അബൂദബിയില്‍ പാട്ടുകാര്‍ക്കൊരു വീടുണ്ട്; കൂട്ടുകാരനും
text_fieldsഅബൂദബി: ഹംദാന്‍ സ്ട്രീറ്റില്‍ ഡു ബില്‍ഡിങിന് സമീപമുള്ള ഗര്‍ഗാഷി ട്രേഡിങ് കെട്ടിടത്തിലെ 16ാം നിലയിലെ 1601ാം നമ്പര്‍ ഫ്ളാറ്റ് സംഗീതകാരന്‍മാര്‍ക്കും പാട്ടിനെ സ്നേഹിക്കുന്നവര്‍ക്കും ഒരിക്കലും മറക്കാനാകില്ല. സംഗീതവുമായി ബന്ധപ്പെട്ട് അബൂദബിയിലത്തെുന്നവര്‍ക്കും പാട്ടിനെ സ്നേഹിക്കുന്ന പ്രവാസികള്‍ക്കും എല്ലാം അബൂദബിയിലെ വീടാണ് ഈ ഫ്ളാറ്റ്. ഈ ഫ്ളാറ്റിലെ താമസക്കാരനായ തിരുവനന്തപുരം പെരുമാതുറ സ്വദേശിയും അഡ്നോകില്‍ ജീവനക്കാരനുമായ മുഹമ്മദ് അസ്ലം എന്ന അസ്ലംക്ക പാട്ടുകാരുടെയും മേളക്കാരുടെയും ഉറ്റസുഹൃത്താണ്. രണ്ട് പതിറ്റാണ്ടോളമായി പാട്ടുകാര്‍ക്കൊപ്പമുള്ള ജീവിതമാണ് അസ്ലമിന്‍േറത്. അവതാരകന്‍, പാട്ടുകാരന്‍, അഭിനേതാവ്, സംഘാടകന്‍, സിനിമാ നിര്‍മാതാവ് തുടങ്ങി വിവിധ മേഖലകളില്‍ കൈവെച്ച അസ്ലം, 1975ലാണ് അബൂദബിയിലേക്ക് എത്തുന്നത്. അബൂദബിയിലെ ജീവിതത്തിന് ഇടയില്‍ പാട്ടുകാര്‍ക്കും മേളക്കാര്‍ക്കും അത്താണിയായി മാറുകയായിരുന്നു.
നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ നിരവധി കലാകാരന്‍മാരെ ഉയര്‍ത്തിക്കൊണ്ടുവരാനും അസ്ലമിന് സാധിച്ചു. അബൂദബിയില്‍ ആദ്യമായി മലയാളി സംഗീത കൂട്ടായ്മ രൂപവത്കരിക്കാനും പാട്ടുകാര്‍ക്കും മേളക്കാര്‍ക്കും ഒരുമിച്ചിരിക്കാനും വേദികള്‍ ഒരുക്കാനും നേതൃത്വം നല്‍കിയതും അസ്ലമാണ്. തന്‍െറ ഫ്ളാറ്റിന്‍െറ ഒരു ഭാഗം പാട്ടുകാര്‍ക്കും മേളക്കാര്‍ക്കും പരിശീലനത്തിനുള്ള വേദിയാക്കി മാറ്റി. പാട്ടുകള്‍ പരിശീലിക്കുന്നതിനൊപ്പം വേദികള്‍ ഒരുക്കി നല്‍കുകയും ചെയ്തു. എല്ലാ വെള്ളിയും ശനിയും ദിവസങ്ങളില്‍ അസ്ലമിന്‍െറ ഫ്ളാറ്റില്‍ പാട്ടുകൂട്ടായ്മകളും രൂപപ്പെട്ടു. ഈ കൂട്ടായ്മകളിലൂടെ നിരവധി പാട്ടുകാരും മേളക്കാരും ഉയര്‍ന്നുവരുകയും പരിപാടികള്‍ക്ക് അവസരങ്ങള്‍ ഒരുങ്ങുകയും ചെയ്തു. പാട്ട് അറിയാവുന്നവര്‍ പ്രവാസലോകത്തേക്ക് എത്തിയാല്‍ അസ്ലംക്കയുടെ വീട്ടിലേക്ക് എത്തുന്ന സ്ഥിതി വിശേഷമായി. ഇതോടൊപ്പം പലയിടങ്ങളിലായി ചിതറിക്കഴിഞ്ഞിരുന്ന സംഗീത ഉപകരണങ്ങള്‍ വായിക്കുന്നവര്‍ക്ക് ഒരുമിച്ചിരിക്കാനും അവസരം ഒരുങ്ങി. ഈ കൂട്ടായ്മ അബൂദബിയിലെ ആദ്യ മലയാള സംഗീത ട്രൂപ്പിന്‍െറ രൂപവത്കരണത്തിനും വഴിവെച്ചു. ഫാന്‍റസി എന്‍റര്‍ടെയ്നേഴ്സ് എന്ന പേരില്‍ ആരംഭിച്ച ട്രൂപ്പിലൂടെ നിരവധി പ്രവാസി കലാകാരന്‍മാര്‍ക്കാണ് വേദികള്‍ ലഭ്യമായത്. പാട്ടിനെ ഇഷ്ടപ്പെട്ട് അസ്ലംക്കയുടെ വീട്ടിലേക്ക് എത്തിയ പലരും അറിയപ്പെടുന്ന കലാകാരന്‍മാരും ആയി മാറി. മുഹമ്മദ് റഫിയുടെയും ലതാ മങ്കേഷ്കറുടെയും പാട്ടുകള്‍ കേട്ട് വളര്‍ന്ന അസ്ലമിന്‍െറ ഇഷ്ട ഗായകന്‍ യേശുദാസാണ്. തന്‍െറ മകള്‍ ലൗലിയുടെ സംഗീത താല്‍പര്യമാണ് വീട് തന്നെ പരിശീലന കളരിയും അരങ്ങുമായി മാറാന്‍ കാരണമെന്ന് അസ്ലം പറയുന്നു.
