യു.എ.ഇയില്‍ അധ്യാപകര്‍ക്ക് ലൈസന്‍സ് സമ്പ്രദായം അടുത്ത വര്‍ഷം മുതല്‍; 2021ല്‍ പൂര്‍ത്തിയാകും
text_fieldsഅബൂദബി: രാജ്യത്തെ മുഴുവന്‍ അധ്യാപകര്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികള്‍ക്ക് അടുത്ത വര്‍ഷം തുടക്കമാകും. 2017ല്‍ ആരംഭിച്ച് 2021ഓടെ രാജ്യത്തെ മുഴുവന്‍ അധ്യാപകരെയും ലൈസന്‍സ് സമ്പ്രദായത്തിന് കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പ്രൊഫഷനല്‍ ലൈസന്‍സ് സംവിധാനം 2021 ഓടെ പൂര്‍ണമായും നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ അധ്യാപകരെയും ലൈസന്‍സ് പരിധിയില്‍ കൊണ്ടു വരും. വിവിധ വിദ്യാഭ്യാസ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടാകും പദ്ധതിയുടെ പ്രയോഗവത്കരണം. ഇതിനായി ദേശീയതലത്തില്‍ പരീക്ഷ ഏര്‍പ്പെടുത്തും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് ലൈസന്‍സ് അനുവദിക്കും. രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകളിലെ അധ്യാപകര്‍, വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍, ക്ളസ്റ്റര്‍ മാനേജര്‍മാര്‍ എന്നിവര്‍ക്കെല്ലാം ലൈസന്‍സ് നിര്‍ബന്ധമായിരിക്കും. സ്വന്തം നിലയില്‍ പ്രാപ്തി തെളിയിക്കാനുള്ള അവസരം കൂടിയാണ് അധ്യാപകര്‍ക്ക് ഇതിലൂടെ ലഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ബിരുദമുള്ളവര്‍ക്ക് മാത്രമേ പരീക്ഷ എഴുതാന്‍ കഴിയൂ. അബൂദബി വിദ്യാഭ്യാസ കൗണ്‍സില്‍, കെ.എച്ച്. ഡി.എ, അബൂദബി സെന്‍റര്‍ ഫോര്‍ ടെക്നിക്കല്‍ ആന്‍റ് വൊക്കേഷനല്‍ എജുക്കേഷന്‍ ആന്‍റ് ട്രെയിനിങ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപൈ്ളഡ് ടെക്നോളജി തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പരീക്ഷക്ക് അധ്യാപകരെ പ്രാപ്തരാക്കാന്‍ സര്‍വകലാശാലക്ക് കീഴില്‍ പ്രത്യേക പരിശീലനവും ഏര്‍പ്പെടുത്തും. പദ്ധതിയുടെ ആദ്യഘട്ടമായി 750 അധ്യാപകര്‍ക്ക് അടുത്ത വര്‍ഷം പരിശീലനം നല്‍കി പരീക്ഷക്ക് തയാറാക്കും. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും മികച്ച പരിശീലനവും നേടിയ അധ്യാപകരിലൂടെ രാജ്യത്തെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് യു.എ.ഇ ആഗ്രഹിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.