ദാനധര്‍മ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദുബൈയില്‍ പ്രത്യേക കേന്ദ്രം
text_fieldsദുബൈ: ലോകമെമ്പാടുമുള്ള ദാനധര്‍മ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദുബൈ ആസ്ഥാനമായി പ്രത്യേക കേന്ദ്രം വരുന്നു. ഇത്തരത്തിലുള്ള ലോകത്തെ ആദ്യ കേന്ദ്രമാണിത്. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് കേന്ദ്രത്തിന്‍െറ പ്രഖ്യാപനം നടത്തിയത്. യു.എ.ഇയെ ലോക മനുഷ്യത്വ തലസ്ഥാനമാക്കി മാറ്റുകയെന്ന പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ പദ്ധതികള്‍ക്കായി 500 കോടി ദിര്‍ഹത്തിന്‍െറ എന്‍ഡോവ്മെന്‍റും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
മുഹമ്മദ് ബിന്‍ റാശിദ് എന്‍ഡോവ്മെന്‍റ് കണ്‍സള്‍ട്ടന്‍സി എന്നായിരിക്കും കേന്ദ്രത്തിന്‍െറ പേര്. ലോകമെമ്പാടുമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്രം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. രഹസ്യമായി ദാനധര്‍മങ്ങള്‍ നിര്‍വഹിക്കുന്നവര്‍ക്ക് അത് വ്യവസ്ഥാപിതമായി ചെയ്യാനുള്ള വേദിയൊരുക്കുകയാണ് കേന്ദ്രമെന്ന് ശൈഖ് മുഹമ്മദ് പദ്ധതി പ്രഖ്യാപന വേളയില്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍ക്ക് മുമ്പില്‍ ദാനധര്‍മങ്ങളുടെ വാതില്‍ തുറന്നിടുകയാണ്. വര്‍ഗ, വര്‍ണ വിവേചനമില്ലാതെ എല്ലാ മനുഷ്യര്‍ക്കും കേന്ദ്രത്തിന്‍െറ സേവനങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ സൗജന്യമായായിരിക്കും ലഭ്യമാക്കുക. വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്‍റുകള്‍ നല്‍കുകയും സമ്മേളനങ്ങളും ശില്‍പശാലകളും സംഘടിപ്പിക്കുകയും ചെയ്യും.
യു.എ.ഇയിലെയും അറബ് ലോകത്തെയും ദാനധര്‍മ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബൈ ഒൗഖാഫിന് കീഴില്‍ എന്‍ഡോവ്മെന്‍റ് ഡിസ്ട്രിക്റ്റ് രൂപവത്കരിക്കും. ശൈഖ് മുഹമ്മദ് നല്‍കുന്ന ഭൂമിയില്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതി നടപ്പാക്കുകയും അതില്‍ നിന്നുള്ള വരുമാനം എന്‍ഡോവ്മെന്‍റുകള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യും.
വിജ്ഞാനാധിഷ്ഠിത പദ്ധതികള്‍, ശാസ്ത്ര- സാങ്കേതിക ഗവേഷണങ്ങള്‍, വായന പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവക്കായിരിക്കും 500 കോടി ദിര്‍ഹം ചെലവഴിക്കുക. കേന്ദ്രം പ്രഖ്യാപന ചടങ്ങില്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, കാബിനറ്റ്- ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
