പരിമിതികളില്‍ അല്‍ഐന്‍ ഐ.എസ്.സി; പ്രതീക്ഷകളുമായി പ്രവാസി സമൂഹം
text_fieldsഅല്‍ഐന്‍: ഹരിത നഗരിയിലെ പ്രവാസി സമൂഹത്തിന്‍െറ ആശയും ആശ്രയവും ആയ അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ (ഐ.എസ്.സി) പരിമിതികളില്‍ വീര്‍പ്പുമുട്ടുന്നു. മുഴുവന്‍ അംഗങ്ങളെ പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ സ്ഥല പരിമിതി മൂലം പ്രയാസപ്പെടുകയാണ് ഐ.എസ്.സി. അല്‍ഐനില്‍ സാധാരണക്കാര്‍ക്കും പ്രവാസ ജീവിതത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കും ആശ്രയിക്കാവുന്ന ഏക അംഗീകൃത സംഘടന കൂടിയാണ് ഐ.എസ്.സി. പ്രവര്‍ത്തന പാതയില്‍ 46 വര്‍ഷം പിന്നിടുമ്പോഴും സ്വന്തം സ്ഥലവും കെട്ടിടവും എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചിട്ടില്ല. യു.എ.ഇ സര്‍ക്കാറില്‍ നിന്ന് സ്ഥലം ലഭ്യമാക്കി സ്വന്തമായി കെട്ടിടം പണിത് പ്രവാസികള്‍ക്കെല്ലാം പ്രയോജനപ്പെടുന്ന രീതിയില്‍ മാറ്റുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തനം. ഐ.എസ്.സിയുടെ പരിമിതികളെ കുറിച്ച് ബോധ്യമുള്ള ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം, സ്ഥാപനത്തിന്‍െറ രക്ഷാധികാരികളുമായ എം.എ. യൂസുഫലി, ജവഹര്‍ ഗംഗാരമണി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശ്രമത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് അല്‍ഐനിലെ പ്രവാസി സമൂഹം.
1975ല്‍ രൂപം കൊണ്ട അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററിന് ഇന്ന് 1900ത്തോളം അംഗങ്ങളുണ്ട്. അല്‍ഐന്‍ ടൗണിലെ പട്ടാന്‍ മാര്‍ക്കറ്റിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു സെന്‍ററിന്‍െറ തുടക്കം. 1980കളുടെ ആദ്യത്തില്‍ അല്‍ഐന്‍ മാളിന് എതിര്‍വശത്തെ കെട്ടിടത്തിലേക്ക് മാറി. വിശാലമായ സ്റ്റേജും, സാമാന്യം സൗകര്യമുള്ള കളിക്കളങ്ങളും സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെറിയ മുറികളുള്ള സെന്‍ററില്‍ അപ്പോഴേക്കും അംഗങ്ങളുടെ എണ്ണം അഞ്ഞൂറിലത്തെി. ഇവിടെ നിന്നുമാണ് 2000ല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സാരൂജിലേക്ക് മാറിയത്.
ജനറല്‍ബോഡി, ഓണസദ്യ, നോമ്പ്തുറ എന്നീ പ്രധാന പരിപാടികളില്‍ സെന്‍റര്‍ അങ്കണത്തിന് മുഴുവന്‍ അംഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയാണ്. നിലവിലെ കളിസ്ഥലം ഓവര്‍ ബുക്കിംഗ് കാരണം ഓരോദിവസവും അഞ്ചോളം ബാച്ചുകളായി തിരിച്ചാണ് അംഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.
പൊതുജനങ്ങളില്‍ നിന്ന് യാതൊരു ഫീസും വാങ്ങാതെയാണ് ഇവിടെ പരിപാടികള്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വന്‍ ജനക്കൂട്ടം സെന്‍റര്‍ അങ്കണത്തില്‍ നിന്നും പുറത്ത് റോഡില്‍ നിന്നും പരിപാടികള്‍ വീക്ഷിക്കേണ്ട അവസ്ഥയാണ്. സമീപ പ്രദേശത്തെ സ്വദേശികളായ താമസക്കാര്‍ക്ക് ശബ്ദങ്ങളും വാഹനങ്ങളുടെ ആധിക്യവും കാരണം പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ഐ.എസ്.സി ഭരണ നേതൃത്വം ഇവരുമായി രമ്യതയില്‍ എത്തിയാണ് പലപ്പോഴും പൊതുപരിപാടികള്‍ നടത്തുന്നത്. 2015ലെ ഭരണസമിതിയുടെ കാലത്ത് 68ഓളം പൊതുപരിപാടികളാണ് ഐ.എസ്.സിയില്‍ നടന്നത്. കൂടാതെ മാറിവരുന്ന ഭരണസമിതികള്‍ നേരിടുന്ന മുഖ്യ പ്രശ്നമാണ് അംഗത്വ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുന്നത്. വാര്‍ഷിക വരിസംഖ്യ 120ദിര്‍ഹത്തിന് അംഗത്വം കൊടുക്കുന്ന യു.എ.ഇയിലെ ഏക ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററാണിത്. 2015ലെ പ്രസിഡന്‍റ് ജോയ് തണങ്ങാടനും ജനറല്‍ സെക്രട്ടറി റസല്‍മുഹമ്മദ് സാലിയും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ. സന്ദര്‍ശന വേളയില്‍ സെന്‍ററിന്‍െറ പ്രശ്നങ്ങള്‍ അദ്ദേഹത്തിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ശരിയാക്കാം എന്ന് പറഞ്ഞതല്ലാതെ മറ്റു നടപടിയൊന്നും ഉണ്ടായിട്ടില്ല. സാധാരണക്കാരന്‍െറ ആശ്രയവും അഭയവുമായ ഈ സെന്‍റര്‍ പുതിയ സ്ഥലത്ത് വലിയ സൗകര്യങ്ങളോടെ പുനര്‍നിര്‍മിക്കപ്പെടുന്ന സ്വപ്നം പൂവണിയും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അല്‍ഐനിലെ ഇന്ത്യന്‍ പ്രവാസി സമൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
