എയര്‍ ഇന്ത്യ ഷാര്‍ജയെ കൈയൊഴിയുന്നു; പ്രയാസത്തിലായി പ്രവാസികള്‍
text_fieldsഷാര്‍ജ: എയര്‍ ഇന്ത്യയുടെ ഷാര്‍ജ-കൊച്ചി സര്‍വീസിന് തിങ്കളാഴ്ച്ച വിരാമമാകുന്നു. തിങ്കളാഴ്ച്ച മുതല്‍ ദുബൈയില്‍ നിന്നാണ് എയര്‍ ഇന്ത്യ കൊച്ചിയിലേക്ക് പറക്കുകയെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു.
ഇതില്‍ ബിസിനസ് ക്ളാസുകള്‍ ഉണ്ടായിരിക്കുകയില്ല. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റെടുത്തവര്‍ അതാത് ട്രാവല്‍ എജന്‍സിയിലത്തെി ദുബൈയിലേക്ക് മാറ്റണമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. സൗജന്യമായി ടിക്കറ്റ് മാറ്റാവുന്നതാണ്. 180 പേര്‍ക്ക് ഇരിക്കാവുന്ന എ 320 വിമാനങ്ങളാണ് ദുബൈ-കൊച്ചി വ്യോമ പാതയില്‍ പറക്കുക. വിമാനത്തില്‍ ബിസിനസ് ക്ളാസില്ലാത്തത് പ്രദേശിക, രാജ്യാന്തര യാത്രക്കാര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന് ഈ രംഗത്തെ പ്രമുഖര്‍ പറഞ്ഞു. ചികിത്സക്കും ബിസിനസിനും വിനോദത്തിനുമായി നൂറുകണക്കിന് പേരാണ് ദിനംപ്രതി കേരളത്തിലേക്ക് പറക്കുന്നത്.
അതേസമയം എയര്‍ ഇന്ത്യ ഷാര്‍ജ-കൊച്ചി സര്‍വീസ് തിങ്കളാഴ്ച്ച നിറുത്തുന്നതോടെ ഷാര്‍ജ ഉള്‍പ്പെടെയുള്ള വടക്കന്‍ എമിറേറ്റിലെ യാത്രക്കാരെ കാത്തിരിക്കുന്നത് പ്രയാസകാലം. ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഗതാഗത കുരുക്കില്‍പ്പെടാതെ എത്താന്‍ വടക്കന്‍ എമിറേറ്റുകളിലെ യാത്രക്കാര്‍ക്ക് നിരവധി മാര്‍ഗങ്ങളുണ്ട്. എന്നാല്‍ ദുബൈയിലേക്കുള്ള യാത്ര അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലുള്ള പ്രവാസികള്‍ക്ക് സമയ നഷ്വും പണനഷ്ടവുമുണ്ടാക്കും. ദുബൈ, ഷാര്‍ജ പാതയിലെ ഗതാഗത കുരുക്കാണ് പ്രധാന വില്ലന്‍.
കൊച്ചിയിലേക്ക് പോകുന്ന വിമാനങ്ങളുടെ എണ്ണവും കുറയും. നിലവില്‍ എയര്‍ അറേബ്യയുടെ ദിനംപ്രതിയുള്ള രണ്ട് സര്‍വീസുകളും ജെറ്റ് എയര്‍വേസിന്‍െറ ഒന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ഒരു സര്‍വീസുമാണ് ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ളത്. എക്സ്പ്രസിന്‍െറ സേവനത്തിലെ വീഴ്ച്ചകളും സൗജന്യ ലഗേജിലെ കുറവും കാരണം പ്രവാസികള്‍ അവസാനത്തേക്കാണ് ഇത് പരീക്ഷിക്കാറുള്ളത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങലിലേക്ക് യു.എ.ഇയില്‍ നിന്നുള്ള ദൂരപരിധി ഏകദേശം തുല്യമാണെങ്കിലും കൊച്ചിയിലേക്കാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നത്. അത് കൊണ്ട് തന്നെ തെക്കേ മലബാറിലും തിരുവിതാംകൂറിലുമുള്ള യാത്രക്കാര്‍ കൊച്ചിയിലേക്കാണ് പോകാനിഷ്ടപ്പെടുന്നത്.
പോരാത്തതിന് ഇവിടെ നിന്ന് സര്‍ക്കാര്‍ എ.സി ബസുകളുടെ സേവനവും ലഭ്യമാണ്. മുന്‍കൂട്ടി ബസുകള്‍ക്ക് ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും വന്നതോടെ കൊച്ചിയിലേക്കുള്ള യാത്രക്കാരുടെ ഇഷ്ടം കൂടിയിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ ജോലിയുടെ പേരില്‍ വലിയ വിമാനങ്ങളുടെ വരവ് നിലച്ചതും യാത്രക്കാരെ കൊച്ചിയിലേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്. ദുബൈയില്‍ നിന്ന് എമിറേറ്റ്സ് ഉള്‍പ്പെടെയുള്ള നിരവധി വിമാന സര്‍വീസുകള്‍ കൊച്ചിയിലേക്ക് ലഭ്യമാണ്. എന്നാല്‍ ഷാര്‍ജയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ കുറയുന്നത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വടക്കന്‍ എമിറേറ്റുകലിലെ പ്രവാസികളുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
