സി.ഐ.ഡി ചമഞ്ഞ് മലയാളികളുടെ സ്ഥാപനത്തില്‍ പട്ടാപ്പകല്‍ കവര്‍ച്ച: ആറംഗ സംഘം പിടിയില്‍
text_fieldsദുബൈ: സി.ഐ.ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ദുബൈ നായിഫിലെ മലയാളികളുടെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ആറര ലക്ഷം ദിര്‍ഹം കവര്‍ന്ന സംഭവത്തില്‍ ആറുപേര്‍ പിടിയിലായി. സ്വദേശിയും രണ്ട് മലയാളികളും രണ്ട് പാകിസ്താനിയും പിടിയിലായവരിലുണ്ട്. ബനിയാസ് സ്ക്വയര്‍ മെട്രോ സ്റ്റേഷന് സമീപത്തെ ബി.എച്ച്.ജി ജനറല്‍ ട്രേഡിങ് എന്ന സ്ഥാപനത്തില്‍ ജൂണ്‍ രണ്ടിന് പട്ടാപ്പകലാണ് കവര്‍ച്ച നടന്നത്.
കോഴിക്കോട് പൂനൂര്‍ സ്വദേശി ഷബീറിന്‍െറയും എകരൂല്‍ സ്വദേശി സാബികിന്‍െറയും ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. രാവിലെ 11 മണിയോടെ ഓഫിസ് തുറന്നയുടന്‍ നാലംഗ സംഘം സി.ഐ.ഡികള്‍ ചമഞ്ഞ് സ്ഥാപനത്തിനകത്ത് കയറുകയായിരുന്നുവെന്ന് ജീവനക്കാരിലൊരാള്‍ പറഞ്ഞു. കന്തൂറ ധരിച്ച രണ്ടുപേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കൈയില്‍ വയര്‍ലസ് സെറ്റുമായി അറബി സംസാരിച്ചാണ് ഇവര്‍ വന്നത്. കടയില്‍ ഉണ്ടായിരുന്ന നാല് ജീവനക്കാരോട് മറ്റൊരു മുറിയിലേക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണുകള്‍ വാങ്ങിവെച്ചു. സി.സി.ടി.വി ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ട സംഘം ഹാര്‍ഡ് ഡിസ്ക് കൈക്കലാക്കുകയും ചെയ്തു. ഷെല്‍ഫുകള്‍ തുറക്കാന്‍ ആവശ്യപ്പെടുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. പുറത്ത് സി.ഐ.ഡി സംഘം കാത്തുനില്‍ക്കുന്നുണ്ടെന്നും അറിയിച്ചു. പിന്നീടാണ് ലോക്കര്‍ തുറന്ന് ആറരലക്ഷത്തോളം ദിര്‍ഹം കവര്‍ന്നത്. അഞ്ച് മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു. കൈയില്‍ ഗ്ളൗസ് ധരിച്ചത്തെിയ സംഘം വിരലടയാളം എവിടെയും പതിയാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയിരുന്നു.
സംഭവം നടക്കുമ്പോള്‍ ഉടമകളായ ഷബീറും സാബികും സ്ഥലത്തില്ലായിരുന്നു. ഷബീറിന്‍െറ ചിത്രം മൊബൈല്‍ ഫോണില്‍ കാണിച്ച സംഘം ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും മറ്റുമാണ് ജീവനക്കാരെ അറിയിച്ചത്. ഈ സമയം ഷബീര്‍ താമസ സ്ഥലത്തുനിന്ന് കടയിലേക്ക് പുറപ്പെട്ടിരുന്നു. കടയിലേക്ക് ഫോണില്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനാല്‍ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ വിവരമറിയിച്ചു. ഇയാള്‍ വന്ന് നോക്കുമ്പോള്‍ പ്രതികള്‍ പണവുമായി പുറത്തിറങ്ങുകയായിരുന്നു. ഇവരെ പിന്തുടര്‍ന്ന സെക്യൂരിറ്റി ജീവനക്കാരന്‍ കാറിന്‍െറ നമ്പര്‍ രേഖപ്പെടുത്തി. മോഷ്ടാക്കള്‍ കൊണ്ടുപോകാതിരുന്ന ഒരു മൊബൈല്‍ ഫോണില്‍ നിന്ന് ജീവനക്കാരിലൊരാള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസത്തെി കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ മുഴുവന്‍ വലയിലാവുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് വ്യക്തമായി. ദുബൈയിലത്തെിയിട്ട് അധികനാള്‍ ആകാതിരുന്നതിനാല്‍ ജീവനക്കാര്‍ക്ക് തട്ടിപ്പുകാരെ തിരിച്ചറിയാനും കഴിഞ്ഞില്ല. പ്രതികളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.