പൂച്ചകളോട് പുഞ്ചിരിക്കുന്ന ഡോക്ടര്‍
text_fieldsഅബൂദബി: ഈ മാസാദ്യം അബൂദബിയിലെ എല്‍.എല്‍.എച്ച് ആശുപത്രിക്ക് മുന്നിലൂടെ നടക്കുകയായിരുന്നു ബ്രിട്ടീഷുകാരിയായ ട്രേസി ഹ്യൂഗ്സ്. പെട്ടെന്നാണ് ഒരു പൂച്ചക്കുട്ടിയുടെ കരച്ചില്‍ കേട്ടത്. ചുറ്റും നോക്കിയിട്ടും പൂച്ചയെ കണ്ടില്ല. വീണ്ടും കരച്ചില്‍ കേട്ട് തെരഞ്ഞപ്പോഴതാ ഓവുചാലിലെ പൈപ്പില്‍ ഒരു കുഞ്ഞുപൂച്ച കുടുങ്ങിക്കിടക്കുന്നു. ‘ആനിമല്‍ വെല്‍ഫയര്‍ അബൂദബി’ അംഗമായ ട്രേസി ഉടനെ സംഘടനയുടെ സ്ഥാപകയായ ഡോ. സൂസന്‍ ആയ്ലോട്ടിനെ ഫോണില്‍ വിളിച്ചു. ഡോ. സുസനും സംഘടനയിലെ മറ്റു മൂന്ന് അംഗങ്ങളും സംഭവസ്ഥലത്ത് എത്തി. പൂച്ചക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
രക്ഷാപ്രവര്‍ത്തനം എളുപ്പമല്ളെന്ന് മനസ്സിലാക്കിയ സംഘം അഞ്ച് ദിവസം പൈപ്പിലെ ചെറിയ ദ്വരത്തിലൂടെ അതിന് ഭക്ഷണവും വെള്ളവും നല്‍കി. ആറാം ദിവസം പൊലീസിന്‍െറ സഹായത്തോടെ ഒരു പാതയിലെ ഗതാഗതം തടഞ്ഞ് മാന്‍ഹോള്‍ നീക്കി പൂച്ചക്കുട്ടിയെ രക്ഷിച്ചു. 2015 ഏപ്രിലില്‍ രൂപവത്കരിക്കപ്പെട്ട ‘ആനിമല്‍ വെല്‍ഫെയര്‍’ നിരവധി മൃഗങ്ങളെയാണ് രക്ഷിച്ച് പരിപാലിച്ചുപോരുന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സ്ഥാപക ഡോ. സൂസന്‍ എല്‍.ജെ. ആയ്ലോട്ട് സംസാരിക്കുന്നു.
ഉണര്‍ത്തിയത് പൂച്ചകളുടെ കരച്ചില്‍
അബൂദബിയില്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ച് പൂച്ചകള്‍ കൂടുതലാണ്. തെരുവുകളിലും റോഡിലുമെല്ലാം ഇവയെ കാണാം. പെട്ടെന്ന് കാണുമ്പോള്‍ ഒരു പൂച്ച എന്ന് മാത്രം നമുക്ക് തോന്നാമെങ്കിലും സസൂക്ഷ്മം വീക്ഷിക്കുമ്പോഴാണ് അവയുടെ പ്രയാസങ്ങളും ദുരിതങ്ങളും അറിയാന്‍ കഴിയുക. ചുറ്റിലും ഭക്ഷണമുണ്ടെങ്കിലും അവയുടെ മണം മാത്രമാണ് മിക്ക പൂച്ചകള്‍ക്കും ലഭിക്കുന്നത്. ഭക്ഷണക്കുറവിനേക്കാളേറെ അവയെ പ്രയാസപ്പെടുത്തുന്നത് പരിക്കുകളാണ്. വാഹനങ്ങളിടിച്ചും കെട്ടിടനിര്‍മാണ വസ്തുക്കള്‍ വീണും കാലൊടിഞ്ഞും നടുവൊടിഞ്ഞും തല പൊട്ടിയും നിരവധി പൂച്ചകളെ കണ്ടിട്ടുണ്ട്. ഈ പൂച്ചകളുടെ പ്രയാസങ്ങള്‍ പരിഹരിക്കണമെന്ന ചിന്തയാണ് ‘ആനിമല്‍ വെല്‍ഫയര്‍’ എന്ന സംഘടനയുടെ രൂപവത്കരണത്തിലേക്ക് എന്നെയത്തെിച്ചത്.
മൃഗസ്നേഹിയാണെങ്കില്‍ വരൂ
2015 ഏപ്രിലിലാണ് ആനിമല്‍ വെല്‍ഫയര്‍ രൂപവത്കരിച്ചത്. ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും അംഗങ്ങളുടെ എണ്ണം 600 കവിഞ്ഞു. ഇന്ത്യക്കാരും യു.എ.ഇക്കാരും ഇംഗ്ളീഷുകാരുമടക്കം വിവിധ രാജ്യക്കാര്‍ ഇതില്‍ അംഗങ്ങളാണ്. ആരുടെയെങ്കിലും മനസ്സില്‍ മൃഗസ്നേഹമുണ്ടോ അവര്‍ക്കൊക്കെയും ആനിമല്‍ വെല്‍ഫയറില്‍ അംഗങ്ങളാവാം. അംഗത്വഫീസ് ഒന്നുമില്ല.
