എമിറേറ്റ്സ് ഐ.ഡി ജോലികളില്‍ നിന്ന് ചെറുകിട ടൈപ്പിങ് സെന്‍ററുകളെ ഒഴിവാക്കുന്നു
text_fieldsദുബൈ: യു.എ.ഇയിലെ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്സ് ഐ.ഡിയുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് ചെറുകിട ടൈപ്പിങ് സെന്‍ററുകളെ ഒഴിവാക്കുന്നു. എമിറേറ്റ്സ് ഐ.ഡി അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇനി മുതല്‍ എമിറേറ്റ്സ് ഐ.ഡി സേവനത്തിന് അനുമതിയുണ്ടാകൂ. മലയാളികള്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ചെറുകിട ടൈപ്പിങ് സെന്‍ററുകള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും.
ജൂലൈ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരികയെന്ന് തിങ്കളാഴ്ച പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ പറയുന്നു. എമിറേറ്റ്സ് ഐ.ഡി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ലളിതവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ടൈപ്പിങ് സെന്‍ററുകള്‍ക്ക് ചുരുങ്ങിയത് 150 ചതുരശ്രമീറ്റര്‍ വിസ്തൃതി ഉണ്ടായിരിക്കണമെന്നതാണ് പ്രധാന നിബന്ധന. ഇടപാടുകാരെ സ്വീകരിക്കാന്‍ നാല് കൗണ്ടറുകള്‍ വേണം. നാലെണ്ണം പുരുഷന്മാര്‍ക്കും ഒരെണ്ണം സ്ത്രീകള്‍ക്കും. ഇലക്ട്രോണിക് ടോക്കണ്‍ സംവിധാനം സ്ഥാപിക്കണം. ഇടപാടുകാരെ നിരീക്ഷിക്കാന്‍ സി.സി.ടി.വി കാമറകളും വേണം. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെയായിരിക്കും സെന്‍ററുകളുടെ പ്രവര്‍ത്തനസമയമെന്നും വിജ്ഞാപനത്തില്‍ വിശദീകരിക്കുന്നു.
ഈ നിബന്ധനകള്‍ പാലിക്കുന്ന ടൈപ്പിങ് സെന്‍ററുകള്‍ക്ക് മാത്രമേ എമിറേറ്റ്സ് ഐ.ഡി അതോറിറ്റിയുടെ അംഗീകാരം ലഭിക്കൂ. വിജ്ഞാപനത്തില്‍ പറയുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പുതിയ സെന്‍ററുകള്‍ക്ക് അനുമതി തേടാന്‍ ജൂലൈ 29 വരെ സമയമുണ്ട്. നവീകരണവുമായി ബന്ധപ്പെട്ട് അതോറിറ്റിയുമായി കരാര്‍ ഒപ്പിട്ട സെന്‍ററുകള്‍ക്ക് മാത്രമേ ജൂലൈ ഒന്നിന് ശേഷം എമിറേറ്റ്സ് ഐ.ഡി അപേക്ഷ സ്വീകരിക്കാന്‍ അനുമതിയുള്ളൂ.
നിരവധി ടൈപ്പിങ് സെന്‍ററുകള്‍ ഇതിനകം പുതിയ രീതിയിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ചെറുകിട ടൈപ്പിങ് സെന്‍ററുകളില്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കാന്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണ്. ഇതിന് കഴിയാത്ത സെന്‍ററുകളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും.
പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും എമിറേറ്റ്സ് ഐ.ഡി നിര്‍ബന്ധമാണെന്നതിനാല്‍ ചെറുകിട ടൈപ്പിങ് സെന്‍ററുകളുടെ പ്രധാന സേവന മേഖലയായിരുന്നു ഇത്. പുതിയ നിബന്ധനകള്‍ വന്നതോടെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് മലയാളികള്‍ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.