‘റീഡിങ് നാഷന്‍’ പദ്ധതി സമാപിച്ചു: സമാഹരിച്ചത് 82 ലക്ഷം പുസ്തകങ്ങള്‍
text_fieldsദുബൈ: ലോകമെങ്ങുമുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ പുസ്തകമത്തെിക്കാനുള്ള ‘റീഡിങ് നാഷന്‍’ പദ്ധതിയിലൂടെ 82 ലക്ഷം പുസ്തകങ്ങള്‍ സമാഹരിച്ചു. 50 ലക്ഷം പുസ്തകങ്ങള്‍ ലക്ഷ്യമിട്ട് തുടങ്ങിയ കാമ്പയിന്‍ വന്‍ വിജയമായിരുന്നുവെന്ന് പദ്ധതിയുടെ സമാപനം കുറിച്ച് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു. അഭയാര്‍ഥി ക്യാമ്പുകളിലെ ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് പദ്ധതി വെളിച്ചം പകരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
റമദാന്‍ മാസത്തില്‍ നടത്തിയ കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എട്ടുകോടിയോളം ദിര്‍ഹം സംഭാവനയായി ലഭിച്ചു. പദ്ധതിക്ക് വേണ്ടി നടത്തിയ അപൂര്‍വ വസ്തുക്കളുടെ ലേലത്തിലൂടെ നാല് കോടിയോളം ദിര്‍ഹമാണ് ലഭിച്ചത്. 700ലധികം വളണ്ടിയര്‍മാര്‍ പുസ്തകങ്ങള്‍ ശേഖരിക്കാനും തരംതിരിക്കാനും സംഭാവനകള്‍ സ്വീകരിക്കാനുമായി പ്രവര്‍ത്തിച്ചു. എല്ലാവര്‍ഷവും റമദാനില്‍ യു.എ.ഇ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ‘റീഡിങ് നാഷന്‍’ പദ്ധതിയെന്ന് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ളോബല്‍ ഇനിഷേറ്റീവ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഗര്‍ഗാവി പറഞ്ഞു.
വായിക്കാന്‍ ആഹ്വാനം ചെയ്ത വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസത്തില്‍ തന്നെ ഇത്തരമൊരു പുണ്യപ്രവൃത്തി ചെയ്യാനായതില്‍ അഭിമാനമുണ്ട്. രാഷ്ട്രപിതാവ് ശൈഖ് സായിദ് തുടങ്ങിവെച്ച ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് രാഷ്ട്രനായകര്‍ തുടരുന്നത്. വിജ്ഞാന വ്യാപനത്തിലൂടെ ദാരിദ്ര്യം ഇല്ലാതാക്കാനാകുമെന്നാണ് കരുതുന്നത്. പുസ്തകങ്ങള്‍ വിവിധ രാജ്യങ്ങളില്‍ വിതരണം ചെയ്യാനുള്ള പ്രവൃത്തികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിനായി അറബ്, മുസ്ലിം രാജ്യങ്ങളിലെ സ്കൂളുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഗുണഭോക്താക്കളായ സ്കൂള്‍ ലൈബ്രറികളുടെ എണ്ണം 2000ല്‍ നിന്ന് 3500 ആക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുഹമ്മദ് അല്‍ ഗര്‍ഗാവിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. വിദ്യാഭ്യാസ മന്ത്രാലയം, ദുബൈ കെയേഴ്സ്, ഇന്‍റര്‍നാഷണല്‍ ഹ്യൂമനിറ്റേറിയന്‍ സിറ്റി, എമിറേറ്റ്സ് റെഡ്ക്രസന്‍റ്, ദുബൈ ഗവണ്‍മെന്‍റ് മീഡിയ ഓഫിസ്, ഡു, ഇത്തിസാലാത്ത്, അബൂദബി മീഡിയ, ദുബൈ മീഡിയ, അറബ് മീഡിയ തുടങ്ങിയവയുടെ പ്രതിനിധികളും കമ്മിറ്റിയിലുണ്ടായിരുന്നു.
രാജ്യത്തെ 500ഓളം സ്കൂളുകള്‍ പദ്ധതിയുമായി സഹകരിച്ചു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ ശേഖരിച്ച് കൈമാറി. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പദ്ധതിക്കായി ഉദാരമായി സംഭാവന ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
