യമനില്‍ യു.എ.ഇ സൈനിക ദൗത്യം അവസാനിപ്പിച്ചു
text_fieldsഅബൂദബി: യമനില്‍ യു.എ.ഇ സൈന്യത്തിന്‍െറ ദൗത്യം അവസാനിപ്പിച്ചതായി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. യമനികളെ ശാക്തീകരിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടര്‍ന്നും മേല്‍നോട്ടം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാശ് അബൂദബിയിലെ മജ്ലിസില്‍ നടത്തിയ പ്രഭാഷണത്തിന്‍െറ വിശദാംശമായാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സൈനിക സഖ്യത്തിന്‍െറ ഭാഗമായി 2015 മാര്‍ച്ചിലാണ് യു.എ.ഇ യമനില്‍ സൈനിക ഇടപെടല്‍ നടത്തിയത്. ഇറാന്‍െറ പിന്തുണയോടെ യമനിലെ വലിയൊരു ഭാഗം പിടിച്ചടക്കുകയും നിയമാനുസൃത ഭരണകൂടത്തെ അട്ടിമറിക്കുകയും ചെയ്ത ഹൂതി വിമതരെ തുരത്താനാണ് അറബ് സൈനിക സഖ്യം രൂപവത്കരിച്ചത്. ഒരു വര്‍ഷത്തിലധികം നീണ്ട യുദ്ധത്തിനിടെ യമനിന്‍െറ പ്രധാന പ്രദേശങ്ങള്‍ ഹൂതികളില്‍നിന്ന് മോചിപ്പിക്കാനും ഏദന്‍ കേന്ദ്രമായി നിയമാനുസൃത ഭരണകൂടത്തെ സ്ഥാപിക്കാനും സാധിച്ചിരുന്നു. യമന്‍ തലസ്ഥാനമായ സനയും വടക്കന്‍ യമന്‍െറ കൂറെ ഭാഗങ്ങളും ഇപ്പോഴും ഹൂതികളുടെ കൈവശമാണ്.
അറബ് സഖ്യം യമനില്‍ സൈനിക നീക്കം തുടങ്ങിയ 2015 മാര്‍ച്ച് 26 മുതല്‍ ഗള്‍ഫ് മേഖലയിലെ നിര്‍ണായക സൈനിക ശക്തിയായ യു.എ.ഇക്ക് 80 സൈനികരെ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. കഴിഞ്ഞയാഴ്ച രണ്ട് വ്യത്യസ്ത ഹെലികോപ്ടര്‍ അപകടങ്ങളിലായി നാല് പൈലറ്റുമാര്‍ മരിച്ചിരുന്നു. 2015 സെപ്റ്റംബറില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 45 സൈനികരും കൊല്ലപ്പെട്ടു. സൗദിക്കും യു.എ.ഇക്കും പുറമെ ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, സെനഗല്‍, സുഡാന്‍ രാജ്യങ്ങളാണ് അറബ് സൈനിക സഖ്യത്തിലുള്ളത്.
യുദ്ധത്തില്‍ യു.എ.ഇ ഇടപെടാനുള്ള സാഹചര്യവും സമാധാന ചര്‍ച്ചകളുടെ നിരാശാജനകമായ ഫലങ്ങളും ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാശ് പ്രഭാഷണത്തില്‍ വിശദീകരിച്ചു. കുവൈത്തില്‍ നടന്ന 50 ദിവസത്തെ യമന്‍ സമാധാന ചര്‍ച്ച നിരുത്സാഹപ്പെടുത്തുന്നതായിരുന്നു. ഭാവിക്കായുള്ള യോജിച്ച കാഴ്ചപ്പാട് അതില്‍ രൂപപ്പെട്ടില്ല. ഇറാന്‍ കുഴപ്പങ്ങള്‍ കയറ്റിയയക്കുകയാണെന്നും മേഖലയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് വളംവെക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. യുദ്ധം ഒരിക്കലും ഉത്തമ മാര്‍ഗമല്ല. മറ്റെല്ലാ വഴികളും അടയുമ്പോഴുള്ള പരിഹാരം മാത്രമാണത്.
ദേശീയ സുരക്ഷിതത്വത്തിന്‍െറ കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കുകയും നിയമവ്യവസ്ഥ പുന$സ്ഥാപിക്കപ്പെടുകയും ഇറാനിയന്‍ സ്വാധീനം തടയപ്പെടുകയും ചെയ്യുമ്പോഴാണ് യമന്‍െറ രാഷ്ട്രീയ ഭാവി സുരക്ഷിതമാവുക. ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കേണ്ട സന്ദര്‍ഭമാണിത്.
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ പ്രധാന പങ്കുവഹിക്കുകയും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുകയും ചെയ്ത സായുധ സേനയുടെ പ്രവര്‍ത്തനങ്ങളെ ഗര്‍ഗാശ് അഭിനന്ദിച്ചു. യമനിന്‍െറ ഭൂരിഭാഗം ഭാഗങ്ങളും നിയമാനുസൃത സര്‍ക്കാറിന്‍െറ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിച്ചു. എന്നാല്‍, എല്ലാ വിജയങ്ങളും സന്തോഷവും കണ്ണീരും ചേര്‍ന്ന വികാരങ്ങളാല്‍ സമ്മിശ്രമാണ്. പരീക്ഷണ ഘട്ടത്തിലൂടെ കടന്നുപോയ സമയത്ത് യു.എ.ഇ ‘പുനര്‍ജനിക്കുക’യായിരുന്നു.
യമനിന്‍െറ പുനര്‍നിര്‍മാണത്തിന് യു.എ.ഇ സഹായം നല്‍കും. ശൈഖ് സായിദിന്‍െറ കാലം മുതല്‍ ഇരുരാജ്യങ്ങളും സൗഹൃദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്.ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ്, എഫ്.എന്‍.സി സ്പീക്കര്‍ അമാല്‍ അല്‍ ഖുബൈസി തുടങ്ങിയവരും മജ്ലിസില്‍ സംബന്ധിച്ചു.