കൂട്ടായ്മയുടെ കരുതല്‍; ലുലു ദ്വീപില്‍ പൂച്ചകള്‍ 165
text_fieldsഅബൂദബി: ഇതൊരു കുടിയേറ്റത്തിന്‍െറയും അതിജീവനത്തിന്‍െറയും കഥയാണ്. അബൂദബിയിലെ ആളനക്കമില്ലാത്ത ലുലു ദ്വീപിലേക്ക് പൂച്ചകള്‍ നടത്തിയ കുടിയേറ്റത്തിന്‍െറ കഥ. പട്ടിണിയും പരിക്കുകളും അതിജീവിച്ച് അവര്‍ ഒരു ‘ദ്വീപസമൂഹ’മായതിന്‍െറ സാക്ഷ്യം.
1980കളില്‍ ഒരു വിനോദ പാര്‍ക്ക് രൂപകല്‍പന ചെയ്യാനാണ് ബ്രസീലിയന്‍ ആര്‍കിടെക്റ്റിന്‍െറ നേതൃത്വത്തില്‍ കൃത്രിമ ലുലു ദ്വീപ് നിര്‍മിച്ചത്. അക്വേറിയം, കോണ്‍ഫറന്‍സ് സെന്‍റര്‍, ബോട്ടിങ് തുടങ്ങിയവയൊക്കെ നിര്‍മാണ പദ്ധതിയിലുണ്ടായിരുന്നു. എന്നാല്‍, പിന്നീട് ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. അവിടേക്കുണ്ടായിരുന്ന ബോട്ട് സര്‍വീസും നിലച്ചു.
അബൂദബി ആനിമല്‍ വെല്‍ഫെയര്‍ ഗ്രൂപ്പിന്‍െറ സ്ഥാപക ഡോ. സൂസന്‍ ആയ്ലോട്ടും സുഹൃത്തുക്കളും നടത്തിയ ഉല്ലാസ യാത്രക്കിടെയാണ് ഇവിടുത്തെ പൂച്ചകളെ കണ്ടത്തെിയത്. ദുരിതപൂര്‍ണമായിരുന്നു അന്ന് അവയുടെ അവസ്ഥ. ഭക്ഷണക്കുറവും പരിക്കുകളും അവയെ വലച്ചിരുന്നു.
ചില പൂച്ചകളുടെ കാലുകളില്‍ ചൂണ്ടകള്‍ കുത്തിക്കയറിയിരുന്നു. ചിലതിന്‍െറ കണ്ണുകള്‍ അടയ്ക്കാനാവാത്ത വിധം മുറിവുകള്‍ പഴുത്തിരുന്നു. പൂച്ചകളെ രക്ഷിക്കാന്‍ ചികിത്സയും ഭക്ഷണവും അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടറും സുഹൃത്തുക്കളും ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 469 ഹെക്ടര്‍ വിസ്തൃതിയുള്ള ലുലു ദ്വീപിലേക്ക് തീരത്തുനിന്ന് മൂന്ന് മൈല്‍ ദൂരമുണ്ട്. 2009ലാണ് ദ്വീപിലേക്കുള്ള ബോട്ട് സര്‍വീസ് നിര്‍ത്തിയതും പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിച്ചതും.
ഇങ്ങനെ ആളനക്കം നിലച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അര മൈല്‍ വീതിയുള്ള നീര്‍ച്ചാല്‍ മുറിച്ചുകടന്നാകാം പൂച്ചകള്‍ ഇങ്ങോട്ടത്തെിയതെന്ന് കരുതുന്നു.
നാല് വര്‍ഷം മുമ്പ് ഇവിടെ 27 പൂച്ചകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇപ്പോള്‍ ഇവയുടെ എണ്ണം 165 കവിഞ്ഞെന്നും ഡോ. സൂസന്‍ ആയ്ലോട്ട് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇവയില്‍ ഭൂരിഭാഗവും അറേബ്യന്‍ ഇനത്തില്‍ പെട്ട പൂച്ചകളാണ്. അവ സന്തോഷത്തോടും ഐക്യത്തോടും കഴിയുന്നു. താനും സുഹൃത്തുക്കളും മൂന്നാഴ്ചയിലൊരിക്കല്‍ ദ്വീപിലത്തെി പൂച്ചകള്‍ക്ക് ഭക്ഷണവും ചികിത്സയും നല്‍കുന്നതായും അവര്‍ അറിയിച്ചു.