ബി.ജെ.പി ഭരണത്തില്‍ അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ല-കാന്തപുരം
text_fieldsദുബൈ: ഇന്ത്യയില്‍ ബി.ജെ.പി.അധികാരത്തില്‍ വന്നശേഷം അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ളെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സമാധാനപരമായ രാജ്യമാണ്. പുതിയ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ മറ്റുള്ളവര്‍ വിരല്‍ ചൂണ്ടുക സ്വാഭാവികമാണ്. സംഘ് പരിവാര്‍ രാമക്ഷേത്ര പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നുണ്ടെങ്കില്‍ പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്നും അത് തങ്ങളുടെ പണിയല്ളെന്നും ദുബൈയില്‍ നിന്നിറങ്ങുന്ന ഖലീജ് ടൈംസ് ഇംഗ്ളീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കാന്തപുരം വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം മുസ്ലിം പണ്ഡിത സംഘത്തെ നയിച്ച് നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ വല്ലതും നടപ്പായോ എന്ന ചോദ്യത്തിന് മോദി സര്‍ക്കാരില്‍ നിന്ന് നയപരമായ മാറ്റങ്ങളൊന്നും തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ളെന്നായിരുന്നു കാന്തപുരത്തിന്‍െറ മറുപടി. ചരിത്രം മാറ്റിയെഴുതരുതെന്നും ഇന്ത്യയെ ഇന്ത്യയായി തുടരാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. അക്കാര്യത്തില്‍ അനുകൂലമായ ഉറപ്പു ലഭിക്കുകയും ചെയ്തു. വര്‍ഗീയത അവസാനിപ്പിക്കണമെന്നും വിദ്യഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നുമായിരുന്നു മറ്റു ആവശ്യങ്ങള്‍.
ആര്‍.എസ്.എസ് ചരിത്രപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിനെ എങ്ങിനെ നേരിടും എന്ന അഭിമുഖക്കാരന്‍െറ ചോദ്യത്തിന് അങ്ങനെയുണ്ടെങ്കില്‍ നിയമപരമായി നേരിടുമെന്ന് കാന്തപുരം മറുപടി നല്‍കി. ഗാന്ധിജിയുടെ ഘാതകനെ ആദരിക്കാന്‍ ശ്രമമുണ്ടായപ്പോള്‍ ഞങ്ങള്‍ ചോദ്യം ചെയ്തിരുന്നു.
കേരളത്തിന് എല്‍.ഡി.എഫിനും യു.ഡി.എഫിനും പുറമെ മൂന്നാമതൊരു സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെയൊന്ന് ഉയര്‍ന്നുവരാം. പുതിയ ഇടത് സര്‍ക്കാര്‍ പാവങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരവും വിദ്യഭ്യാസ സൗകര്യങ്ങളും ഒരുക്കുന്നതിന് ഊന്നല്‍ നല്‍കണം. സാധാരണ കോര്‍പ്പറേറ്റുകള്‍ക്കാണ് പരിഗണന ലഭിക്കാറ്. അതില്‍ നിന്ന് മാറി പാവങ്ങളെ സഹായിക്കാന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാര്‍ വിജയമാകും. അല്ളെങ്കില്‍ അധികകാലം തുടരാനാകില്ല. പ്രബുദ്ധരായ മലയാളികള്‍ കാര്യക്ഷമമില്ലായ്മ സഹിക്കില്ല. സ്ത്രീ ശാക്തീകരണമെന്നാല്‍ സ്ത്രീകള്‍ക്ക് തോന്നിയത് ചെയ്യാനുള്ള അവകാശമല്ല. അത് അസ്വീകാര്യമാണ്. ഞങ്ങള്‍ ലിംഗസമത്വത്തിന് എതിരല്ല. സ്ത്രീകളെ കച്ചവടവല്‍ക്കരിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്.
എല്ലാവരും ലിംഗ സമത്വത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എത്ര സ്ത്രീകള്‍ വിജയിച്ചു. എത്രപേര്‍ മത്സരിച്ചു. സ്ത്രീകള്‍ക്ക് കുടുതല്‍ സീറ്റ് അനുവദിക്കാന്‍ ആരെങ്കിലും പൊരുതുമോ. സ്ത്രീകളെ സമൂഹത്തിന്‍െറ മുന്‍നിരയിലേക്ക് കൊണ്ടുവരണം. അതേസമയം അവരെ ഉത്പന്നമായി കരുതുകയുമരുത്. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് മറുപടിയായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. യു.എ.ഇ ഭരണാധികാരികള്‍ സമാധാന പ്രിയരാണെന്നും ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്ക് യു.എ.ഇ നേതാക്കളില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.