മരൂഭൂമിയുടെ മനസ്സിലേക്കുള്ള ഒട്ടകയാത്രക്ക് മലയാളികളും
text_fieldsഷാര്‍ജ: മരുഭൂമിയുടെ ആഴങ്ങളുടെ സൗന്ദര്യവും സംസ്കാരവും തേടി 15 പേരടങ്ങുന്ന സംഘം ഒട്ടകപ്പുറത്തേറി വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് യാത്രയാവും. ശൈഖ് ഹംദാന്‍ ബിന്‍ മുഹമദ് പൈതൃക സെന്‍റര്‍ സംഘടിപ്പിക്കുന്ന യാത്ര ദുബൈ അവീറില്‍ നിന്നാണ് ആരംഭിക്കുക.
പോയവര്‍ഷവും ഇത്തരത്തിലുള്ള യാത്ര പൈതൃക സെന്‍റര്‍ സംഘടിപ്പിച്ചിരുന്നു. വിവിധ രാജ്യക്കാരായ പര്യവേഷകര്‍ക്കൊപ്പം മൂന്ന് മലയാളികളും സംഘത്തിലുണ്ട്. കോഴിക്കോട് സ്വദേശിനി റിഷാന, ആലുവ സ്വദേശി ഷാജഹാന്‍, തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് പര്യവേഷണത്തില്‍ പങ്കെടുക്കുന്ന മലയാളികള്‍.
യമന്‍, ഒമാന്‍, ഫ്രഞ്ച്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. പ്രശസ്ത സ്വദേശി പര്യവേഷകരായ അഹ്മദ് ആല്‍ ഖാസിമിയും മുഹമദ് ബിന്‍ തരിയവുമാണ് ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത്. 10 ദിവസത്തെ യാത്രയില്‍ സംഘം 500 കിലോമീറ്ററുകള്‍ താണ്ടും. വിവിധ എമിറേറ്റുകളിലെ മരൂഭൂപ്രദേശങ്ങള്‍ കേന്ദ്രികരിച്ചാണ് യാത്ര നടത്തുക. പ്രതിദിനം 50 കിലോമീറ്റര്‍ ദൂരമാണ് സംഘം താണ്ടുക. വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും മരുഭൂമിയില്‍ പ്രത്യേക കൂടാരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്വദേശി വേഷത്തിലായിരിക്കും യാത്രക്കാര്‍. മൂന്നാഴ്ച്ച നീണ്ട കഠിനമായ പരിശീലത്തിന് ശേഷമാണ് മരൂഭൂയാത്രക്കുള്ള അനുമതി ലഭിച്ചതെന്ന് ഷാജഹാനും ഫൈസലും പറഞ്ഞു.
വ്യത്യസ്ത ഘടനയില്‍ കിടക്കുന്ന മരുഭൂമിയിലൂടെയുള്ള പരിശീലനം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തതാണ്. മരുഭൂമിയുടെ ആഴത്തിലേക്ക് പോകും തോറും പൂര്‍വികരായ അറബികള്‍ നടത്തിയ വിശ്രമമില്ലാത്ത മരുഭൂയാത്രയുടെ സാഹസികത കണ്‍മുന്നില്‍ തെളിയുകയായിരുന്നു. പുറത്ത് നിന്ന് കാണുന്നത് പോലെയല്ല മരുഭൂമി. അകത്തേക്ക് പോകും തോറും പലതരത്തിലുള്ള വ്യതിയാനങ്ങള്‍ തെളിയാന്‍ തുടങ്ങും. കാറ്റും മഞ്ഞും ചേര്‍ന്ന് നടത്തുന്ന കരകൗശലങ്ങള്‍ കാണേണ്ടത് തന്നെയാണ്. വ്യത്യസ്ത തരത്തിലുള്ള പക്ഷികളും ഇഴജന്തുക്കളും മുള്‍ച്ചെടികളും നിറഞ്ഞ ആവാസ മേഖലയില്‍ കാലവസ്ഥക്ക് പോലും മാറ്റമുണ്ട്. മരുഭൂമിയിലൂടെ ഏറെ സഞ്ചരിച്ചവര്‍ക്ക് മാത്രമെ വഴികളെ കുറിച്ചുള്ള ധാരണകള്‍ കിട്ടുകയുള്ളുവെന്ന് ഇരുവരും പറഞ്ഞു.
പരിശീലനത്തിന് പുറമെ ഒട്ടകവുമായി ചങ്ങാത്തപ്പെടലായിരുന്നു മറക്കാന്‍ പറ്റാത്ത മറ്റൊരനുഭവം. ബുദ്ധിയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഒട്ടകം. ചിലപ്പോഴൊക്കെ അത് മനുഷ്യനെ കവച്ച് വെക്കുന്നതായി തോന്നും. താണും ഉയര്‍ന്നും കിടക്കുന്ന മരുഭൂമിയിലൂടെ ഓരോകാലും എടുത്ത് വെക്കുമ്പോള്‍ അത് പുലര്‍ത്തുന്ന ജാഗ്രത ശ്ളാഘനീയമാണ്. വളരെ വേഗത്തിലാണ് ഒട്ടകങ്ങള്‍ മനുഷ്യരുമായി ഇണങ്ങുന്നത്. പണ്ട് കാലത്തെ വിശ്രമമില്ലാത്ത യാത്രകളുടെ ശേഷിപ്പുകള്‍ ഒട്ടകങ്ങളുടെ പുതിയ തലമുറയുടെ മനസിലും തെളിഞ്ഞ് കിടക്കുന്നത് കൊണ്ടാവാം ഈ സ്നേഹമെന്നാണ് ഫൈസലും ഷാജഹാനും പറയുന്നത്. അന്നം തരുന്ന നാടിന്‍െറ ഗതകാല സ്മൃതികളും കാഴ്ച്ചകളും യാത്രയിലെമ്പാടും കൂടെയുണ്ടാകുമല്ളോ എന്ന സന്തോഷത്തിലാണ് യാത്രക്കാര്‍.
പട്ടണങ്ങള്‍ ആകാശം മുട്ടെ ഉയര്‍ന്നെങ്കിലും മരുഭൂമിക്കിന്നും ആ പഴയ മണമാണെന്ന് പരിശീല കാലത്തെ യാത്രകള്‍ ബോധ്യപ്പെടുത്തിയതായി സംഘാഗങ്ങള്‍ പറഞ്ഞു. ഒട്ടകത്തിന്‍െറ ചുരും മരുഭൂമിയുടെ ഗന്ധവും കൂടി കലര്‍ന്ന സുഗന്ധം അനുഭൂതി നിറഞ്ഞതാണ്. തണുത്ത കാറ്റും ഇളം വെയിലുമാണിപ്പോള്‍ മരുഭൂമിക്കകത്ത്. രാത്രിയില്‍ മഞ്ഞിന്‍െറ പുതപ്പിനുള്ളില്‍ മരുഭൂമി ആണ്ട് പോകുന്നത് വല്ലാത്ത കാഴ്ച്ചയാണെന്ന് സംഘങ്ങള്‍ പറഞ്ഞു. പോയവര്‍ഷം 400 കി.മി ദൂരമാണ് താണ്ടിയത്. യാത്രക്കിടക്ക് ഒരപകടവും ഉണ്ടായില്ല എന്ന് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു. ഇതാണ് ഇത്തവണ 100 കി.മി കൂട്ടാന്‍ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.