റാസല്‍ഖൈമയില്‍ ഭര്‍ത്താവിന്‍െറ വെടിയേറ്റ് യുവതിക്ക് പരിക്ക്
text_fieldsറാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഭര്‍ത്താവിന്‍െറ വെടിയേറ്റ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് സംഭവമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് റാസല്‍ഖൈമ പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി ബിന്‍ അല്‍വാന്‍ അല്‍ നഈമി പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് വീട്ടില്‍ വെച്ചാണ് സംഭവം. വാക്കുതര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് തോക്കെടുത്ത് യുവതിക്ക് നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നുവത്രെ.
ഓപറേഷന്‍സ് റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ പൊലീസും പാരാമെഡിക്കല്‍ വിഭാഗവും സ്ഥലത്തത്തെി. ദേഹമാസകലം പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവശേഷം ഭര്‍ത്താവ് സ്വമേധയാ പൊലീസ് സ്റ്റേഷനിലത്തെി കീഴടങ്ങുകയായിരുന്നു. ഇയാളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മേധാവി അറിയിച്ചു. യു.എ.ഇ നിയമപ്രകാരം സ്വയരക്ഷാര്‍ഥവും വേട്ടക്കുമായി സ്വദേശികള്‍ക്ക് തോക്ക് കൈവശം വെക്കാം. ഇതിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം.
ആയുധം കൈവശം വെക്കാനുള്ള കാരണവും അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കണം. ആറുമാസത്തേക്കാണ് സാധാരണ ലൈസന്‍സ് അനുവദിക്കുന്നത്. പിന്നീട് ഇത് പുതുക്കാം.