അബൂദബി വിമാനത്താവളം കുതിപ്പ് തുടരുന്നു; യാത്രികരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടം
text_fieldsഅബൂദബി: ഗള്‍ഫ് മേഖലയിലെ വ്യോമയാന ഹബ്ബെന്ന നിലയിലേക്കുള്ള വളര്‍ച്ചയില്‍ നാഴികക്കല്ലുകള്‍ പിന്നിട്ട് അബൂദബി അന്താരാഷ്ട്ര വിമാനത്താവളം. അബൂദബി വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. 2015ല്‍ വിമാനത്താവളത്തിലൂടെ കടന്നുപോയത് 2.33 കോടി യാത്രികരാണ്. 2014നെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തില്‍ 17.2 ശതമാനം വര്‍ധനയുണ്ടായതായി ശനിയാഴ്ച പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിമാനത്താവളത്തിന്‍െറ ചരിത്രത്തില്‍ ആദ്യമായി ഒരു മാസം 20 ലക്ഷം യാത്രികര്‍ എന്ന ലക്ഷ്യവും കൈവരിച്ചു. 2015ല്‍ നാല് മാസങ്ങളിലാണ് 20 ലക്ഷം യാത്രികര്‍ എന്ന ലക്ഷ്യം മറികടന്നത്. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിമാനത്താവളം ഉപയോഗപ്പെടുത്തിയത്.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ വളര്‍ച്ച ഇരട്ട അക്കത്തില്‍ തുടരുകയാണെന്നും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളുമായി അബൂദബിയെ ബന്ധിപ്പിക്കുന്നതിന്‍െറ വിജയം ആണിതെന്നും അബൂദബി എയര്‍പോര്‍ട്ട്സ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എന്‍ജി. അഹമ്മദ് അല്‍ ഹദ്ദാബി പറഞ്ഞു. 2015ന്‍െറ ആദ്യ പാദത്തില്‍ ടെര്‍മിനല്‍ ഒന്നിന്‍െറ വിപുലീകരണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാന്‍ കഴിഞ്ഞു. ഇതിലൂടെ യാത്രികര്‍ക്ക് ലോക നിലവാരത്തിലുള്ള സേവനങ്ങള്‍ ആസ്വദിക്കാനും സാധിച്ചതായും അദ്ദേഹം പറഞ്ഞു.
യു.എ.ഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസിന്‍െറ മികച്ച പ്രകടനം അബൂദബി വിമാനത്താവളത്തിന്‍െറ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. യാത്ര- ചരക്ക് സര്‍വീസുകളിലായി ലോകത്തിന്‍െറ 116 കേന്ദ്രങ്ങളെ അബൂദബിയുമായി ബന്ധിപ്പിക്കുന്ന ഇത്തിഹാദ് വഴി 1.74 കോടി യാത്രികരാണ് അബൂദബി വിമാനത്താവളത്തിന് ലഭിച്ചത്. അല്‍ ഇറ്റാലിയ, ജെറ്റ് എയര്‍വേസ് എന്നിവയുടെ ശൃംഖലയിലൂടെ ഇറ്റലി, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാരും വര്‍ധിച്ചു. ഇതോടൊപ്പം കഴിഞ്ഞ വേനല്‍ക്കാലത്ത് ആഴ്ചയില്‍ 271 അധിക വിമാനങ്ങള്‍ അബൂദബി വഴി സര്‍വീസ് നടത്തുകയും ചെയ്തു.
2014നെ അപേക്ഷിച്ച് വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 11.6 ശതമാനം വര്‍ധനയുണ്ടായി. 1,72,819 വിമാന സര്‍വീസുകളാണ് അബൂദബി വഴി നടന്നത്. 2015 ആഗസ്റ്റിലാണ് ഏറ്റവും അധികം യാത്രികര്‍ അബൂദബി വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. 25 ലക്ഷത്തിലധികം പേരാണ് ആഗസ്റ്റില്‍ കടന്നുപോയത്. ഡിസംബറില്‍ 21 ലക്ഷം പേരും കടന്നുപോയി. അബൂദബി വിമാനത്താവളവുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്നത് ഇന്ത്യ, ബ്രിട്ടന്‍, ജര്‍മനി, സൗദി അറേബ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ്. ഈ അഞ്ച് രാജ്യങ്ങളിലേക്കും തിരിച്ചുമായി 90 ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത്. 2014നെ അപേക്ഷിച്ച് ചരക്കുനീക്കത്തില്‍ 3.8 ശതമാനവും വര്‍ധനയുണ്ടായി. വ്യോമമാര്‍ഗം 8,27,456 ടണ്‍ ചരക്കുകളുടെ നീക്കമാണ് നടന്നത്. 2016 ല്‍ യാത്രികരുടെ എണ്ണത്തിലും വ്യോമ നീക്കത്തിലും ചരക്ക് നീക്കത്തിലും കൂടുതല്‍ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
