ശുചിത്വം പാലിക്കാത്തതിന് ദുബൈയില്‍ 1241 സലൂണുകള്‍ക്ക് പിഴ
text_fieldsദുബൈ: ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിന് ജനുവരി മുതല്‍ 1241 സലൂണുകള്‍ക്ക് പിഴ ചുമത്തിയതായി ദുബൈ നഗരസഭ അറിയിച്ചു. 11 ലക്ഷത്തോളം ദിര്‍ഹം പിഴയായി ഈടാക്കി. പെരുന്നാള്‍ തിരക്ക് പരിഗണിച്ച് വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് നഗരസഭ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി വിഭാഗം ഡയറക്ടര്‍ മര്‍വാന്‍ അല്‍ മുഹമ്മദ് അറിയിച്ചു.
നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത 3200 സലൂണുകളാണ് ദുബൈയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പകുതിയിലും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഉപകരണങ്ങള്‍ അണുവിമുക്തമാക്കാതെ ഉപയോഗിക്കുക, ഡിസ്പോസിബിള്‍ ഉപകരണങ്ങള്‍ വീണ്ടും ഉപയോഗിക്കുക, ശുചിത്വം പാലിക്കാതിരിക്കുക എന്നിവയാണ് പ്രധാന നിയമലംഘനങ്ങള്‍. ശുചിത്വം പാലിക്കേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ച് സലൂണ്‍ ഉടമകളെ ബോധവത്കരിക്കുന്നതിന് നഗരസഭ കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. ജൂലൈ രണ്ട് വരെയാണ് ‘ബി അവയര്‍’ എന്ന പേരിലുള്ള കാമ്പയിന്‍. ഉടമകള്‍ക്ക് പുറമെ സലൂണ്‍ ജീവനക്കാര്‍ക്കും ബോധവത്കരണ സന്ദേശങ്ങള്‍ കൈമാറും. ദേര, ബര്‍ദുബൈ, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ നഗരസഭ ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന നടത്തും. ദിവസവും രാവിലെ ഒമ്പത് മുതല്‍ 11 വരെ സലൂണുകള്‍ സന്ദര്‍ശിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യും. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന സലൂണുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ 800900 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
