പള്ളിമിനാരങ്ങളുടെ ഗാംഭീര്യം വിളിച്ചോതി ഫോട്ടോ പ്രദര്‍ശനം
text_fieldsഅബൂദബി: ലോകത്തെ പ്രശസ്തമായ മസ്ജിദുകളുടെ ചരിത്രവും പ്രാധാന്യവും വിശദീകരിച്ച് ഫോട്ടോ പ്രദര്‍ശനം. അബൂദബി മുഷ്രിഫ് മാളില്‍ റമദാന്‍ എക്സിബിഷന്‍െറ ഭാഗമായാണ് കേരളത്തിലെ ചേരമാന്‍ പെരുമാള്‍ ജുമാമസ്ജിദ് ഉള്‍പ്പെടെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള പളളികളുടെ ചിത്രവും അവയുടെ വിവരണവും പ്രദര്‍ശിപ്പിക്കുന്നത്.
ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള അഞ്ച് മസ്ജിദുകളും യൂറോപ്പ്, ആഫ്രിക്ക വന്‍കരകളില്‍നിന്ന് രണ്ട് വീതവും അമേരിക്കയില്‍നിന്നുള്ള ഒന്നുമാണ് പ്രദര്‍ശനത്തിലുള്ളത്. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി, അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്, കേരളത്തിലെ ചേരമാന്‍ പെരുമാള്‍ ജുമാമസ്ജിദ്, ചൈനയിലെ ഡോങ്ഗ്വന്‍ മോസ്ക് എന്നിവയാണ് ഏഷ്യയില്‍നിന്നുള്ള പള്ളികള്‍. മുസ്ലിം തീര്‍ഥാടന കേന്ദ്രങ്ങളെന്ന നിലയില്‍ മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും ഏറെ പ്രസിദ്ധങ്ങളാണ്. എ.ഡി 629ല്‍ നിര്‍മിക്കപ്പെട്ടു എന്ന് കരുതുന്ന ചേരമാന്‍ ജുമാമസ്ജിദ് ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ആദ്യ മുസ്ലിം പള്ളിയാണ്. പരമ്പരാഗത ഹിന്ദു വാസ്തുശില്‍പ രീതിയില്‍ നിര്‍മിച്ചിട്ടുള്ള ഈ പള്ളിയില്‍ പതിച്ചിട്ടുള്ള വെളുത്ത നിറത്തിലുള്ള മാര്‍ബ്ള്‍ ഫലകം മക്കയില്‍നിന്ന് എത്തിച്ചതാണെന്ന് കരുതപ്പെടുന്നു. ആയിരത്തിലേറെ വര്‍ഷമായി നിലക്കാതെ തെളിഞ്ഞുകൊണ്ടിരിക്കുന്ന എണ്ണവിളക്ക് ഈ പള്ളിയിലുണ്ട്.
വ്യതിരിക്തമായ നിര്‍മാണശൈലി കൊണ്ട് കേളികേട്ട അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് 1996ല്‍ നിര്‍മാണം തുടങ്ങി 2007ലാണ് പൂര്‍ത്തിയാക്കിയത്. മുഗള്‍, മൂറിഷ് വാസ്തുശില്‍പ രീതികളാണ് ഇതിന്‍െറ നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ചൈനയിലെ ഡോങ്ഗ്വന്‍ മോസ്ക് മനോഹരമായ വാസ്തുശില്‍പം കൊണ്ട് മാത്രമല്ല, ഉന്നത ഇസ്ലാമിക പഠനകേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. മിഷിഗനില്‍ മുസ്ലിം കുടിയേറ്റക്കാര്‍ നിര്‍മിച്ച ഡിയര്‍ബോണ്‍ പള്ളി അമേരിക്കയിലെ രണ്ടാമത്തെ പള്ളിയാണ്. റഷ്യയിലെ കസാനില്‍ സ്ഥിതി ചെയ്യുന്ന ക്വാല്‍ ശരീഫ് പള്ളി പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ്. റഷ്യയിലെയും യൂറോപ്പിലെയും ഏറ്റവും വലിയ പള്ളിയാണിത്.
മൊറോക്കോയിലെ കാസാബ്ളാങ്കയില്‍ സ്ഥിതിചെയ്യുന്ന ഹസന്‍-2 പള്ളിയുടെ പകുതിയോളം ഭാഗം അറ്റ്ലാന്‍റിക് കടലിലാണ്. അകത്തുനിന്ന് നോക്കിയാല്‍ കടല്‍വെള്ളം കാണുംവിധം ചില ഭാഗങ്ങളില്‍ നിലം ഗ്ളാസിലാണ് ഒരുക്കിയിരിക്കുന്നത്. തുര്‍ക്കിയിലെ സുല്‍ത്താന്‍ അഹമദ് പള്ളി ബ്ളൂ മോസ്ക് എന്നും അറിയപ്പെടുന്നു. ചുമരുകളിലും തറയിലും മറ്റും നീല ടൈലുകള്‍ പതിച്ചതിനാലാണിത്. മൂറിഷ്-ബൈസാന്‍റിയന്‍ വാസ്തുശില്‍പ മാതൃകയില്‍ നിര്‍മിച്ച അള്‍ജീരിയയിലെ കെച്ചോവ പള്ളി യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.