അംഗങ്ങളാകുന്നവര്‍ക്കെല്ലാം മൃഗപരിപാലനത്തില്‍ പരിശീലനം നല്‍കും. ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ആത്മാര്‍ഥമായി മൃഗപരിപാലനം നടത്തുന്ന പ്രവര്‍ത്തകരാണ് സംഘടനയുടെ ശക്തി.
സംരക്ഷണം സമഗ്രം
മൃഗങ്ങളുടെ സമഗ്രമായ സംരക്ഷണമാണ് സംഘടനയുടെ ലക്ഷ്യം. യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ മറ്റു ചില മൃഗക്ഷേമ തല്‍പര സംഘടനകളുണ്ട്. എല്ലാവരുടെയും പ്രവര്‍ത്തനങ്ങള്‍ മൃഗങ്ങള്‍ക്ക് ഗുണകരമാണ്. എന്നാല്‍, മിക്ക സംഘടനകളുടെയും പ്രവര്‍ത്തനം ചില മേഖലകളില്‍ മാത്രം പരിമിതമാണ്. ആനിമല്‍ വെല്‍ഫയര്‍ മൃഗങ്ങള്‍ക്ക് ഭക്ഷണവും താമസയിടവും ചികിത്സയും ലഭ്യമാക്കുന്നു. അലഞ്ഞുനടക്കുന്ന മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാതിരിക്കാന്‍ ആവശ്യാനുസരണം അവയുടെ വന്ധ്യംകരണവും സംഘടന നിര്‍വഹിക്കുന്നു.
അലഞ്ഞുനടക്കുന്ന മൃഗങ്ങള്‍ ഭക്ഷണം കിട്ടാതെ വലയുന്നത് ഒഴിവാക്കാന്‍ ഞങ്ങള്‍ നിരവധി ഭക്ഷ്യ കേന്ദ്രങ്ങള്‍ (ഫീഡിങ് സ്റ്റേഷനുകള്‍) ഒരുക്കിയിട്ടുണ്ട്. അബൂദബി എമിറേറ്റില്‍ ഇത്തരത്തിലുള്ള ഇരുനൂറിലധികം കേന്ദ്രങ്ങളുണ്ട്. അല്‍ഐനിലും ഫുജൈറയിലും പത്ത് വീതം ഭക്ഷ്യകേന്ദ്രങ്ങളുണ്ട്. മറ്റു എമിറേറ്റുകളിലും ഇവ സ്ഥാപിക്കാനുള്ള ആലോചനയിലാണ്. സംഘടനാ വളണ്ടിയര്‍മാരാണ് ഇത്തരം കേന്ദ്രങ്ങളില്‍ ദിവസവും ഭക്ഷണം കൊണ്ടുവെക്കുന്നത്. മാളുകളും ഹോട്ടലുകളും കേന്ദ്രീകരിച്ചും നിരവധി ഭക്ഷ്യകേന്ദ്രങ്ങളുണ്ട്.
ദത്തെടുക്കാം മൃഗങ്ങളെ
ആലംബമറ്റ മൃഗങ്ങളെ ദത്തെടുക്കുന്നത് പുണ്യപ്രവൃത്തിയാണ്. തെരുവില്‍ അലയുന്നതോ പരിക്കേറ്റതോ ആയ മൃഗങ്ങളെ ദത്തെടുക്കാന്‍ ആരെങ്കിലും താല്‍പര്യം പ്രകടിപ്പിച്ചാല്‍ അതിനുള്ള സൗകര്യം സംഘടന ചെയ്തുകൊടുക്കും. ദത്തെടുക്കുന്നയാള്‍ക്ക് മൃഗപരിപാലനത്തില്‍ പരിശീലനം നല്‍കും. നിരവധി മൃഗങ്ങളെ അബൂദബിയിലെയും സമീപ എമിറേറ്റുകളിലെയും മൃഗസ്നേഹികള്‍ ദത്തെടുത്ത് പരിപാലിച്ച് പോരുന്നുണ്ട്.
ക്യാറ്റ്സ് ഓണ്‍ ഐലന്‍റ്
നാലു വര്‍ഷം മുമ്പ് ഞാനും സുഹൃത്തുക്കളും ലുലു ദ്വീപ് സന്ദര്‍ശിച്ചപ്പോഴാണ് അവിടെ ഒരു പറ്റം പൂച്ചകളുണ്ടെന്നും അവയുടെ ജീവിതം പട്ടിണിയും പരിക്കും കാരണം അതി കഷ്ടമാണെന്നും അറിയുന്നത്. അന്നു മുതല്‍ അവയുടെ ഭക്ഷണവും സംരക്ഷണവും ഏറ്റെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
ഇരുപത്തിയേഴോളം പൂച്ചകളായിരുന്നു അന്ന് അവിടെയുണ്ടായിരുന്നത്. ഇന്ന് അവ 165ലധികമായി. മൂന്നാഴ്ചയിലൊരിക്കല്‍ അവിടെയത്തെി പൂച്ചകളുടെ സുഖവിവരങ്ങളന്വേഷിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് മടങ്ങുന്നു.
