വാദി അല്‍ ഹിലോയില്‍ ബസ് മറിഞ്ഞ് കത്തി കുട്ടി മരിച്ചു; 23 പേര്‍ക്ക് പരിക്ക്
text_fieldsഷാര്‍ജ: ഷാര്‍ജയുടെ ഭാഗമായ കല്‍ബയിലെ പുരാതന നഗരമായ വാദി അല്‍ ഹിലോയില്‍ ഒമാനി സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് കത്തി ഒരു വയസ്സുള്ള കുട്ടി മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നിലഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരുടെ ദേഹത്ത് പൊള്ളലും മുറിവും ഏറ്റിട്ടുണ്ട്. ബസ് ഡ്രൈവറുടെ മകനാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. ഉംറ കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
ഹെയര്‍പിന്‍ വളവ് തിരിയുന്നതിനിടയില്‍ ബസ് റോഡിന്‍െറ മധ്യത്തിലുള്ള സിമന്‍റ് മതിലില്‍ ഇടിച്ച് മരിയുകയായിരുന്നു. ക്ഷണനേരം കൊണ്ട് ബസ് കത്തി. കത്തുന്ന ബസിനുള്ളില്‍ നിന്ന് തലനാരിഴക്കാണ് ആളുകള്‍ രക്ഷപ്പെട്ടത്. എന്നാല്‍ ബസിനകത്ത് അകപ്പെട്ട കുഞ്ഞിനെ രക്ഷിക്കാനായില്ല. അപകട സമയം റോഡ് വിജനമായിരുന്നു. ഒറ്റപ്പെട്ട വാഹനങ്ങളാണ് ഉണ്ടായിരുന്നത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ്, സിവില്‍ഡിഫന്‍സ്, പാരമെഡിക്കല്‍ വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനത്തെി.
അപകടത്തില്‍പ്പെട്ടവരെ ഉടനെ തന്നെ കല്‍ബ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇരു ദിശയിലേക്കുമുള്ള റോഡ് പൊലീസ് തത്ക്കാലം ഉപരോധിച്ചാണ് രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂട്ടിയത്. അപകടത്തില്‍പ്പെട്ടവരെ തുടര്‍ ചികിത്സക്കായി ഒമാനിലേക്ക് കൊണ്ട് പോകാനുള്ള നീക്കവും നടക്കുന്നുണ്ട്.
എന്നാല്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ ദേഹത്ത് കാര്യമായ പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ ചികിത്സ കല്‍ബയില്‍ തന്നെ തുടരുമെന്നാണ് സൂചന. അപകടത്തില്‍പ്പെട്ട ബസ് 80 ശതമാനവും കത്തിയമര്‍ന്നിട്ടുണ്ട്. മഹാഭാഗ്യം കൊണ്ടാണ് ഇതിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.
കല്‍ബ നഗരസഭയിലെ ശുചികരണ തൊഴിലാളികള്‍ ഏറെ പണിപ്പെട്ടാണ് റോഡ് ശുചികരണം നടത്തിയത്. റോഡില്‍ ഓയില്‍ പരന്നതും നീക്കം ചെയ്തു. പ്രദേശമാകെ വാഹനം കത്തിയ ഗന്ധമായിരുന്നുവെന്ന് ജല-വൈദ്യുത വകുപ്പില്‍ ജോലി ചെയ്യുന്ന മുഹമദ് റഫീഖ് പറഞ്ഞു.
ശ്രദ്ധിക്കുക, വാദി അല്‍ ഹിലോയില്‍ അപകടം പതിയിരിക്കുന്നു
ഷാര്‍ജ: വാദി അല്‍ ഹിലോയിലെ പ്രധാന റോഡില്‍ ചില വാഹനങ്ങള്‍ കടന്ന് പോകാന്‍ വിലക്കുണ്ട്. കുത്തനെയുള്ള കയറ്റങ്ങളും മുടിപിന്‍ വളവുകളും ഇവിടെ നിരവധിയാണ്. വലിയ വാഹനങ്ങള്‍ക്കാണ് വിലക്കുള്ളത്. പലഭാഗത്തും റോഡ് സംരക്ഷണ വേലികളില്ല. ചിലഭാഗങ്ങളില്‍ പോക്ക് വരവ് പാതകള്‍ രണ്ട് വരികളിലേക്ക് മാറുന്നു. യു.എ.ഇയിലെ ആദ്യ തുരങ്ക പാതയും ഇവിടെയാണ്. ഹജ്ജര്‍ മലകള്‍ തുരന്നാണ് തുരങ്കം തീര്‍ത്തിട്ടുള്ളത്. ഒരുഭാഗത്ത് കൊക്കകളും മറു ഭാഗത്ത് കൂറ്റന്‍ മലകളും ഈ റോഡിന്‍െറ പ്രത്യേകതയാണ്.
