മെട്രോ യാത്രയില്‍ വായിക്കാന്‍ ആര്‍.ടി.എ വക പുസ്തകങ്ങള്‍
text_fieldsദുബൈ: മെട്രോയില്‍ യാത്രചെയ്യുമ്പോള്‍ ബോറടിക്കുന്നെങ്കില്‍ വായിക്കാന്‍ പുസ്തകം എടുത്തോളൂ. സ്റ്റേഷനില്‍ തന്നെ ആര്‍.ടി.എ അതിന് സംവിധാനമുണ്ടാക്കിക്കഴിഞ്ഞു. ആദ്യ ഘട്ടമായി എമിറേറ്റ്സ് മെട്രോ സ്റ്റേഷനിലാണ് ഇന്നലെ ഇതിന് തുടക്കമായത്.
ഇവിടത്തെ പൊതുഗതാഗത ലൈബ്രറിയില്‍ നിന്ന് അറബിയിലും ഇംഗ്ളീഷിലുമുള്ള പുസ്തകങ്ങള്‍ മെട്രോ യാത്രക്കാര്‍ക്ക് വായ്പയായി വാങ്ങാം. യാത്രയില്‍ വായിച്ച ശേഷം ഏതെങ്കിലും മെട്രോ സ്റ്റേഷനില്‍ തിരിച്ചുനല്‍കിയാല്‍ മതി. യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വഴി യാത്രക്കിടയില്‍ വായിക്കാനായി മെട്രോ വണ്ടികളില്‍ പുസ്തകങ്ങളുടെ ബാര്‍കോഡ് സ്ഥാപിക്കുമെന്നും ആര്‍.ടി.എ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് പുസ്തകം വിതരണം ചെയ്യാന്‍ പ്രത്യേക സംഘവുമുണ്ടാകും.
ആര്‍.ടി.എയുടെ ആഭിമുഖ്യത്തില്‍ വിജ്ഞാന ചെയറും ഇന്നലെ തുടങ്ങി. ഉമ്മുല്‍ റുമൂലിലെ ആര്‍.ടി.എ ഉപഭോക്തൃ സേവന കേന്ദ്രത്തിലാണ് നോളജ് ചെയര്‍ തുടങ്ങിയത്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നിര്‍ദേശത്തോടെയും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ അംഗീകാരത്തോടെയും നടക്കുന്ന വായനാവര്‍ഷാചരണത്തിന്‍െറയും ആര്‍.ടി.എയുടെ ‘കൂടുതല്‍ വായിക്കുക’ എന്ന ഉദ്യമത്തിന്‍െറയും ഭാഗമായി തുടങ്ങിയ നോളജ് ചെയറിന്‍െറ ഉദ്ഘാടനം ആര്‍.ടി.എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായിറും മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഫൗണ്ടേഷന്‍ (എം.ബി.ആര്‍.എഫ്)എം.ഡി ജമാല്‍ ബിന്‍ ഹുവൈരിബും ചേര്‍ന്ന് നിര്‍വഹിച്ചു. ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും അടങ്ങുന്ന ചെറിയ ഗ്രന്ഥശാലയാണ് നോളജ് ചെയര്‍. വട്ടത്തിലുള്ള ഷെല്‍ഫിലാണ് പുസ്തകങ്ങള്‍ സജ്ജീകരിച്ചത്. എം.ബി.ആര്‍.എഫുമായി സഹകരിച്ച് മൂന്നിടത്തായി അഞ്ചു ഇത്തരം ഗ്രന്ഥാലയങ്ങളാണ് ആര്‍.ടി.എ തുടങ്ങുന്നത്. റാശിദിയ, അബു ഹൈല്‍ ബസ് സ്റ്റേഷനുകളിലും ഉമ്മുല്‍ റുമൂല്‍, അല്‍ബര്‍ഷ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലും മുഹൈസിനയിലെ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയിലുമാണ് ഇവ സജ്ജീകരിക്കുന്നത്. മറ്റിടങ്ങളിലേക്ക് ഏതു സമയത്തും എടുത്തുകൊണ്ടാവുന്ന വിധത്തിലാണ് ഇവയുടെ രുപകല്‍പ്പന.
‘കൂടുതല്‍ വായിക്കുക’ എന്ന ഉദ്യമത്തിന്‍െറ രണ്ടാം പതിപ്പില്‍ അഞ്ചു ചെറിയ സംരംഭങ്ങളാണ് തുടക്കം കുറിക്കുന്നതെന്ന് ആര്‍.ടി.എ അറിയിച്ചു. ഇതില്‍ എം.ബി.ആര്‍.എഫിന്‍െറ സഹകരണത്തോടെ നടത്തുന്ന രണ്ടെണ്ണത്തിനാണ് ഇന്നലെ തുടക്കമായത്. ഹത്തയിലെ സ്കൂളുകളിലും പൊതു വായനശാലകളിലും പുസ്തകം വിതരണം ചെയ്യുന്നതാണ് മൂന്നാമത്തെ ഉദ്യമം. മലയാളം ഉള്‍പ്പെടെ നാലു ഭാഷകളില്‍ കഥകളുടെ ശബ്ദരേഖ വിതരണം ചെയ്യുന്നതാണ് നാലാമത്തെ സംരംഭം. അറബ്, ഇംഗ്ളീഷ്,ഉറുദു എന്നീ ഭാഷകളിലുമുള്ള കഥപറച്ചിലുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും. ചെറുകഥാ മത്സരമാണ് നടത്താനുദ്ദേശിക്കുന്ന അഞ്ചാമത്തെ കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.