മുസഫയിലും മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലും അടിസ്ഥാന സൗകര്യ വികസനം; ചെലവ് 470 ദശലക്ഷം ദിര്‍ഹം
text_fieldsഅബൂദബി: തലസ്ഥാന നഗരിയുടെ തെക്കന്‍ ഭാഗങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിന്‍െറ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുമായി അബൂദബി മുനിസിപ്പാലിറ്റി മുന്നോട്ട്. മുഹമ്മദ് ബിന്‍ സായിദ് സിറ്റി, മുസഫ എന്നിവിടങ്ങളിലാണ് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മൊത്തം 470 ദശലക്ഷം ദിര്‍ഹം ചെലവിലാണ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്.
ഉള്‍ഭാഗങ്ങളിലെ റോഡുകള്‍, പാര്‍ക്കുകള്‍, കായികകേന്ദ്രങ്ങള്‍, റിസര്‍വോയറുകള്‍, ജലസേചന ശൃംഖലകള്‍, പമ്പിങ് സ്റ്റേഷനുകള്‍ തുടങ്ങിയവയാണ് നിര്‍മിക്കുന്നത്. നഗരത്തിന്‍െറ അടിസ്ഥാന സൗകര്യ വികസനത്തിന് സുപ്രധാന സ്ഥാനമാണ് നല്‍കുന്നതെന്ന് മുനിസിപ്പാലിറ്റി ആക്ടിങ് ജനറല്‍ മാനേജര്‍ മുസബ്ബഹ് അല്‍ മുറാര്‍ പറഞ്ഞു.
മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ഉള്‍റോഡുകള്‍ നിര്‍മിക്കുന്നതിനാണ് 200 ദശലക്ഷം ദിര്‍ഹം നീക്കിവെച്ചിരിക്കുന്നത്. റോഡുകള്‍ വികസിപ്പിക്കുന്നതിനൊപ്പം നടപ്പാതകളും പാര്‍ക്കിങ് സ്ഥലങ്ങളും റോഡ് സൂചനകളും അടയാളങ്ങളും ഒരുക്കുന്നതിനും ഈ തുക ഉപയോഗിക്കുന്നുണ്ട്. 2015 ജനുവരിയിലാണ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ പദ്ധതി ആരംഭിച്ചത്. 150 കേന്ദ്രങ്ങളിലായാണ് റോഡുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. 70 ശതമാനം നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ആദ്യ ഘട്ടം 2016 ജൂണോട് കൂടി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് മുസബ്ബഹ് അല്‍ മുറാര്‍ പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ 182 സ്ഥലങ്ങളിലായാണ് റോഡ് വികസനം നടപ്പാക്കുക. ഇതോടൊപ്പം തെരുവുവിളക്കുകളുടെ ശൃംഖലയും ഏഴ് വൈദ്യുത ട്രാന്‍സ്ഫോര്‍മര്‍ സബ്സ്റ്റേഷനുകളും നിര്‍മിക്കുന്നുണ്ട്. ജല, അഗ്നിശമന, മാലിന്യ ജല ശൃംഖലകള്‍ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പാര്‍ക്കുകളുടെ നിര്‍മാണവും നടക്കുന്നുണ്ട്. വിവിധോദ്ദേശ്യ കളിസ്ഥലങ്ങള്‍, കായിക കോര്‍ട്ടുകള്‍, ശുചിമുറികള്‍ തുടങ്ങിയവയോടെ 45 ദശലക്ഷം ദിര്‍ഹം ചെലവിലാണ് പാര്‍ക്കുകളുടെ നിര്‍മാണം. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ 16.5 ദശലക്ഷം ദിര്‍ഹം ചെലവില്‍ 19662 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പാര്‍ക്കാണ് നിര്‍മിക്കുന്നത്.
11 ദശലക്ഷം ദിര്‍ഹം വീതം ചെലവിട്ട് 14000 ചതുരശ്ര മീറ്ററും 12000 ചതുരശ്ര മീറ്ററും വിസ്തീര്‍ണമുള്ള രണ്ട് പാര്‍ക്കുകളും നിര്‍മിക്കുന്നുണ്ട്. 5023 ചതുരശ്ര മീറ്ററുള്ള പാര്‍ക്ക് നിര്‍മിക്കുന്നതിന് 6.6 ദശലക്ഷം ദിര്‍ഹത്തിന്‍െറ കരാറും മുനിസിപ്പാലിറ്റി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.