പുതുവര്‍ഷത്തില്‍ കുളിരുമായി രാജ്യമെങ്ങും മഴ
text_fieldsഷാര്‍ജ/അബൂദബി/ദുബൈ: പുതുവര്‍ഷത്തെ ആദ്യ മഴ രാജ്യമെങ്ങും ആഘോഷമായി. ദുബൈയിലും അബൂദബിയിലും ഷാര്‍ജ ഉള്‍പ്പെടെയുള്ള വടക്കന്‍ എമിറേറ്റുകളിലും മഴ പെയ്തു. വടക്കന്‍ എമിറേറ്റുകളില്‍ മഴയോടൊപ്പം കാറ്റും മിന്നലും നേരിയ തോതിലുള്ള ഇടിയും ഉണ്ടായിരുന്നു. റോഡിലും റൗണ്ടബൗട്ടുകളിലും ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ചില സ്ഥലങ്ങളില്‍ ഗതാഗതം മന്ദഗതിയിലായി.
മഴയെ തുടര്‍ന്ന് ദൂരകാഴ്ച്ച മങ്ങിയത് ഗതാഗതത്തെ ബാധിച്ചു. വിമാന സര്‍വീസുകള്‍ വൈകാനും ഇത് കാരണമായി. ചിലഭാഗങ്ങളില്‍ നിന്ന് ചെറുതും വലുതുമായ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഷാര്‍ജയിലും അജ്മാനിലുമാണ് ശക്തമായ മഴ ലഭിച്ചത്. അജ്മാനിലെ റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ വേക് ബോര്‍ഡ് ഉപയോഗിച്ച് കസര്‍ത്ത് കാട്ടുന്ന സ്വദേശി യുവാവിന്‍െറ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കാറില്‍ വടം കെട്ടിയാണ് ഇയാള്‍ പലകയില്‍ കയറി നിന്ന് മഴയെ ആസ്വദ്യമാക്കിയത്.
മാസങ്ങള്‍ക്ക് ശേഷമാണ് അബൂദബിയില്‍ ശക്തമായ മഴ ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരു പോലെ സന്തോഷം പകര്‍ന്നാണ് ഞായറാഴ്ച രാവിലെ മുതല്‍ മഴ ലഭിച്ചത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ശക്തമായ കാറ്റ് ഉണ്ടായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയോടെ ബനിയാസിലും മുസഫയിലും മഴ ലഭിച്ചു. അബൂദബിയില്‍ രാവിലെ മുതല്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. ഉച്ച വരെ മഴയുണ്ടായിരുന്നു. അബൂദബിയില്‍ ഉച്ചക്ക് ശേഷം ശക്തമായ കാറ്റും അനുഭവപ്പെട്ടിട്ടുണ്ട്. മഴ മൂലം വെള്ളം പൊങ്ങുകയോ ഗതാഗതത്തിന് കാര്യമായ തടസ്സം നേരിടുകയോ ചെയ്തിട്ടില്ല. അല്‍ഐനില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ മഴ ലഭിച്ചു. മഴ പെയ്തതോടെ തണുപ്പും വര്‍ധിച്ചിട്ടുണ്ട്.
റാസല്‍ഖൈമയിലെ പ്രധാന വിനോദ മേഖലയായ ജെസ് പര്‍വ്വത നിരകളിലേക്കുള്ള യാത്ര ശക്തമായ മഴയെ തുടര്‍ന്ന് അധികൃതര്‍ താത്ക്കാലികമായി നിറുത്തി വെച്ചു.
മണ്ണിടിഞ്ഞും പാറകള്‍ വീണുമുള്ള അപകടങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ഇവിടേക്ക് സഞ്ചാരികളെ വിലക്കിയത്. ഞായറാഴ്ച്ച പുലര്‍ച്ച തുടങ്ങിയ മഴ രാത്രിയിലും തുടരുന്നത് കാരണം റോഡുകളില്‍ ശക്തമായ വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും പുലര്‍ക്കാല യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഗതാഗത വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. അപകടങ്ങള്‍ നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ശക്തമായ പൊലീസ് പരിശോധനയാണ് വിവിധ എമിറേറ്റുകളില്‍ ഏര്‍പ്പെടുത്തിയത്. വരും ദിവസങ്ങളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരിക്കും. ദൂരകാഴ്ച്ച മങ്ങാന്‍ സാധ്യത കൂടുതലാണ്. ഇത് മുഖവിലക്കെടുത്ത് അമിത വേഗതയും മറികടക്കലും യാത്രക്കാര്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ പറഞ്ഞു. ഫുജൈറയിലും ഉമ്മുല്‍ഖുവൈനിലും ശക്തമായ മഴയായിരുന്നു.
ഷാര്‍ജയിലും അജ്മാനിലും കടല്‍ പ്രക്ഷുബ്ധമാണ്. ശക്തമായ തിരമാലകളാണ് അടിക്കുന്നത്. കടല്‍ കാണാനത്തെുന്നവര്‍ ഒരുകാരണവശാലും കടലില്‍ ഇറങ്ങരുതെന്നാണ് തീരസംരക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കും മുന്നറിയിപ്പുണ്ട്. ഷാര്‍ജയിലെ വ്യവസായ മേഖലകളിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. വെള്ളം ഒഴിവാക്കാന്‍ നഗരസഭ രംഗത്തുണ്ട്. അജ്മാനിലും ഇതാണ് അവസ്ഥ. മഴയെ തുടര്‍ന്ന് നിരത്തുകളില്‍ ആള്‍ സഞ്ചാരം കുറവായിരുന്നു.
കച്ചവട കേന്ദ്രങ്ങളെ മഴ നന്നായി ബാധിച്ചു. വടക്കന്‍ എമിറേറ്റുകളിലെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്യുന്ന ശക്തമായ മഴ അണക്കെട്ടുകളിലെ ജലനിരപ്പുയര്‍ത്തിയിട്ടുണ്ട്. അണക്കെട്ടുകളിലേക്ക് പ്രവഹിക്കുന്ന തോടുകളില്‍ ശക്തമായ നീരൊഴുക്കുണ്ട്. കാര്‍ഷിക മേഖലയിലെ കിണറുകളിലും ജലനിരപ്പുയര്‍ന്നതായി ഇവിടെ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
