അജ്മാനിലെ തീപിടിത്തം: വന്‍ നാശനഷ്ടം
text_fieldsഅജ്മാന്‍: ഷാര്‍ജ- അജ്മാന്‍ അതിര്‍ത്തിയിലെ കെട്ടിടത്തില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ വന്‍ തീപിടിത്തം മലയാളികള്‍ അടക്കമുള്ള നിരവധി താമസക്കാരെ ദുരിതത്തിലാക്കി. സിവില്‍ ഡിഫന്‍സിന്‍െറ സമയോചിത ഇടപെടല്‍ മൂലം ജീവന്‍ രക്ഷപ്പെട്ടതിന്‍െറ ആശ്വാസത്തിലാണെങ്കിലും വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കത്തിനശിച്ചത് അവരെ ആശങ്കയിലാക്കുന്നു. തീപിടിത്ത വിവരം അറിഞ്ഞയുടന്‍ പുറത്തേക്ക് പാഞ്ഞതിനാല്‍ മാറിയുടുക്കാന്‍ പോലും വസ്ത്രങ്ങളില്ല. അജ്മാന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് ആല്‍ നുഐമി സംഭവസ്ഥലത്ത് ചൊവ്വാഴ്ച സന്ദര്‍ശനം നടത്തി.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അജ്മാന്‍ വണ്‍ എന്ന് പേരുള്ള കെട്ടിട സമുച്ചയത്തിലെ രണ്ടെണ്ണത്തിന് തീപിടിച്ചത്. 12ഓളം കെട്ടിടങ്ങളുടെ സമുച്ചയമാണ് അജ്മാന്‍ വണ്‍. ഓരോ കെട്ടിടത്തിനും 35 നിലകളുണ്ട്. മൊത്തം 3000ഓളം ഫ്ളാറ്റുകള്‍. എട്ടാം നമ്പര്‍ കെട്ടിടത്തിലാണ് ആദ്യം തീ കണ്ടത്. എട്ടാം നമ്പര്‍ കെട്ടിടത്തില്‍ നിന്ന് കത്തി അടര്‍ന്നു വീണ തീക്കട്ടകളാണ് ആറാം നമ്പര്‍ കെട്ടിടത്തിലേക്ക് തീ പടരാന്‍ ഇടയാക്കിയത്. വൈകാതെ തന്നെ സിവില്‍ ഡിഫന്‍സ് അധികൃതരത്തെി നടപടികള്‍ സ്വീകരിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ആയിരത്തിലേറെ പേര്‍ താമസിക്കുന്ന കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന നൂറുകണക്കിന് കാറുകള്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഉടന്‍ എടുത്തുമാറ്റിയതിനാല്‍ തീക്കട്ടകള്‍ അവക്ക് മുകളില്‍ പതിക്കാതെ രക്ഷപ്പെട്ടു. സംഭവസമയത്ത് പലരും ഭക്ഷണം കഴിക്കാനുള്ള തയാറെടുപ്പിലായിരുന്നു.
തീ പിടിച്ച വിവരം അറിഞ്ഞതോടെ വിളമ്പി വെച്ച ഭക്ഷണം വലിച്ചെറിഞ്ഞ് ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്ന് മലയാളിയായ സുധീര്‍ പറഞ്ഞു. അടുത്തുള്ള കച്ചവടക്കാര്‍ വിളിച്ചുപറഞ്ഞാണ് മറ്റു പല കെട്ടിടങ്ങളിലെയും താമസക്കാര്‍ വിവരം അറിഞ്ഞത്. ആറാം നമ്പര്‍ കെട്ടിടത്തിനാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്.
നിരവധി മലയാളികള്‍ ഈ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്നുണ്ട്. കടലിനോട് അടുത്ത പ്രദേശമായതിനാലുണ്ടായ കാറ്റ് തീ പെട്ടെന്ന് പടരാന്‍ ഇടയാക്കി. മുഴുവന്‍ കെട്ടിടങ്ങളില്‍ നിന്നും താമസക്കാരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. 300ഓളം പേര്‍ക്ക് കെട്ടിട ഉടമസ്ഥര്‍ രാത്രി മൂന്നുമണിയോടെ താമസ സൗകര്യം ഒരുക്കി. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ മാറി താമസിക്കാന്‍ കഴിയാത്ത നിരവധി പേര്‍ പാര്‍ക്ക് ചെയ്ത കാറുകളില്‍ കഴിഞ്ഞുകൂടുന്നത് കാണാമായിരുന്നു.
പുലര്‍ച്ചെയോടെയാണ് തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞത്. തീപിടിത്തം ഏറെ നേരത്തേക്ക് പ്രദേശത്ത് ഗതാഗത തടസ്സത്തിനും കാരണമായി. ചൊവ്വാഴ്ച നഗരസഭ അധികൃതര്‍ പരിസരം ശുചീകരിച്ചു.
തീപിടിത്തത്തില്‍ നിസ്സാര പരിക്കേറ്റ അഞ്ചുപേര്‍ക്ക് സംഭവ സ്ഥലത്ത് ചികിത്സ നല്‍കി. രണ്ട് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അടക്കം ഏഴുപേരെ ആശുപത്രിയിലേക്ക് മാറ്റി. അബൂദബി, ദുബൈ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ സിവില്‍ ഡിഫന്‍സും അജ്മാന്‍ സിവില്‍ ഡിഫന്‍സിന് പുറമെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
യു.എ.ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ രാത്രി തന്നെ അജ്മാനിലത്തെി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. അപകട കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
