യു.എ.ഇയില്‍ ഇന്ത്യന്‍ തടവുകാരുടെ എണ്ണം കുറയുന്നു; 1200ല്‍ നിന്ന് 840 ആയി
text_fieldsഅബൂദബി: യു.എ.ഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. രണ്ട് വര്‍ഷത്തിനിടെ തടവുകാരുടെ എണ്ണത്തില്‍ 360 പേരുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. 2014 തുടക്കത്തില്‍ ദുബൈ, അബൂദബി, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലെ ജയിലുകളിലായി 1200ലധികം തടവുകാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ 840 ആയി കുറഞ്ഞതായി യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. യു.എ.ഇയിലെ നിയമങ്ങളെ കുറിച്ചും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് മാറിനില്‍ക്കേണ്ടതിന്‍െറ ആവശ്യകതയെ കുറിച്ചും വിവിധ തലങ്ങളില്‍ നടന്ന ബോധവത്കരണവും പെരുന്നാള്‍, ദേശീയ ദിനം തുടങ്ങിയ ആഘോഷ വേളകളില്‍ യു.എ.ഇ ഭരണാധികാരികള്‍ നല്‍കുന്ന പൊതുമാപ്പില്‍ ഇന്ത്യന്‍ തടവുകാര്‍ ഉള്‍പ്പെട്ടതുമാണ് ജയിലുകളില്‍ കഴിയുന്നവരുടെ എണ്ണം കുറയാന്‍ കാരണം.
ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഒപ്പുവെച്ച തടവുകാരെ കൈമാറല്‍ കരാര്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അംബാസഡര്‍ പറഞ്ഞു. അഞ്ച് തടവുകാരെ നാട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇവരുടെ പേരുകള്‍ യു.എ.ഇ അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇത് ഇന്ത്യയിലേക്ക് കൈമാറുകയും ചെയ്തു. തടവുകാരെ സംബന്ധിച്ച വിശദ വിവരങ്ങള്‍ യു.എ.ഇ അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ ലഭിക്കുന്ന മുറക്ക് നാട്ടിലെ ജയിലുകളിലേക്ക് മാറ്റാന്‍ സാധിക്കും. നേരത്തേ ഒരു ഇന്ത്യന്‍ തടവുകാരനെ നാട്ടിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നങ്ങളാല്‍ ഇത് മുടങ്ങുകയായിരുന്നു. ഇയാള്‍ക്ക് ഏഴ് വര്‍ഷം തടവ് അനുഭവിക്കണം. ഇന്ത്യന്‍ നിയമ പ്രകാരം ഇതില്‍ ചില പ്രയാസങ്ങള്‍ നേരിട്ടതാണ് നാട്ടിലേക്കുള്ള കൈമാറ്റം തടസ്സപ്പെടാന്‍ കാരണം.
തടവുകാരുടെ കൈമാറ്റ കരാര്‍ പ്രകാരം ഇന്ത്യയിലെ ജയിലുകളിലേക്ക് മാറാന്‍ അര്‍ഹതയുണ്ടായിരുന്ന പലര്‍ക്കും ഭരണാധികാരികളുടെ പൊതുമാപ്പ് ലഭിക്കുകയും ചെയ്തതായി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. 2014 മേയ് മാസത്തില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ കരാറിന് അംഗീകാരം നല്‍കിയതോടെയാണ് നാട്ടിലേക്ക് തടവുകാരെ മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.