വീടുകളില്‍ വന്യജീവികളെ വളര്‍ത്തുന്നതിന് വിലക്ക്
text_fieldsഅബൂദബി: വന്യജീവികളെയും അപകടകാരികളായ മറ്റു മൃഗങ്ങളെയും വീട്ടില്‍ വളര്‍ത്തുന്നതിനെതിരെ യു.എ.ഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) കരട് നിയമം പുറപ്പെടുവിച്ചു. ലംഘിച്ചാല്‍ ജീവപര്യന്തം തടവും ദശലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുന്ന വിധം കര്‍ശനമാണ് നിയമം. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കുന്നതോടെ നിയമം പ്രാബല്യത്തിലാവും.
കടുവയെയും സിംഹത്തെയും വരെ വീട്ടില്‍ ഓമനിച്ചുവളര്‍ത്തുന്ന ശീലമുള്ളവരാണ് അറബികള്‍. ഈ പ്രവണതക്ക് കര്‍ശനമായി കടിഞ്ഞാണിടാനാണ് എഫ്.എന്‍.സിയുടെ തീരുമാനം. കടുവ, പുലി, സിംഹം, കുരങ്ങുകള്‍, ആള്‍ക്കുരങ്ങുകള്‍ മുതല്‍ മാസ്റ്റിഫ്, പിറ്റ് ബുള്‍, ജപ്പാനീസ് ടോസ തുടങ്ങിയ ഇനം നായകള്‍ക്ക് വരെ വിലക്ക് ബാധകമാണ്.
മൃഗങ്ങളുടെ ആക്രമണത്തിനിരയായി ആരെങ്കിലും മരിച്ചാല്‍ ഉടമസ്ഥന് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും. മൃഗങ്ങള്‍ മറ്റുള്ളവര്‍ക്ക് ശാരീരിക വൈകല്യത്തിന് കാരണമാകുംവിധം പരിക്കേറ്റില്‍പ്പിച്ചാല്‍ ഏഴ് വര്‍ഷമാണ് തടവ്. ചെറിയ പരിക്കേല്‍പിച്ചാല്‍ ഒരു വര്‍ഷം വരെ തടവും പതിനായിരം ദിര്‍ഹം വരെ പിഴയും ലഭിക്കും.
നായകളെ വളര്‍ത്തുന്നവര്‍ക്കും പുതിയ നിയമത്തില്‍ നിയന്ത്രണങ്ങളുണ്ട്. കോളറും തുടലുമില്ലാതെ നായകളെ പൊതുസ്ഥലത്ത് കൊണ്ടുവരാന്‍ പാടില്ല. പൊതുസ്ഥലത്ത് നായകളെ നിയന്ത്രിക്കാന്‍ പരാജയപ്പെടുന്ന ഉടമസ്ഥരും ഒരുമാസം മുതല്‍ ആറ് മാസം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരും. പതിനായിരം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാം.
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നവയടക്കം മുഴുവന്‍ മൃഗങ്ങളെയും രജിസ്റ്റര്‍ ചെയ്യും. അവയുടെ കണക്കുകള്‍ സൂക്ഷിക്കും. വന്യജീവികള്‍ കൈവശമുള്ളവര്‍ക്ക് അവയെ അധികൃതര്‍ക്ക് കൈമാറാന്‍ ആറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
വന്യമൃഗങ്ങളെ വളര്‍ത്തുന്നതും വില്‍പന നടത്തുന്നതും വിലക്കി 2014 നവംബറില്‍ ഷാര്‍ജ അധികൃതര്‍ നിയമം കൊണ്ടുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