മണിക്കൂറില്‍ 60, 80 കി.മീ എന്നിങ്ങനെയാണ് വാദി അല്‍ ഹിലോയിലെ വേഗത. എന്നാല്‍ പല യാത്രക്കാരും ഇത് അവഗണിക്കുന്നത് പതിവാണ്. പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ അനുവദിച്ചതിലും കൂടുതല്‍ വേഗതയില്‍ ഇവിടെ വാഹനം ഓടിക്കുന്നത് നിരന്തരമായ അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. യു.എ.ഇയിലെ മറ്റ് റോഡുകള്‍ മനസില്‍ കണ്ടാണ് പലരും ഇവിടെ വേഗതയില്‍ വാഹനം ഓടിക്കുന്നത്. എന്നാല്‍ ഇടവിട്ടുള്ള വളവുകളിലേക്കത്തെുമ്പോള്‍ വാഹനം നിയന്ത്രക്കാന്‍ കഴിയാതെ വരുന്നു. പാറകളിലും മതിലുകളിലും ഇടിക്കുന്ന വാഹനം മലക്കം മറിഞ്ഞാണ് 90 ശതമാനം അപകടങ്ങളും ഇവിടെ നടക്കാറുള്ളത്. സാഹസികരായ ബൈക്ക് യാത്രക്കാരും ഇവിടെ അപകടങ്ങളില്‍പ്പെടുന്നത് പതിവാണ്.
മഴക്കാലമായാല്‍ റോഡിലൂടെ തോട് കണക്കെ വെള്ളം ഒഴുകാറുണ്ട്. ചിലഭാഗങ്ങളില്‍ റോഡിലിറങ്ങി കളിക്കുന്ന മൃഗങ്ങളെയും കാണാം. സൂക്ഷിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് രസകരമായ കാഴ്ച്ചകള്‍ കണ്ട് പോകാം. സ്ഥാപനങ്ങളും പാര്‍പ്പിടങ്ങളും പേരിന് മാത്രമെയുള്ളു. സ്വദേശികളിലധികവും ഉള്‍പ്രദേശങ്ങളിലാണ് താമസിക്കുന്നത്. നിരത്തില്‍ ഇടവിട്ട് പോകുന്ന വാഹനങ്ങള്‍ മാത്രം. ഷാര്‍ജയിലെ അതിപുരാതന നാഗരികത വസിച്ചിരുന്ന മേഖലയാണ് വാദി അല്‍ ഹിലോ. തീര്‍ത്തും പരമ്പരാഗതമായ ജീവിത രീതിയാണ് ഇവര്‍ക്കിന്നും ഇഷ്ടം. പുരാതനമായ ആവാസ മേഖലയില്‍ നിന്ന് അടുത്ത കാലത്താണ് ഇവര്‍ മാറി താമസിച്ചത്.
മല അടിവാരങ്ങളില്‍ പഴമയെ അടയാളപ്പെടുത്തുന്ന പുതിയ വീടുകള്‍ തീര്‍ത്തായിരുന്നു ഇവരുടെ മാറ്റി പാര്‍പ്പിക്കല്‍. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ പഴയ സ്ഥലത്ത് നിന്ന് പുതിസ മേഖലയിലേക്ക് മാറിയത്. സുല്‍ത്താന്‍ ഇടക്കിടക്ക് ഇവരെ സന്ദര്‍ശിക്കാനത്തൊറുണ്ട്. ഇവരുടെ പുരാതന ആവാസ മേഖലയുടെ ചിലഭാഗങ്ങള്‍ സംരക്ഷിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