പ്രവര്‍ത്തനങ്ങള്‍ക്ക് പണം
ആനിമല്‍ വെല്‍ഫയറിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍നിന്നുള്ള സംഭാവനയല്ലാതെ മറ്റൊരു ഫണ്ടും ലഭിക്കുന്നില്ല. എന്നാല്‍, പ്രവര്‍ത്തനമേഖല വിപുലീകൃതമാകുന്തോറും ചെലവ് കൂടുന്നതിനാല്‍ സര്‍ക്കാറില്‍നിന്ന് ഫണ്ട് ലഭ്യമാക്കാന്‍ സാധിക്കുമോ എന്ന കാര്യം ആരായുന്നുണ്ട്.
ഇ.എന്‍.ടി ഡോക്ടര്‍
മൃഗങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ ഞാനൊരു വെറ്ററിനറി ഡോക്ടറാണെന്ന് പലരും കരുതാറുണ്ട്. എന്നാല്‍, ഞാനൊരു ഇ.എന്‍.ടി സ്പെഷലിസ്റ്റ് ഡോക്ടറാണ്. പക്ഷേ, മൃഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങിയതു മുതല്‍ ഇ.എന്‍.ടി മേഖലയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ്. ഭര്‍ത്താവും മെക്കാനിക്കല്‍ എന്‍ജിനീയറുമായ ജൂലിയന്‍ അബൂദബിയില്‍ ജോലി തേടിയതോടെയാണ് ഞാന്‍ ഏഴു വര്‍ഷം മുമ്പ് ഇവിടെയത്തെിയത്.
5000 പുസ്തകം പുറത്ത്, 23 പൂച്ച അകത്ത്
അബൂദബി: ഡോ. സൂസന്‍ എല്‍.ജെ. ആയ്ലോട്ടിന്‍െറ വില്ലയുടെ മുറ്റത്ത് നിറയെ പുസ്തകങ്ങളാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കഥകളും കവിതകളും നോവലുകളും ചിത്രരചനാപരിശീലനവുമൊക്കെയുള്ള പുസ്തകങ്ങള്‍ ചിട്ടയോടെ അടുക്കിവെച്ചിരിക്കുന്നു. വിവിധ ഭാഷയിലുള്ള ഇവയുടെ എണ്ണം 5,000 ത്തിലധികം വരുമെന്ന് ഡോക്ടര്‍ പറയുന്നു.
ലേബര്‍ ക്യാമ്പുകളിലും നിര്‍ധന വീടുകളിലും ഡോക്ടര്‍ ഈ പുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. പണം കൊടുക്കാന്‍ കഴിവുള്ളവര്‍ക്ക് പുസ്തകം വില്‍ക്കുകയും ചെയ്യും. ആ പണം മൃഗസംരക്ഷണത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
വിവിധ എമിറേറ്റുകളിലെ പുസ്തകശാലകളില്‍നിന്നാണ് ഡോക്ടര്‍ പുസ്തകങ്ങള്‍ ശേഖരിക്കുന്നത്. സ്റ്റോക്ക് ക്ളിയറന്‍സ് സമയത്ത് പല പുസ്തകശാല ഉടമകളും ഡോക്ടറെ വിവരമറിയിക്കും. വില്ലയിലേക്ക് കയറിയാല്‍ മുക്കിലും മൂലയിലും പൂച്ചകളെ കാണാം. മൊത്തം 23 പൂച്ചകളുണ്ട്. അലങ്കാരത്തിനായല്ല ഇവയെ പരിപാലിക്കുന്നത്. കൊണ്ടുവന്നപ്പോള്‍ ഇവയില്‍ പലതിനും നടക്കാന്‍ പോലും കഴിയുമായിരുന്നില്ല. അവയെ ചികിത്സിച്ച് ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു. എന്നിട്ടും പൂച്ചകളില്‍ ഭൂരിഭാഗവും അംഗപരിമിതരാണ്.
കാലൊടിഞ്ഞവയും കണ്ണില്ലാത്തവയും വീട്ടിലെ സോഫകളിലും ഭക്ഷ്യമേശയിലും കട്ടിലിലുമൊക്കെയായി കാരുണ്യമനുഭവിക്കുകയാണ്.
തലക്ക് പരിക്കേറ്റ ഒരു പൂച്ചയും കൂട്ടത്തിലുണ്ട്.
ആര്‍ക്കു വേണമെങ്കിലും ഈ പൂച്ചകളിലേതും കൊണ്ടുപോകാം. അവയെ കൃത്യമായി പരിപാലിക്കും എന്ന് ഡോക്ടര്‍ക്ക് ഉറപ്പുകിട്ടണമെന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
