സ്കൂള്‍ ബസുകളുടെ നീക്കം നിരീക്ഷിക്കാന്‍ ജി.പി.എസ് സംവിധാനം
text_fieldsദുബൈ: സ്കൂള്‍ ബസുകളുടെ നീക്കം നിരീക്ഷിക്കാനുള്ള ഇലക്ട്രോണിക് സംവിധാനം ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കുന്നു. ഇതിനായുള്ള ജി.പി.എസ് ഉപകരണം എല്ലാ സ്കൂള്‍ ബസുകളിലും സ്ഥാപിക്കണമെന്ന് ആര്‍.ടി.എ നിര്‍ദേശം നല്‍കി. സ്കൂള്‍ ബസുകളുടെ സീറ്റിങ് ശേഷി വര്‍ധിപ്പിക്കാനും മിനിബസുകള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആര്‍.ടി.എ പ്ളാനിങ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്‍റ് വിഭാഗം ഡയറക്ടര്‍ ആദില്‍ ശാകിരി പറഞ്ഞു.
സ്കൂള്‍ ബസുകള്‍ എവിടെയത്തെിയെന്ന് അധികൃതര്‍ക്ക് അറിയാന്‍ കഴിയുന്ന വിധത്തിലാണ് ഇലക്ട്രോണിക് സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. ബസില്‍ ഘടിപ്പിച്ച ജി.പി.എസ് ഉപകരണത്തില്‍ നിന്ന് വിവരങ്ങള്‍ അതത് സമയം അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും ലഭിക്കും. സ്കൂള്‍ ബസുകളെ സംബന്ധിച്ച നിരവധി പരാതികള്‍ക്ക് ഇതോടെ അറുതിയാകും. മിനിബസുകള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ 2014 ഒക്ടോബറില്‍ ആര്‍.ടി.എ തീരുമാനിച്ചിരുന്നു. 18 മാസത്തെ സമയം ഇതിനായി അനുവദിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ മിനിബസുകള്‍ക്ക് നിരോധം നിലവില്‍ വന്നു. ദുബൈയിലെ 30 ശതമാനം സ്കൂള്‍ വാഹനങ്ങളും മിനിബസുകളായിരുന്നു. സുരക്ഷിതമല്ളെന്ന് കണ്ടത്തെിയതിനാലാണ് ഇവ നിരോധിക്കാന്‍ തീരുമാനിച്ചത്. നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കുറക്കുകയെന്നതും ലക്ഷ്യമാണ്. വലിയ ബസുകളില്‍ കൂടുതല്‍ സീറ്റുകള്‍ ഒരുക്കും. 3+2 എന്ന രീതിയില്‍ സീറ്റുകള്‍ സജ്ജീകരിക്കും. ഇതോടെ 60 വിദ്യാര്‍ഥികളെ വരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. ഇതുവരെ 2+2 എന്ന രീതിയിലായിരുന്നു സീറ്റ് സജ്ജീകരണം. 40 വിദ്യാര്‍ഥികള്‍ക്കുള്ള സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. കൂടുതല്‍ സീറ്റുകള്‍ സ്ഥാപിക്കുന്നതോടെ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ സാധിക്കും. രണ്ട് അഗ്നിശമന ഉപകരണങ്ങളും പ്രഥമ ശുശ്രൂഷാ കിറ്റുകളും ബസുകളില്‍ സ്ഥാപിക്കണം. രണ്ട് അറ്റന്‍റര്‍മാരും വേണം.
ബസുകളുടെ വേഗം മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടാന്‍ പാടില്ല. 5000ഓളം സ്കൂള്‍ ബസുകളില്‍ 1.5 ലക്ഷം വിദ്യാര്‍ഥികളാണ് ദുബൈയില്‍ യാത്ര ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
