞു.
ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയൂന്നവരുടെ സേവനത്തെ വലിയ രീതിയിലാണ് ഞങ്ങള്‍ നോക്കി കാണുന്നത്.
ഇവരുടെ സേവനം രാജ്യത്തിലെ പൗരന്‍മാരുടെ ജീവിതത്തിന്‍െറ ഭാഗമാണ്-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.