അസമില്‍ സമൂഹ വിവാഹത്തിന് വേദിയൊരുക്കുന്നു
text_fieldsദുബൈ: ദല്‍ഹി കേന്ദ്രമായ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനും കോഴിക്കോട് ആസ്ഥാനമായ ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് അസമില്‍ 100 ദരിദ്ര യുവതീ യുവാക്കളുടെ സമൂഹ വിവാഹത്തിന് വേദിയൊരുക്കുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന 100 പേരുടെ വിവാഹത്തിനാണ് ഇരു സംഘടനകളും മുന്നിട്ടിറങ്ങുന്നത്. മാര്‍ച്ച് 13ന് ഗുവാഹത്തിയിലാണ് സമൂഹ വിവാഹം. ചടങ്ങില്‍ രാജ്യസഭാ എം.പി പി.വി അബ്ദുല്‍ വഹാബ്, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ടി. ആരിഫലി, ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. സുലൈമാന്‍ (ഹൈലൈറ്റ് ബില്‍ഡേഴ്സ്, കോഴിക്കോട്), ട്രസ്റ്റിമാരായ ഡോ. ടി. അഹ്മദ്, സി.പി കുഞ്ഞിമൂസ എന്നിവര്‍ സംബന്ധിക്കും. കഴിഞ്ഞ വര്‍ഷം പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ ഇതേ രീതിയില്‍ 50 പേരുടെ സമൂഹ വിവാഹം നടന്നിരുന്നു. അതിനു ലഭിച്ച പ്രതികരണം കൂടി കണക്കിലെടുത്താണ് വിപുലമായ രീതിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സമൂഹ വിവാഹ ചടങ്ങ് നടത്താന്‍ സംഘാടകരെ പ്രേരിപ്പിച്ചത്.
വിവാഹിതരാകുന്നവര്‍ക്ക് പാരിതോഷികത്തിന് പുറമെ പുതുവസ്ത്രങ്ങള്‍, ജീവനോപാധിക്കുള്ള സഹായം എന്നിവയും ഉറപ്പാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അമ്പതു പേരുടെ വിവാഹത്തിനുള്ള സാമ്പത്തിക സഹായം നല്‍കാമെന്നറിയിച്ച് ദുബൈയിലെ പ്രമുഖ സ്ഥാപനം രംഗത്തുവന്നതായി സംഘാടകര്‍ വ്യക്തമാക്കി. ഒരാള്‍ക്ക് 50,000 രൂപയാണ് ചെലവുവരുന്നത്. വിവാഹ ചടങ്ങുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 0097155 8812221(കുഞ്ഞിമൂസ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
