സമ്പൂര്‍ണ സൗജന്യ അര്‍ബുദ ചികിത്സ ലക്ഷ്യമിട്ട് ചെമ്മാട് കരുണ
text_fieldsഅബൂദബി: അര്‍ബുദ രോഗം നേരത്തേ കണ്ടുപിടിക്കാനും ശരിയായ ചികിത്സ നല്‍കാനും ജനങ്ങളെ ഈ അസുഖത്തെ കുറിച്ച് ബോധവത്കരിക്കാനും ലക്ഷ്യമിട്ടാണ് മലപ്പുറം ജില്ലയിലെ ചെമ്മാട് ‘കരുണ’ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അര്‍ബുദ രോഗത്തോടുള്ള ജനങ്ങളുടെ പേടി മാറ്റുകയും നേരത്തേ തന്നെ അസുഖം കണ്ടുപിടിച്ച് പ്രയാസങ്ങള്‍ ഒഴിവാക്കലും ലക്ഷ്യമാണ്. പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ പരിശോധിക്കുന്നത് പോലെ കാന്‍സറുണ്ടോ എന്ന് പരിശോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമിടുന്നത്. അര്‍ബുദ രോഗികള്‍ക്ക് എല്ലാ വിധ ചികിത്സയും മരുന്നുകളും ചെമ്മാട് കരുണയില്‍ സൗജന്യമായി നല്‍കുന്നുണ്ട്. നിലവില്‍ 25 പേരെ കിടത്തിചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. ഇത് 200 ആയി ഉയര്‍ത്താനുള്ള പരിശ്രമത്തിലാണിപ്പോള്‍. രോഗികള്‍ക്കൊപ്പം കൂട്ടിരിക്കുന്നവര്‍ക്കും സൗജന്യ ഭക്ഷണം അടക്കം നല്‍കുന്നുണ്ടെന്നും ഓരോ മാസവും എട്ട് ലക്ഷം രൂപയാണ് സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനത്തിന് ചെലവ് വരുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. 1998ല്‍ വാടക വീട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയ പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ ആണ് കരുണ ആശുപത്രി സമുച്ചയമായി ഉയര്‍ന്നത്. ഇന്ത്യന്‍ മെഡിക്കല്‍ ബ്രദര്‍ഹുഡിന്‍െറ കീഴിലാണ് പ്രവര്‍ത്തനം. എട്ട് നിലകളിലായി വിഭാവനം ചെയ്തിരിക്കുന്ന സ്ഥാപനത്തിന്‍െറ മൂന്ന് നിലകള്‍ പൂര്‍ത്തിയാകുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അര്‍ബുദ ചികിത്സക്കും രോഗം തിരിച്ചറിയുന്നതിനും ബോധവത്കരണത്തിനുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മനോരോഗ ചികിത്സയും സൗജന്യമായി നല്‍കുന്നുണ്ട്. ആഴ്ചയില്‍ 200 രോഗികള്‍ക്കാണ് ചികിത്സയും മരുന്നും ലഭ്യമാക്കുന്നത്. നിര്‍ധന രോഗികള്‍ക്കൊപ്പം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണവും യാത്രാ നിരക്കും നല്‍കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
നാട്ടിലുള്ള മുഴുവന്‍ പേര്‍ക്കും താങ്ങാവുന്ന രീതിയില്‍ ചികിത്സ ലഭ്യമാക്കാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ കോട്ടയ്ക്കല്‍ കേന്ദ്രമായി സ്ക്രീനിങ് കേന്ദ്രം തുടങ്ങും. ഇ മെയിലിലൂടെ രോഗ വിവരവും ആരോഗ്യ റിപ്പോര്‍ട്ടുകളും ലഭിച്ചാല്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന പാനല്‍ ഇവ പരിശോധിച്ച് അനുയോജ്യ ചികിത്സ എവിടെ ലഭ്യമാകുമെന്ന് രോഗികളെ അറിയിക്കുകയാണ് ചെയ്യുക. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.എം. ഷാഹുല്‍ ഹമീദ്, ട്രഷറര്‍ ഡോ. എം.വി. സൈതലവി, ഡോ. ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.