മുഹമ്മദ് ബിന്‍ സായിദും അഫ്ഗാന്‍ പ്രസിഡന്‍റും കൂടിക്കാഴ്ച നടത്തി
text_fieldsഅബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയും കൂടിക്കാഴ്ച നടത്തി. അബൂദബിയിലെ അല്‍ ശാത്തി പാലസിലേക്ക് അഫ്ഗാന്‍ പ്രസിഡന്‍റിനെ സ്വീകരിച്ച മുഹമ്മദ് ബിന്‍ സായിദ് റമദാന്‍ ആശംസകള്‍ കൈമാറുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദം, ബന്ധം, സഹകരണം തുടങ്ങിയവ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുകയും കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
സാമ്പത്തിക- നിക്ഷേപ മേഖലകള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്തു. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനുള്ള പിന്തുണ തുടരുമെന്നും ഇരുരാജ്യങ്ങളുടെയും താല്‍പര്യ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുമെന്നും മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍െറ പുനര്‍നിര്‍മാണത്തിനും വികസനത്തിനും യു.എ.ഇ നല്‍കുന്ന പിന്തുണ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. യു.എ.ഇയുടെ പിന്തുണക്ക് അഫ്ഗാന്‍ പ്രസിഡന്‍റ് നന്ദി അറിയിച്ചു.
അറബ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്ത ഇരു നേതാക്കളും തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ യോജിച്ച പോരാട്ടത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഊര്‍ജ കാര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് അല്‍ മസ്റൂഇ, അബൂദബി ക്രൗണ്‍പ്രിന്‍സ് കോര്‍ട്ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക്ക് അല്‍ മസ്റൂയി തുടങ്ങിയവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
