പ്രവാസ രചനകള്‍ രൂപപ്പെടുന്നത് ഒറ്റപ്പെടലില്‍ നിന്ന് –പെരുമ്പടവം
text_fieldsദുബൈ: സ്വന്തം നാടും വീടും വിട്ട് മറ്റൊരു രാജ്യത്തത്തെുമ്പോള്‍ അനുഭവിക്കുന്ന ഏകാന്തതയിലും ഒറ്റപ്പെടലിലും നിന്നാണ് പ്രവാസ സാഹിത്യ രചനകള്‍ രൂപപ്പെടുന്നതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍. സാഹിത്യ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൃഹാതുരത്വവും വിട്ടുപോന്ന സ്വന്തം ദേശത്തോടുള്ള സ്നേഹബന്ധത്തിന്‍െറ ഓര്‍മകളും രചനകള്‍ക്ക് പ്രചോദനമാകുന്നു.
ആള്‍ക്കൂട്ടത്തിനൊടുവില്‍ ഒറ്റപ്പെട്ടുപോവുകയെന്ന അനുഭവം ഉണ്ടാകുമ്പോഴാണ് ലോകസാഹിത്യത്തില്‍ തന്നെ രചനകള്‍ ഉണ്ടായത്. ആദ്യകാലങ്ങളില്‍ ഇക്കാര്യം അനുഭവപ്പെട്ടത് ഡല്‍ഹിയിലെ എഴുത്തുകാരില്‍ നിന്നാണ്. എം.പി.നാരായണപിള്ളയെയും കാക്കനാടനെയും ഒ.വി. വിജയനെയും പോലുള്ളവര്‍ ഡല്‍ഹിയിലെ ജീവിതാനുഭവങ്ങള്‍ തീക്ഷ്ണമായി ആവിഷ്കരിച്ചു. ഇത് മലയാളി സാഹിത്യത്തില്‍ നവ ഭാവുകത്വം സൃഷ്ടിക്കുകയും ചെയ്തു.
ഗൃഹാതുരത പ്രവാസ രചനകളില്‍ ഒരു കാലഘട്ടത്തില്‍ കൂടുതല്‍ പ്രാമുഖ്യം നേടിയിരുന്നു. ഇതില്‍ നിന്ന് ഭിന്നമായി തീക്ഷ്ണമായ പ്രവാസ അനുഭവങ്ങള്‍ ഇപ്പോള്‍ വരുന്നുണ്ട്. ബെന്യാമിന്‍െറ ആടുജീവിതം ഇതിന് ഉദാഹരണമാണ്. കൊച്ചുബാവയും പ്രവാസ സാഹിത്യത്തിന് മികച്ച സംഭാവനകള്‍ നല്‍കി. അദ്ദേഹത്തിന്‍െറ ഓരോ കഥയും ജീവിതത്തില്‍ നിന്ന് വലിച്ചുചീന്തിയെടുത്ത ഏടുകളാണ്.
പ്രവാസജീവിതം നയിക്കുമ്പോള്‍ നിലനില്‍പ്പിനായുള്ള പോരാട്ടം ഏറ്റവുമധികം അസ്വസ്ഥമാക്കുന്നത് എഴുത്തുകാരന്‍െറ ഹൃദയത്തെയാണ്. ഈ അസ്വസ്ഥതകളില്‍ നിന്നാണ് രചനകള്‍ പുറത്തുവരുന്നത്. അവിസ്മരണീയ സാഹിത്യകൃതികള്‍കൊണ്ട് ഭാഷയെ സമ്പന്നമാക്കാന്‍ പ്രവാസി എഴുത്തുകാര്‍ക്ക് സാധിക്കണം. മറ്റുള്ളവരുടെകൂടി ജീവിതത്തിന്‍െറ പ്രാതിനിധ്യം വഹിക്കുമ്പോഴാണ് ഒരു കൃതി പൂര്‍ണമാകുന്നത്. അത്തരം കൃതികളിലൂടെ പുതിയ എഴുത്തുകാരെ സ്വപ്നം കാണുകയാണ് താനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാഹിത്യത്തിന്‍െറയും സിനിമയുടെയും ഭാഷകള്‍ വ്യത്യസ്തമാണെന്ന് നടനും എഴുത്തുകാരനുമായ മധുപാല്‍ പറഞ്ഞു. വാക്കുകള്‍ കൊണ്ടാണ് സാഹിത്യമുണ്ടാക്കുന്നതെങ്കില്‍ അടുക്കും ചിട്ടയോടെയുമുള്ള ദൃശ്യപരിചരണമാണ് സിനിമയെ മികവുറ്റതാക്കുന്നത്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് സിനിമാനിര്‍മാണം ഇപ്പോള്‍ കൂടുതല്‍ എളുപ്പമായിട്ടുണ്ട്. ഒരുപാട് കലാരൂപങ്ങളുടെ ആകത്തുകയാണ് സിനിമ. ചിത്രകലയും സാഹിത്യവും നാടകവുമെല്ലാം അതിലുണ്ട്. എല്ലാ സാഹിത്യവും സിനിമയാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അതുപോലെ എല്ലാ സിനിമകളും സാഹിത്യരൂപത്തിലേക്ക് മാറ്റാനും കഴിയില്ളെന്ന് അദ്ദേഹം പറഞ്ഞു. റോബിന്‍ തിരുമല മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
