റയാന്‍ ഇന്‍റര്‍നാഷനല്‍ സ്കൂളിലെ സഹോദരങ്ങള്‍ക്ക് പ്രിന്‍സസ് ഡയാന പുരസ്കാരം
text_fieldsഅബൂദബി: കലയിലൂടെ പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഇന്ത്യന്‍ സഹോദരങ്ങളായ വിദ്യാര്‍ഥികള്‍ക്ക് പ്രശസ്തമായ ഡയാന പ്രിന്‍സസ് ഓഫ് വെയില്‍സ് മെമോറിയല്‍ പുരസ്കാരം. റയാന്‍ ഇന്‍റര്‍നാഷനല്‍ സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥി സായി രാഹുല്‍, ഏഴാം ക്ളാസ് വിദ്യാര്‍ഥി സായി രോഹന്‍ എന്നിവരാണ് നേട്ടം കൈവരിച്ചത്. ഇരുവരും ചേര്‍ന്ന് യു.എ.ഇയില്‍ നടത്തിയ ’ആര്‍.ആര്‍സ് വന്യജീവി സംരക്ഷണ കാമ്പയിന്‍’ ആണ് പുരസ്കാരത്തിന് പരിഗണിച്ചത്.
ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിയും അബൂദബി എമിറേറ്റ്സ് സ്റ്റീല്‍സ് സൂപ്പര്‍വൈസറുമായ കെ.വി. ജഗന്നാഥ രാജുവിന്‍െറയും സുനിതയുടെയും മക്കളാണ് ഇരുവരും. അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന മഹത്തായ അംഗീകാരമാണ് ഇതെന്നും വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള വലിയ പ്രോത്സാഹനമാണെന്നും രാഹുല്‍ പറഞ്ഞു. 1999ലാണ് പ്രിന്‍സസ് ഡയാന അവാര്‍ഡ് നല്‍കിത്തുടങ്ങിയത്. ജൂലൈയിലാണ് പുരസ്കാരം വിതരണം ചെയ്യുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഒപ്പ് ചാര്‍ത്തിയ ട്രോഫിയും സര്‍ട്ടിഫിക്കറ്റും പുരസ്കാരത്തിന്‍െറ ഭാഗമായി ഇവര്‍ക്ക് ലഭിക്കും.
സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ് ബിരുദധാരിണിയായ അമ്മ സുനിതയില്‍നിന്നാണ് രാഹുലും രോഹനും ചിത്രരചനയുടെ ബാലപാഠങ്ങള്‍ പഠിച്ചത്.
ചൈനീസ് കലാകാരന്‍ ജാക്ക് ലീയുടെ കീഴില്‍ ഇവര്‍ ചിത്രരചന അഭ്യസിച്ചിട്ടുണ്ട്. ലണ്ടന്‍, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്.
ഭാവനയുടെ തുടിപ്പുകള്‍ക്ക് നിറം പകരാന്‍ ചിത്രകലയുടെ വ്യത്യസ്ത സങ്കേതങ്ങള്‍ ഇവര്‍ ഉപയോഗപ്പെടുത്തുന്നുന്നു. എണ്ണച്ചായാ ചിത്രങ്ങളോടാണ് ഏറെ ഇഷ്ടമെങ്കിലും ചാര്‍ക്കോള്‍, ക്രയോണ്‍സ്, ആക്രിലിക് ചിത്രങ്ങളിലും മികച്ച രചന നടത്തുന്നു. പരമ്പരാഗത ഇന്ത്യന്‍ കലയായ തഞ്ചാവൂര്‍ പെയിന്‍റിങ്ങും ഇരുവര്‍ക്കും വഴങ്ങും.
2014 ഏപ്രില്‍ അവസാന വാരം അബൂദബി സോഫിടെല്‍ ഹോട്ടലില്‍ അബൂദബി ആര്‍ട്ട് ഹബും മേക് എ വിഷ് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ‘ബ്രേക് ആന്‍ എഗ്’ എക്സിബിഷനില്‍ ഇരുവരും ചേര്‍ന്ന് ഫൈബര്‍ ഗ്ളാസില്‍ രചിച്ച ‘ഫിഷ്’ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനത്തില്‍ പങ്കെടുത്ത 19 ചിത്രകാരന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞവരായിരുന്നു രാഹുലും രോഹനും. എക്സിബിഷന്‍ സന്ദര്‍ശിച്ച യു.എ.ഇ സാംസ്കാരിക-വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ വാങ്ങിയ മൂന്ന് ചിത്രങ്ങളില്‍ ഒന്ന് ഈ സഹോദരങ്ങള്‍ വരച്ച ‘ഫിഷ്’ ആയിരുന്നു.
പ്രശസ്ത ഇറ്റാലിയന്‍ ചിത്രകാരന്‍ ക്ളാഡിയോയുമായി ചേര്‍ന്ന് മുസഫയിലെ അബൂദബി ആര്‍ട്ട് ഹബില്‍ 2013 ജൂണ്‍ എട്ട് മുതല്‍ ഒരാഴ്ച ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട് രാഹുലും രോഹനും. മെക്സിക്കന്‍ ചിത്രകാരന്മാരോടൊത്ത് 2013 സെപ്റ്റംബര്‍ 19ന് മറീന മാളില്‍ ലൈവ് ഷോയിലും ഇവര്‍ പങ്കെടുത്തു.
2013 അവസാനം ദുബൈ ചലച്ചിത്രോത്സവത്തിന്‍െറ ഭാഗമായി നടന്ന ചിത്രരചനാ മത്സരത്തില്‍ രാഹുല്‍ ഒന്നാം സ്ഥാനവും രോഹന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. സംഗീതത്തിലും ഇരുവര്‍ക്കും താല്‍പര്യമുണ്ട്.