അറബ് സംഗീത ഷോ ഫൈനലില്‍ മലയാളത്തിന്‍െറ മീനാക്ഷിയും
text_fieldsഷാര്‍ജ: സ്ഫുടതയാര്‍ന്ന അറബിയില്‍ മീനാക്ഷി ജയകുമാര്‍ പാടി തുടങ്ങുമ്പോള്‍ വിധികര്‍ത്താക്കളായി ഇരിക്കുന്ന പ്രമുഖ അറബ് ഗായകരുടെ മുഖത്ത് അദ്ഭുതം നിറയും. എങ്ങിനെയാണ് ഒരു മലയാളി കുട്ടി ഇത്രയും മനോഹരമായി അറബ് ഗാനം ആലപിക്കുന്നതെന്ന ചിന്ത കേള്‍വിക്കാരന്‍െറ മനസിലും നിറയും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഷാര്‍ജ ടി.വി നടത്തുന്ന സംഗീത റിയാലിറ്റി ഷോയിലെ ഫൈനല്‍ റൗണ്ടില്‍ മലയാളത്തിന്‍െറ മീനാക്ഷിക്കുട്ടിയുമുണ്ട്.
ഷാര്‍ജ ജെംസ് മില്ളേനിയം സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന സംഗീത മത്സര പരിപാടിയാണിത്. പാട്ടുകാരന്‍ എന്ന് അര്‍ഥം വരുന്ന മുന്‍ഷിദ് എന്നാണ് പരിപാടിയുടെ പേര്. എട്ട് പേരാണ് ഫൈനല്‍ റൗണ്ടില്‍ എത്തിയിരിക്കുന്നത്. ഏഴുപേരും അറബ് വിദ്യാര്‍ഥികളാണ്. അറബ് സിനിമാ,ആല്‍ബം ഗാനങ്ങള്‍ക്കല്ല മത്സരത്തില്‍ മുന്‍ഗണന. പ്രപഞ്ച നാഥനെക്കുറിച്ചും പ്രകൃതിയെ കുറിച്ചുള്ള ഗാനങ്ങളും നാടോടി പാട്ടുകളുമാണ് മത്സരത്തിലുള്ളത്. അത് കൊണ്ട് തന്നെ മത്സരം വെല്ലുവിളി നിറഞ്ഞതാണെന്ന് മീനാക്ഷി പറഞ്ഞു.
അറബ്, ഇംഗ്ളീഷ് ഭാഷകളിലുള്ള ഗാനങ്ങള്‍ ചേരും പടി ചേര്‍ത്താണ് മീനാക്ഷി ആലപിക്കുന്നത്. അതുകൊണ്ട് മത്സരങ്ങളില്‍ മീനാക്ഷിക്ക് നിറയെ ആരാധകരുണ്ട്.
പ്രശസ്ത അറബ്-ഇംഗ്ളീഷ് ഗായകന്‍ മാഹിര്‍ സെയിനിന്‍െറ ഗാനങ്ങള്‍ പുറത്തെടുത്താണ് മീനാക്ഷി വിധികര്‍ത്താക്കളുടെയും പ്രേക്ഷകരുടെയും കൈയടി നേടുന്നത്. ഹാരിസ് ജെയുടെ ഇംഗ്ളീഷ് ഗാനങ്ങളും ആലപിക്കുന്നു. അറബ് വാക്കുകളുടെ ഉച്ചാരണത്തില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെയുള്ള ആലാപന മികവ് വിധികര്‍ത്താക്കളുടെ പ്രത്യേക അഭിനന്ദനത്തിന് അര്‍ഹമായി. മാര്‍ച്ച് 31ന് രാവിലെ 10 മണിക്ക് ഷാര്‍ജ യുണിവേഴ്സിറ്റി ഹാളിലാണ് ഫൈനല്‍ മത്സരം നടക്കുക.
ഫൈനല്‍ മത്സരങ്ങള്‍ക്ക് മുമ്പായി മീനാക്ഷിക്ക് നമ്മുടെ പിന്തുണ ആവശ്യമുണ്ട്. ആലാപന മികവിനോടൊപ്പം തന്നെ പ്രേക്ഷകരുടെ പിന്തുണയും നോക്കിയാണ് വിജയിയെ നിര്‍ണയിക്കുക. മീനാക്ഷിക്ക് വോട്ട് ചെയ്യാന്‍ http://munshid.smc.ae/vote/ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക. അതില്‍ മത്സരാര്‍ഥികളുടെ ഫോട്ടോ തെളിയും. അതില്‍ മീനാക്ഷിയുടെ ഫോട്ടോയില്‍ ക്ളിക്ക് ചെയ്യുക. എന്നിട്ട് ഫേസ് ബുക്കില്‍ ചെയ്യര്‍ ചെയ്യുക.
അറബിയിലാണ് ഇതുള്ളത്. ഇംഗ്ളീഷിലേക്ക് തര്‍ജമ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഒരാള്‍ക്ക് 24 മണിക്കൂറില്‍ ഒരു വോട്ട് രേഖപ്പെടുത്താം.
ഫൈനല്‍ മത്സരം വരെ ഇതിനുള്ള സൗകര്യമുണ്ട്. മലയാളികള്‍ ഒന്ന് ആഞ്ഞുപിടിച്ചാല്‍ നമ്മുടെ മീനാക്ഷിക്കുട്ടിക്ക് സമ്മാനം ഉറപ്പാണ്. മൂന്നര വയസ് മുതല്‍ മീനാക്ഷി സംഗീതം അഭ്യസിക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ച് കൊല്ലമായി അബുദബിയിലെ ദിവ്യ വിമലിന്‍െറ ശിക്ഷണമാണ്. കഴിഞ്ഞ കൊല്ലം വരെ കുടുംബസമേതം അബുദബിയിലായിരുന്നു താമസം. അബുദബി സോഷ്യല്‍ സെന്‍റര്‍, കല, മലയാളി സമാജം തുടങ്ങിയവയുടെ പരിപാടികളിലെല്ലാം പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്.
യു.എ.ഇയില്‍ സിവില്‍ എന്‍ജിനീയറായ അങ്കമാലി സ്വദേശി ജയകുമാറിന്‍െറയും ആയൂര്‍വേദ ഡോക്ടര്‍ രേഖയുടെയും മകളാണ് മീനാക്ഷി. സഹോദരി കല്ല്യാണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
