ദൗത്യം വിജയം; സോളാര്‍ ഇംപള്‍സിന് സൂര്യശോഭ
text_fieldsഅബൂദബി: സൗരോര്‍ജം മാത്രം ഉപയോഗിച്ച് നാല് വന്‍കരകളിലെ ഒമ്പത് രാജ്യങ്ങളിലൂടെ പറന്ന് ചരിത്രം സൃഷ്ടിച്ചുകൊണ്ട് സോളാര്‍ ഇംപള്‍സ് -രണ്ട് അബൂദബിയില്‍ തിരിച്ചത്തെി. ചൊവ്വാഴ്ച സൂര്യനുദിക്കാന്‍ 134 മിനിറ്റ് ബാക്കിയിരിക്കെയാണ് ആയിരങ്ങളെ സാക്ഷിയാക്കി അല്‍ ബതീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ വിമാനം നിലംതൊട്ടത്.
ഞായറാഴ്ച പുലര്‍ച്ചെ യു.എ.ഇ സമയം 3.29ന് ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍നിന്ന് പുറപ്പെട്ട വിമാനം 2694 കിലോമീറ്റര്‍ ദൂരം രണ്ട് ദിവസവും 37 മിനിറ്റും കൊണ്ട് സഞ്ചരിച്ചാണ് അബൂദബിയിലത്തെിയത്. 17 ഘട്ട യാത്രകളിലായി മൊത്തം 504 മണിക്കൂറാണ് വിമാനം പറന്നത്. ഇതിനിടെ പിന്നിട്ടത് 42000 കിലോമീറ്റര്‍.
നിര്‍ദോഷ സാങ്കേതിക വിദ്യകള്‍ അസാധ്യമല്ളെന്നതാണ് പര്യടന വിജയത്തിന്‍െറ സന്ദേശം. ‘ഭാവി പൂര്‍ണമാണ്. നിങ്ങളാണ് ഇനി ഭാവി. ഞങ്ങള്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ദൗത്യഫലം നിങ്ങള്‍ വ്യാപകമാക്കുക’ -ചരിത്രദൗത്യത്തിന് ശേഷം വിമാനത്തില്‍നിന്ന് പുറത്തിറങ്ങിയ ബെര്‍ട്രാന്‍ഡ് പികാര്‍ഡ് പ്രഖ്യാപിച്ചു. കെയ്റോയില്‍നിന്ന് അബൂദബിയിലേക്ക് വിമാനം പറത്തിയത് പികാര്‍ഡായിരുന്നു. സോളാര്‍ ഇംപള്‍സ് പദ്ധതിയുടെ ചെയര്‍മാനാണ് അദ്ദേഹം. സഹ പൈലറ്റും പദ്ധതിയുടെ സി.ഇഒയുമായ ആന്‍ഡ്രേ ബോര്‍ഷെന്‍ബെര്‍ഗിനെ ആശ്ളേഷിച്ച് പികാര്‍ഡ് ആഹ്ളാദം പങ്കുവെച്ചു.
ആവേശപൂര്‍വമാണ് അബൂദബി വിമാനത്തെ വരവേറ്റത്. വിമാനത്തിന്‍െറ പര്യടന വിജയം അബൂദബിയുടെ ബദല്‍ ഊര്‍ജ പദ്ധതികളുടെ ശോഭനഭാവി കൂടിയാണ്.
പുനരുപയോഗ ഊര്‍ജരംഗത്ത് വന്‍ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന എമിറേറ്റിലെ മസ്ദര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് വിമാനത്തിന്‍െറ സൗരോര്‍ജ സംഭരണ സംവിധാനങ്ങളൊരുക്കിയത്. 17,248 ഫോട്ടോവോള്‍ടെയ്ക് സെല്ലുകളാണ് സൗരോര്‍ജം ശേഖരിക്കാന്‍ വിമാനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.
‘നൂതന കാഴ്ചപ്പാടുകളെ മസ്ദര്‍ എന്നും പ്രോത്സാഹിപ്പിക്കും. സോളാര്‍ ഇംപള്‍സ് വിമാനത്തിന്‍െറ തിരിച്ചത്തെല്‍ അവസാനമല്ല, കൂടുതല്‍ നേട്ടങ്ങളുടെ ആരംഭമാണ്’ എന്ന അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ പ്രസ്താവന ബദല്‍ ഊര്‍ജരംഗത്ത് രാജ്യം പുലര്‍ത്തുന്ന വീക്ഷണത്തിന്‍െറ പ്രതിഫലനമാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം സന്ദേശം നല്‍കിയത്.
പര്യടന വിജയം മസ്ദറിന് അഭിമാനത്തിന്‍െറയും പ്രോത്സാഹനത്തിന്‍െറയും സ്രോതസ്സാണെന്നും പുനരുപയോഗ ഊര്‍ജ വികസനത്തിന്‍െറ നായകനെന്ന നിലയില്‍ ഈ ഉദ്യമം മുന്നോട്ടുകൊണ്ടുപോകാന്‍ കമ്പനി ഉത്തരവാദപ്പെട്ടിരിക്കുന്നുവെന്നും സഹമന്ത്രിയും മസ്ദര്‍ ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ ആല്‍ ജാബിര്‍ പറഞ്ഞു.
2015 മാര്‍ച്ച് ഒമ്പതിന് അബൂദബിയില്‍നിന്ന് പുറപ്പെട്ട് ഒമാന്‍, ഇന്ത്യ, മ്യാന്‍മര്‍, ചൈന, ജപ്പാന്‍, അമേരിക്ക, സ്പെയിന്‍, ഈജിപ്ത് രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഇംപള്‍സ് -രണ്ട് സൗരോര്‍ജം മാത്രം ഉപയോഗിച്ച് രാവും പകലും ഇടതടവില്ലാതെ പറന്ന ലോകത്തിലെ ഏക വിമാനം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് തിരിച്ചത്തെിയത്.
ജപ്പാനിലെ നഗോയയില്‍നിന്ന് അമേരിക്കയിലെ ഹവായിയിലേക്കുള്ള 8,924 കിലോമീറ്ററാണ് സോളാര്‍ ഇംപള്‍സ് -2 തുടര്‍ച്ചയായി പറന്ന ഏറ്റവും കൂടിയ ദൂരം. 117 മണിക്കൂര്‍ 52 മിനിറ്റാണ് ഇതിനെടുത്തത്. സൗരോര്‍ജ വിമാനപ്പറക്കലില്‍ ഇതും ഒരു റെക്കോര്‍ഡാണ്്.
മൊത്തം 19 ഒൗദ്യോഗിക വ്യോമയാന റെക്കോര്‍ഡുകളാണ് സോളാര്‍ ഇംപള്‍സ് ഈ പര്യടനത്തിലൂടെ സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