അബൂദബിയില്‍ ആദ്യ കാലത്ത് എത്തിയപ്പോള്‍ സാഹിത്യ കൂട്ടായ്മകളായിരുന്നു സജീവമെന്ന് അസ്ലം പറഞ്ഞു. പുസ്തകങ്ങള്‍ വായിക്കുകയും ചര്‍ച്ച ചെയ്യുകയുമായിരുന്നു പതിവ്. മിനയിലും മറ്റുമായി പുസ്തക കൂട്ടായ്മകളും ഉണ്ടായിരുന്നു.
സാഹിത്യ കൂട്ടായ്മകള്‍ സജീവമായിരുന്ന കാലത്ത് തന്നെയാണ് സംഗീത മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഇതിനിടെ അബൂദബിയിലെ പല പരിപാടികളുടെയും അവതാരകനായും മാറി. നിരവധി സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുകയും ചെയ്തു. നാട്ടില്‍ നിന്നുള്ള പ്രമുഖ കലാകാരന്‍മാര്‍ക്കൊപ്പം പ്രവാസികള്‍ക്കും അവസരം നല്‍കുന്ന രീതിയിലായിരുന്നു സ്റ്റേജ് ഷോകള്‍. സ്റ്റേജ് ഷോകളിലുടെ രോഗം മൂലവും മറ്റും പ്രയാസം അനുഭവിക്കുന്ന കലാകാരന്‍മാര്‍ക്ക് കൈത്താങ്ങാകാനും സാധിച്ചു. കരള്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അബൂദബിയിലെ തബലിസ്റ്റിന് ചികിത്സക്ക് മാത്രമായി സ്റ്റേജ് ഷോ സംഘടിപ്പിക്കുകയും കരള്‍ മാറ്റിവെക്കലിനുള്ള തുക സംഘടിപ്പിക്കുകയും ചെയ്യാന്‍ അസ്ലമിന്‍െറ നേതൃത്വത്തിലുള്ള കൂട്ടായ്മക്ക് കഴിഞ്ഞു. ഇതിനിടെ, അഭിനയത്തിലും ഒരു കൈനോക്കി. റഷ്യന്‍ സഹായത്തോടെ രാജീവ് നാഥ് ഒരുക്കിയ ‘ബാബിലോണ’ എന്ന സിനിമയിലും നിരവധി ഹ്രസ്വചിത്രങ്ങളിലും വേഷമിട്ടു.
അല്‍ഐനിലും അബൂദബി ഐ.എസ്.സിയിലും നടന്ന ഹ്രസ്വചിത്ര മേളകളില്‍ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. വിനീത് ശ്രീനിവാസന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ജേക്കബിന്‍െറ സ്വര്‍ഗരാജ്യം’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ പത്മരാജനുമായുളള അടുത്ത സൗഹൃദം നിര്‍മാതാവാക്കി മാറ്റുകയും ചെയ്തു. പത്മരാജന്‍ സംവിധാനം ചെയ്ത് ജയറാമും ശോഭനയും അഭിനയിച്ച ‘ഇന്നലെ’ എന്ന ചിത്രം നിര്‍മിച്ചതും അസ്ലം ആണ്. ജാന്‍സയാണ് ഭാര്യ. മക്കളായ ലൗലിയും ജാസിമും സംഗീത ലോകത്ത് സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.