ജി.സി.സിയില്‍ ജോലി ചെയ്യുന്നത് 1.70 കോടി പ്രവാസികള്‍; നാട്ടിലേക്ക് അയക്കുന്നത് 29300 കോടി ദിര്‍ഹം
text_fieldsഅബൂദബി: ലോകതലത്തില്‍ ദാരിദ്ര്യം കുറക്കുന്നതിന് ജി.സി.സി രാജ്യങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് സംയുക്ത ജി.സി.സി കാബിനറ്റ്.
യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലായി 1.70 കോടി പ്രവാസികളാണ് ജോലി ചെയ്യുന്നതെന്നും ഇതുവഴി വിവിധ രാജ്യങ്ങളിലെ പട്ടിണി കുറക്കാന്‍ സഹായകമായിട്ടുണ്ടെന്നും ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തില്‍ ജി.സി.സി രാഷ്ട്ര പ്രതിനിധികള്‍ വ്യക്തമാക്കി.
ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്ന് ഈ തൊഴിലാളികള്‍ പ്രതിവര്‍ഷം 29300 കോടി ദിര്‍ഹമാണ് സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്നത്.
ഈ പണം ദാരിദ്ര്യത്തിന് എതിരെ പൊരുതാനും തൊഴിലില്ലായ്മ കുറക്കാനും സഹായിക്കുന്നുണ്ടെന്ന് സൗദി അറേബ്യന്‍ തൊഴില്‍ മന്ത്രി ഡോ. മുഫറ്റജ് ബിന്‍ സഅദ് ഹഖ്ബാനി സമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രവാസി ജോലിക്കാര്‍ ജി.സി.സി രാഷ്ട്രങ്ങളുടെ സമ്പദ്വ്യവസ്ഥയെ സജീവമാക്കി നിര്‍ത്തുകയും ഈ രാജ്യങ്ങളിലെ വലിയ പദ്ധതികള്‍ നടപ്പാക്കാന്‍ സഹായമാകുകയും ചെയ്യുന്നുണ്ട്.
ദാരിദ്ര്യത്തിനെതിരായ ഐക്യരാഷ്ട്രസഭയുടെ 2030 പദ്ധതിയില്‍ സഹകരിക്കുമെന്നും ലക്ഷ്യം നേടിയെടുക്കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലയില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കാനുള്ള പരിശ്രമവും നടത്തും.
അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലെ അറബ് തൊഴിലാളികളോട് ഇസ്രായേല്‍ പുലര്‍ത്തുന്ന സമീപനവും സമ്മേളനത്തില്‍ ഉന്നയിച്ചു.
അധിനിവേശ സ്ഥലങ്ങളില്‍ അറബികള്‍ക്ക് കുറച്ച് അവസരങ്ങളും അവകാശങ്ങളും മാത്രമാണ് ഇസ്രായേല്‍ നല്‍കുന്നത്.
ഇത് അറബ് തൊഴിലാളികള്‍ക്കിടയില്‍ പട്ടിണി വ്യാപകമാക്കുകയാണ്. അധിനിവേശ ശക്തികള്‍ ഈ പ്രശ്നം പരിഹരിക്കുന്നതിന് ഒന്നും ചെയ്യുന്നില്ളെന്നും ജി.സി.സി പ്രതിനിധി അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തെ ഓര്‍മപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.